പത്തനാപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെ വേദിയിലിരുത്തി ആയുർവേദ ഡോക്ടർമാരുടെ സംഘടനക്കെതിരെ കെ. ബി ഗണേശ് കുമാർ എംഎ‍ൽഎ. പുര കത്തുമ്പോൾ വാഴ വെട്ടാമെന്ന് കരുതിയിറങ്ങുന്ന അലവലാതികൾ എന്നാണ് സംഘടനാ നേതാക്കളെ എംഎ‍ൽഎ വിശേഷിപ്പിച്ചത്. ഉദ്ഘാടനത്തിന് തയ്യാറായ കൊല്ലം തലവൂർ ആയുർവേദ ആശുപത്രിയുടെ കാര്യത്തിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഗണേശ് കുമാർ എംഎ‍ൽഎ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസറെ കഴിഞ്ഞ ദിവസം പരസ്യമായി ശകാരിച്ചിരുന്നു. ഈ സംഭവത്തിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ വിമർശനവും.

ഒരാഴ്ച മുൻപ് ഇതേ ആശുപത്രി എംഎൽഎ സന്ദർശിക്കുകയും വൃത്തിഹീനമായതിന് ഡോക്ടർമാരെ വിമർശിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഡോക്ടർമാരുടെ സംഘടനകളും ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിനെതിരായാണ് ഗണേശ് കുമാർ വിമർശനം ഉന്നയിച്ചത്. മാത്രമല്ല സ്വയം ചൂലെടുത്ത് തറ വൃത്തിയാക്കുകയും ചെയ്തു. കോടികൾ മുടക്കി ഇത്രയും വലിയ കെട്ടിടം നിർമ്മിച്ച ശേഷം ഇതുപോലെ വില പിടിപ്പുള്ള ഉപകരണങ്ങൾ വാങ്ങിയിട്ടാൽ പോരാ അത് വേണ്ട വിധം പരിപാലിക്കുകയും വേണമെന്ന് ഗണേശ് കുമാർ ആശുപത്രി അധികൃതരെ ശകാരിച്ചു.

കെട്ടിടം നിർമ്മിച്ച് ഉപകരണങ്ങൾ വാങ്ങിയിട്ടാൽ പോരാ അത് പരിപാലിക്കാൻ മതിയായ ജീവനക്കാരില്ല എന്നത് എംഎൽഎ മനസിലാക്കണമെന്ന് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനും കേരള ഗവൺമെന്റ് ആയുർവേദ ഓഫീസേഴ്സ് ഫെഡറേഷനും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, സർക്കാറിനെ കുറ്റപ്പെടുത്തലല്ല വേണ്ടെതെന്നാണ് ഗണേശ് ചൂണ്ടിക്കാട്ടുന്നത്. മതിയായ ക്ലീനിങ് സ്റ്റാഫിനെ ലഭ്യമാക്കാൻ ആശുപത്രി അധികൃതർക്ക് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ആയുർവേദ ഡോക്ടർമാരുടെ സംഘടനകൾ രംഗത്തുവന്ന സാഹചര്യത്തിൽ വിശദീകരണവുമായി കെ.ബി.ഗണേശ്‌കുമാർ നേരത്തെ രംഗത്തുവന്നിരുന്നു. പരാമർശം ഡോക്ടർക്കെതിരെയല്ലെന്നും ആശുപത്രിയിലെ വൃത്തിയില്ലായ്മയെ ചൂണ്ടികാണിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ആ നിലപാടിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.