ചണ്ഡിഗഢ്: കൂട്ടമാനഭംഗത്തിനിരയായ സ്‌കൂൾ വിദ്യാർത്ഥിനി രക്തം വാർന്നു മരിച്ചു. പഞ്ചാബിലാണ് നടുക്കുന്ന ഈ സംഭവം അരങ്ങേറിയത്. ദുരഭിമാനം മൂലം കുട്ടിയെ ചികിത്സയ്ക്ക് വിധേയമാക്കാതെ കുടുംബം മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു. ഫസിൽകയിൽ ഈ മാസം 25നാണ് 17കാരിയെ മൂന്നു യുവാക്കൾ മാനഭംഗപ്പെടുത്തിയത്. മൂന്നു ദിവസത്തോളം വീട്ടിൽ അവശനിലയിൽ കഴിഞ്ഞ പെൺകുട്ടി ഞായറാഴ്ച മരണത്തിന് കീഴടങ്ങി.

സംഭവം വീട്ടുകാർ പൊലീസിനെ അറിയിക്കുകയോ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറാകുകയോ ചെയ്തില്ലെന്ന് പൊലീസ് പറയുന്നു. വീട്ടിൽ ചികിത്സ നൽകുകയാണ് ചെയ്തത്. അമിതമായ രക്തസ്രാവം നേരിട്ട പെൺകുട്ടി പതിയെ മരണത്തിന് കീഴടങ്ങൂകയായിരുന്നു. മകൾ മാനഭംഗത്തിനിരയായി എന്ന് പുറത്തറിഞ്ഞാൽ സമൂഹത്തിൽ നേരിടുന്ന അപമാനം ഭയന്നാണ് കുടുംബം ഇത്തരമൊരു തീരുമാനമെടുത്തത്.

നാട്ടിലെ ഒരു സർക്കാർ സ്‌കൂളിൽ പതിനാന്നൊം ക്ലാസ് വിദ്യാർത്ഥിനയായിരുന്നു പെൺകുട്ടി. സ്‌കൂളിലേക്ക് പോകുന്നവഴിയാണ് ഇവളെ യുവാക്കൾ തട്ടിക്കൊണ്ടുപോയത്. കൂട്ടമാനഭംഗത്തിനു ശേഷം അവളെ ഒരു കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാർ പറഞ്ഞ് വിവരം അറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്ന് ജലാലാബാദ് ഡി.എസ്‌പി അമർജിത് സിങ് പറഞ്ഞു.

പ്രതികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അവരിൽ ഒരാൾ പെൺകുട്ടിയുടെ സഹപാഠിയാണെന്ന് കുട്ടിയുടെ അമ്മ പറയുന്നു. എന്നാൽ ഇയാൾ പ്രായപൂർത്തിയാകാത്ത വ്യക്തിയായതിനാൽ വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. മറ്റുള്ളവർ പ്രായപൂർത്തിയായവരാണ്. ഇവർ ഇയാളുടെ സുഹൃത്തുക്കളാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല എല്ലാവരും ഒളിവിലാണ്. പ്രതികൾക്കെതിരെ കൂട്ടമാനഭംഗം, കൊലപാതകം, പോക്സോ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തതായും പൊലീസ് അറിയിച്ചു.