കൊല്ലം: പുതുവൽസര ആഘോഷത്തിനായി തെക്കൻ ജില്ലകളിലേക്ക് വൻതോതിൽ നിരോധിത ലഹരി വസ്തുക്കൾ കടത്തുന്നുവെന്ന് റിപ്പോർട്ട്. തമിഴ്‌നാട്ടിൽ നിന്നു വൻതോതിൽ കഞ്ചാവ് കുണ്ടറയിൽ എത്തിച്ച് വിൽപന നടത്തുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്‌സൈസും പൊലീസും പരിശോധന കർശനമാക്കി.

ലഹരി കടത്തിയതിന് നാലു കേസുകളിലായി എട്ടു പേരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇരുപത് കിലോയിലധികം കഞ്ചാവും ഇവരിൽ നിന്നും പിടിച്ചെടുത്തു. ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ മുളവന സ്വദേശി രതീഷിനെ പിടികൂടി. ഇയാളുടെ വീട്ടിൽ നിന്നു മൂന്നു കിലോ കഞ്ചാവ് പിടിച്ചെടുത്തു. സഹായി മണികണ്ഠനെയും അറസ്റ്റു ചെയ്തു.

എം.സി റോഡിൽ ചടയമംഗലത്ത് വാഹന പരിശോധനയ്ക്കിടെയാണ് തിരുവനന്തപുരത്ത് നിന്നുള്ള രണ്ടു യുവാക്കൾ പിടിയിലായത്. തൈക്കാട് സ്വദേശി അഖിൽ ഉദയ്, മണക്കാട് നിന്നുള്ള അജിക്കുട്ടൻ എന്നിവരാണ് അറസ്റ്റിലായത്. ഒന്നര കിലോ കഞ്ചാവുമായി തെന്മല സ്വദേശി വിഷ്ണുവും പിടിയിലായി. ഇയാൾ ഒട്ടേറെ കേസിൽ പ്രതിയാണ്.

എക്‌സൈസിന്റെ പ്രത്യേക സംഘം മയ്യനാട് നടത്തിയ തിരച്ചിലിൽ മൂന്നു കിലോ കഞ്ചാവ് കണ്ടെത്തി. മൂന്നു പേരെ അറസ്റ്റു ചെയ്തു. വരും ദിവസങ്ങളിൽ ശക്തമായ പരിശോധന തുടരാനാണ് പൊലീസിന്റെയും എക്‌സൈസിന്റെയും തീരുമാനം.