കാസർകോട്: മദ്യത്തിന് നിയന്ത്രണമെത്തിയതോടെ കഞ്ചാവ് കച്ചവടം കേരളത്തിൽ പൊടി പൊടിക്കുന്നു. ബാറുകൾക്ക് നിയന്ത്രണം വന്നതോടെ മദ്യം കിട്ടാതെയായി. ഈ സാഹചര്യം കഞ്ചാവ് ലോബികൾ പരമാവധി ഉപയോഗിക്കുകയാണ്. ആറ്് കിലോഗ്രാം കഞ്ചാവുമായി എം.ബി.എ.ക്കാരനടക്കം രണ്ടുപേരെ നാർകോട്ടിക് സെൽ ഡിവൈ.എസ്‌പി. സിനി ഡെന്നീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങലാണ് പൊലീസിന് ലഭിച്ചത്. കൊട്ടാരക്കര ആലംമൂട്ടിൽ ഷെബിൻ ഷാ(23), ഉദുമ അരമങ്ങാനം ബാരയിലെ അഹമ്മദ്(ആമു-32) എന്നിവരാണ് രണ്ട് കാറുകളുമായി അറസ്റ്റിലായത്. ഷെബിൻ ഷാ എം.ബി.എ.ബിരുദധാരിയാണെന്ന് പൊലീസ് പറഞ്ഞു.

ആക്രിക്കട നടത്തിയും മണൽ കടത്തിയും കഴിയുന്നതിനിടയിലാണ് ഉദുമ അരമങ്ങാനം ബാരയിലെ അഹമ്മദ് എന്ന ആമു കഞ്ചാവിന്റെ മൊത്തവ്യാപാരത്തിലേക്ക് എത്തിയത്. കഞ്ചാവിന്റെ കച്ചവടത്തിലേക്ക് ആമു കാലെടുത്തുവെച്ചിട്ട് രണ്ട് വർഷത്തോളമായെന്ന് പൊലീസ് പറഞ്ഞു. മദ്യത്തിന്റെ ലഭ്യതക്കുറവ് സാധ്യതകൾ ഇരട്ടിപ്പിച്ചു. ചട്ടഞ്ചാൽ, പൊയിനാച്ചി, മാങ്ങാട് എന്നിവിടങ്ങളിലെ കോളനികൾ കേന്ദ്രീകരിച്ചാണ് ആമു കഞ്ചാവ് ചില്ലറയായി വിൽപ്പന നടത്തിയിരുന്നത്. കഞ്ചാവ് ചെറു പൊതികളാക്കിയും ബീഡികളാക്കിയുമാണ് വിറ്റിരുന്നത്. മാങ്ങാട് കോഴിക്കട കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് വിൽപ്പനയ്ക്ക് ആമുവിന്റെ പിന്തുണയുണ്ടായിരുന്നു.

കോളേജ്, സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലും ഇതര സംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് എത്തിക്കുന്നതിൽ ആമുവും കണ്ണിയാണ്. ഈ സൂചനകളാണ് കഴിഞ്ഞ ദിവസത്തെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത്. പ്രതികൾക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന കൊല്ലം കൊട്ടാരക്കര നെടുവത്തൂർ രാഹുൽ, കൊല്ലത്തെ മറ്റൊരു രാഹുൽ, ചട്ടഞ്ചാലിലെ റഫീഖ് എന്നിവർ ഓടിരക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. കാറിന്റെ സീറ്റിനിടയിൽ മൂന്ന് പാക്കറ്റുകളിലായി തിരുകിയ നിലയിലാണ് കഞ്ചാവ് ഉണ്ടായിരുന്നത്. കെ.എൽ.24 ബി.2152, കെ.എൽ.60 ബി.8536 നമ്പർ കാറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കമ്പം തേനിയിൽ നിന്ന് കഞ്ചാവ് കടത്തുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണ് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആദൂർ ഇൻസ്പെക്ടർ സിബി തോമസിനൊപ്പം നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് പ്രതികൾ പടിയിലായത്.

കാസർകോട് ഉദുമയിൽ നേരത്തേ ജോലി ചെയ്തിരുന്ന നെടുവത്തൂർ രാഹുലാണ് പ്രതികൾക്ക് കഞ്ചാവ് സംഘടിപ്പിച്ച് കൊടുത്തത്. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ് രാഹുൽ എന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ആദൂർ ആലന്തടുക്കയിൽ വെച്ച് അഹമ്മദിനെ നാല് കിലോ കഞ്ചാവുമായി പൊലീസ് പിടിച്ചത്. അഹമ്മദിനൊപ്പമുണ്ടായിരുന്ന ഒരാൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. അഹമ്മദിനെ ചോദ്യം ചെയ്തപ്പോൾ പിറകെ രണ്ട് കിലോ കഞ്ചാവുമായി മറ്റൊരു കാർ വരുന്നതായി വിവരം ലഭിച്ചു. ആദൂർ പാലത്തിൽ വാഹനം കുറുകെ നിർത്തിയാണ് പൊലീസ് രണ്ടാമത്തെ കാർ നിർത്തിയത്. ഷെബിൻ പിടിയിലായെങ്കിലും അതിലുണ്ടായിരുന്ന മറ്റ് രണ്ടുപേർ രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പ്രതികളെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ആദൂർ പ്രിൻസിപ്പൽ എസ്.ഐ. കെ.കെ.പ്രശോഭ്, എസ്.ഐ.ഫിലിപ്പ് തോമസ്, എഎസ്ഐമാരായ കെ.നാരായണൻ നായർ, സി.കെ.ബാലകൃഷ്ണൻ, കെ.ജനാർദനൻ, സിവിൽ പൊലീസ് ഓഫീസർമാരായ കെ.അബൂബക്കർ കല്ലായി, കെ.മധുസൂദനൻ, ശിവകുമാർ, സൈബർ സെല്ലിലെ കെ.ശ്രീജിത്ത്, അജേഷ് ജോൺ, ഡ്രൈവർ കൃഷ്ണൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.