കൊൽക്കത്ത: ആരാധകരെ ത്രില്ലടിപ്പിക്കുന്ന സസ്‌പെൻസ് ട്വീറ്റുമായി ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി. ഇതോടെ, ഗാംഗുലി രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പരന്നു. '1992 ൽ ക്രിക്കറ്റിനൊപ്പം യാത്ര തുടങ്ങിയ ശേഷം മുപ്പതാമത്തെ വർഷമാണ് 2022. ക്രിക്കറ്റ് എനിക്ക് ഒരുപാട് നേട്ടങ്ങൾ തന്നു. ഏറ്റവും സുപ്രധാനമായി നിങ്ങളുടെയെല്ലാം പിന്തുണ എനിക്ക് കിട്ടി. ഞാൻ ഇവിടെയെത്താൻ, ഈ യാത്രയിൽ എന്നെ പിന്തുണയ്ക്കുകയും, സഹായിക്കുകയും ചെയ്ത ഓരോരുത്തർക്കും നന്ദി പറയുന്നു. ധാരാളം പേരെ ഒരുപക്ഷേ സഹായിച്ചേക്കാവുന്ന ഒരും സംരംഭത്തിന് തുടക്കമിടാൻ ഇന്ന് ഞാൻ ആലോചിക്കുകയാണ്. എന്റെ ജീവിതത്തിലെ ഈ അദ്ധ്യായത്തിൽ പ്രവേശിക്കുമ്പോൾ, നിങ്ങളുടെ പിന്തുണ തുടർന്നും ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'- ഗാംഗുലിയുടെ ട്വീറ്റ് ഇങ്ങനെ.

ബിസിസിഐ അദ്ധ്യക്ഷ സ്ഥാനം രാജി വച്ച് ഗാംഗുലി രാഷ്ട്രീയത്തിൽ ചേരുമെന്നാണ് ബംഗാളിലെ സംസാരം. കൊൽക്കത്തയിലെ തന്റെ വസതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വിരുന്ന് നൽകി ദിവസങ്ങൾക്കകമാണ് ഗംംഗുലിയുടെ ട്വീറ്റ് എന്നതും ശ്രദ്ധേയമാണ്. ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് ഗാംഗുലി പറഞ്ഞത് ഇങ്ങനെ: : എനിക്ക് അദ്ദേഹത്തെ 2008 മുതലറിയാം.ഞാൻ അദ്ദേഹത്തിന്റെ മകനൊപ്പമാണ് ജോലി ചെയ്യുന്നത്. അദ്ദേഹം എന്റെ വസതിയിലേക്ക് വിരുന്നിനായി വരുന്നു'.

അതിനിടെ, സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് പദവി രാജിവെച്ചതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ അദ്ദേഹം സ്ഥാനം രാജിവെച്ചിട്ടില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.

ഗാംഗുലിയുടെ ഭാര്യ ഡോണാ ഗാംഗുലിയെ രാജ്യസഭയിലെത്തിക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങിയതായി മുമ്പ് റിപ്പോർട്ടുണ്ടായിരുന്നു. ബംഗാളിൽ നിന്ന് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത നടി രൂപ ഗാംഗുലി, മാധ്യമപ്രവർത്തകൻ സ്വപൻ ദാസ്ഗുപ്ത എന്നിവരുടെ കാലാവധി അവസാനിക്കാനിരിക്കെയയായിരുന്നു റിപ്പോർട്ട്. രാഷ്ട്രപതിയുടെ നോമിനിയായി ഡോണയെ രാജ്യസഭയിലെത്തിക്കാനാണ് നീക്കം.

കഴിഞ്ഞ മാസം ആറിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സൗരവ് ഗാംഗുലിയുടെ വസതിയിൽ വിരുന്നിനെത്തിയിരുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ച ചെയ്തതായി സൂചനയുണ്ടായിരുന്നു. സ്വപൻദാസ് ഗുപ്ത, ബിജെപി സംസ്ഥാന പ്രസിഡന്റ് സുഗന്ധ മജുംദാർ, പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി എന്നിവരോടൊപ്പമാണ് അമിത് ഷാ ഗാംഗുലിയുടെ വസതിയിലെത്തിയത്. പ്രശസ്ത ഒഡീസി നർത്തകിയായ ഡോണ ഗാംഗുലി ആറിന് വിക്ടോറിയ മെമോറിയലിൽ നൃത്തം അവതരിപ്പിച്ചപ്പോൾ കാഴ്ചക്കാരനായും അമിത് ഷാ എത്തിയിരുന്നു.

ഗാംഗുലിക്ക് രാഷ്ട്രീയത്തിൽ നന്നായി പ്രവർത്തിക്കാനാകുമെന്നും ജനങ്ങളുടെ ക്ഷേമത്തിനായി നന്നായി പ്രവർത്തിക്കാൻ ഗാംഗുലിക്ക് സാധിക്കുമെന്നും ഗാഗുലിയുടെ ഭാര്യ ഡോണ അമിത് ഷായുടെ സന്ദർശനത്തോട് അനുബന്ധിച്ച് പ്രതികരിച്ചിരുന്നു. സന്ദർശനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെല്ലാം ജനങ്ങളുടെ ഊഹമാണെന്നും എന്തങ്കിലും സംഭവിച്ചിൽ അത് എല്ലാവരും അറിയുമെന്നും അവർ വ്യക്തമാക്കിയിരുന്നു.

ബിജെപി കേന്ദ്ര നേതൃത്വവുമായും, തൃണമൂൽ നേതാവും മുഖ്യമന്ത്രി മമതാ ബാനർജിയുമായും സിപിഐ എം സംസ്ഥാന നേതാക്കളുമായും അടുത്ത ബന്ധമുള്ള ഗാംഗുലിയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് നിരവധി വാർത്തകൾ നേരത്തേ വന്നിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗാംഗുലി ബിജെപിക്കായി പ്രചരണത്തിനിറങ്ങുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ ഗാംഗുലി തന്റെ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട ചർച്ചകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ബംഗാളിൽ ഏറ്റവും ജനപ്രീതിയുള്ള കളിക്കാരനാണ് ഗാഗുലി.