കൊല്ലം: ജില്ലയിലെ ചിതറയിലുള്ള 'ഗാന്ധി ഗ്രാമ'ത്തിലെ ആദ്യവീട് ഭിന്ന ശേഷിക്കാരനായ തേജസിന് നൽകാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എത്തും. തിങ്കളാഴ്ച രാവിലെ 9 മണിക്കാണ് ചടങ്ങുകൾ. ഭൂമിയും, വീടുമില്ലാത്തവർക്കും വേണ്ടി സ്വന്തം ഭൂമി ദാനം ചെയ്ത് മുൻ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് നിയാസ് ഭാരതിയാണ് വീട് നിർമ്മിച്ചു നൽകുന്നത്. ഇരുപതോളം പേർക്കാണ് ഗാന്ധിഗ്രാമത്തിൽ വീട് ഒരുക്കുന്നത്.

മൂന്നുവർഷം മുമ്പാണ് മുദാക്കൽ പഞ്ചായത്ത് ഓഫീസിൽ, അമ്മ ഉപേക്ഷിച്ചുപോയ ഭിന്നശേഷിക്കാരനായ നാലുവയസ്സുകാരനെ നിയാസ് കാണുന്നത്. അമ്മൂമ്മയാണ് അവനെ നോക്കിയിരുന്നത്. ആ കുഞ്ഞിന്റെ ചികിത്സയ്ക്കായി കിടപ്പാടം ഇവർ വിറ്റു. അപകടത്തിൽ പരിക്കേറ്റ കുട്ടിയുടെ അച്ഛൻ ബെൻസിലാലിന് ജോലിക്ക് പോകാൻ കഴിയില്ല. ഇവർക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിൽനിന്നാണ് പാവങ്ങൾക്കായി സ്വത്ത് വിതരണം ചെയ്യണമെന്ന ആശയമുണ്ടായത്. നാലുസെന്റ് ഈ കുടുംബത്തിന് ഇഷ്ടദാനമായി നൽകുകിയാണ് വീടൊരുക്കിയത്.

വർക്കല തച്ചോട് സ്വദേശി ശ്യാമിനും കുടുംബത്തിനും ഇനി ഗാന്ധി ഗ്രാമിൽ വീടൊരുങ്ങും. ഇവർക്ക് ചിതറ ഗാന്ധിഗ്രാമിൽ വീടൊക്കാനും നിയാസ് ഭാരതിയാണ് മുന്നോട്ട് വന്നത്. സ്ഥലത്തിന്റെ രേഖകളും, വീട് നിർമ്മിക്കാൻ ആദ്യ ഘട്ട സഹായവും ശിവഗിരി ശാരദാ മഠത്തിൽ വെച്ച് വിശാലനന്ദ സ്വാമി കൈമാറി. ശ്യാം കടുത്ത വൃക്ക രോഗിയും, മറ്റ് രോഗങ്ങൾ കൊണ്ട് വിഷമിക്കുന്ന ആളുമാണ്. ഭാര്യയും, രണ്ട് കുട്ടികളുമായി വാടക വീട്ടിൽ ആണ് കഴിയുന്നത്. ലോട്ടറി കച്ചവടം ചെയ്താണ് ശ്യാം ഉപജീവനം കഴിക്കുന്നത്.



ഗാന്ധിയൻ ജീവിതരീതിയിൽ ഒരു മാതൃക ഗ്രാമം സൃഷ്ടിക്കുക ആണ് നിയാസ് ഗാന്ധിഗ്രാമത്തിലൂടെ ലക്ഷ്യമിട്ടത്. ജാതി, മത, വർഗ ചിന്തകൾതീതമായി അർഹരായവരെ കണ്ടെത്താനുള്ള ശ്രമങ്ങളായിരുന്നു ആദ്യം. സർക്കാരിന്റെ ഭൂരഹിത പട്ടികയിൽനിന്നുൾപ്പെടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ആധികാരികതയ്ക്കായി നിയാസ് നേരിട്ടുപോയിക്കണ്ട് പരിശോധിച്ച് ഉറപ്പുവരുത്തി. തുടർന്നാണ് നിയാസ് സ്വന്തം ഭൂമി ഇരുപത് പേർക്കായി പകുത്ത് നൽകിയത്. ഇതിൽ മറ്റുള്ളവർക്കായി വീട് നിർമ്മിച്ചു വരികയാണ്.

അങ്കണവാടി, വായനശാല, പൊതു ആരാധനാലയം, മഴവെള്ള സംഭരണി, മാലിന്യ നിർമ്മാർജന യൂണിറ്റ്, തൊഴിൽ പരിശീലനകേന്ദ്രം, സൗരോർജ പ്ലാന്റ് എന്നിവയും ഇവിടെയൊരുങ്ങുന്നുണ്ട്്. സർക്കാരിന്റെയും സുമനസ്സുകളുടെയും സഹായത്തോടെയാണ് ഇവ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. കുളത്തിന്റെയും ഗാന്ധി മണ്ഡപത്തിന്റെയും ഇവിടേക്കുള്ള റോഡിന്റെയും പണികൾ നിയാസ് തന്നെ പൂർത്തിയാക്കി.