- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അമ്മ' ക്ലബ് ആണെന്ന ഇടേവള ബാബുവിന്റെ പരാമർശം ഞെട്ടിച്ചു; പ്രസിഡന്റ് മോഹൻലാലിന് തിരുത്താമായിരുന്നു; ക്ലബ്ബ് ആണെങ്കിൽ താൻ രാജി വയ്ക്കും; ബാബു പ്രസ്താവന പിൻവലിച്ച് മാപ്പു പറയണം; അതിജീവിത പറയുന്നതിൽ സത്യമുണ്ടെന്ന് തോന്നുന്നു; ദിലീപിന്റെ മാതൃക പിന്തുടർന്ന് വിജയ് ബാബു രാജി വയ്ക്കണമെന്നും ഗണേശ് കുമാർ
കൊല്ലം: താരസംഘടനയായ 'അമ്മ'യുടെ യോഗത്തിന് ശേഷം സെക്രട്ടറി ഇടവള ബാബു നടത്തിയ പരാമർശങ്ങൾക്കെതിരെ കെ ബി ഗണേശ് കുമാർ രംഗത്തെത്തി. 'അമ്മ' ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പ്രസ്താവനയാണ് എംഎൽഎയെ ചൊടിപ്പിച്ചത്. ഇടവേള ബാബുവിന്റെ പരാമർശം ഞെട്ടലുണ്ടാക്കിയെന്ന് ഗണേശ് കുമാർ പറഞ്ഞു. ചാരിറ്റബിൾ സൊസൈറ്റി എന്ന നിലയിലാണ് സംഘടനയെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ വ്യത്യാസമുണ്ടെങ്കിൽ മോഹൻലാൽ അക്കാര്യം വ്യക്തമാക്കട്ടെ എന്നും കെ.ബി.ഗണേശ് കുമാർ പറഞ്ഞു.
അമ്മ ക്ലബ്ബ് എന്ന തരത്തിൽ നടത്തിയ പ്രസ്താവന പിൻവലിച്ച് ഇടവേള ബാബു മാപ്പ് പറയണമെന്നും ഗണേശ് ആവശ്യപ്പെട്ടു. അമ്മ ക്ലബ്ബ് ആണെങ്കിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും സംഘടനയിൽ നിന്ന് രാജി വയ്ക്കുമെന്നും ഗണേശ് കുമാർ പറഞ്ഞു. മറ്റ് ക്ലബ്ബുകളിൽ ചീട്ടുകളിയും, ബാറും ഒക്കെ ആണ്. അതുപോലെയാണോ 'അമ്മ' എന്നും ഗണേശ് ചോദിച്ചു. ക്ലബ്ബ് പരാമർശത്തിൽ മേഹൻലാലിന് കത്തെഴുതും.നടൻ ഷമ്മി തിലകനെതിരേയുള്ള നടപടിയിലും ഗണേശ് കുമാർ പ്രതിഷേധിച്ചു.
വിജയ് ബാബുവിനെതിരെ അതിജീവിത പറയുന്ന കാര്യം 'അമ്മ' ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ മറുപടി നൽകണം. വിഷയത്തെ ആദ്യം നിസ്സാരവൽക്കരിച്ചു. എന്നാൽ കുട്ടി പറയുന്നതിൽ സത്യമുണ്ടെന്ന് ഇപ്പോൾ തോന്നുന്നുവെന്നും കെ.ബി.ഗണേശ്കുമാർ പറഞ്ഞു. ദിലീപിന്റെ മാതൃക പിന്തുടർന്ന് വിജയ് ബാബു രാജി വയ്ക്കണം. ആരോപണവിധേയൻ ഗൾഫിലേക്ക് കടന്നപ്പോൾ ഇടവേള ബാബു ഒപ്പം ഉണ്ടായിരുന്നു എന്ന ഒരു ആരോപണം ഉണ്ടെന്നും ഗണേശ് പറഞ്ഞു. ഹൈക്കാടതിയിൽ നൽകിയ സത്യവാങ്മൂലത്തിനപ്പുറം സമിതി എന്തിന് രൂപീകരിച്ചുവെന്നതിന് ജനറൽ സെക്രട്ടറി മറുപടി പറയണമെന്നും മാലാ പാർവതിയും ശ്വേതാ മേനോനും എന്തിന് രാജി വച്ചു എന്നും ഗണേശ്കുമാർ ചോദിച്ചു.
കഴിഞ്ഞ ദിവസം ജനറൽ ബോഡി തീരുമാനങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് ജനറൽ സെക്രട്ടറി ഇടവേള ബാബു 'അമ്മ' ക്ലബ് ആണെന്ന് വ്യക്തമാക്കിയത്. വിജയ് ബാബുവിനെ പുറത്താക്കത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മറുപടി. വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അംഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചു.
അതേസമയം, യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു അറസ്റ്റിൽ. എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇദ്ദേഹത്തെ തെളിവെടുപ്പിന് കൊണ്ടുപോകും. ഇതിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കും.
നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വൈകുന്നേരം ആറു മണിവരെയായിരിക്കും ചോദ്യം ചെയ്യൽ തുടരുക.
മറുനാടന് മലയാളി ബ്യൂറോ