ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകയും ഗൗരി ലങ്കേഷ് പത്രിക എഡിറ്ററുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസിൽ സഹോദരൻ ഇന്ദ്രജിത്ത് ലങ്കേഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ബിജെപി അനുകൂലിയായ ഇന്ദ്രജിത്ത് ഗൗരിയെ കൊന്നത് മാവോയിസ്റ്റുകളാണെന്ന് മരിച്ച് നാല് ദിവസം പിന്നിട്ടപ്പോൾ തന്നെ പറഞ്ഞിരുന്നു. ഗൗരിയുടെ സഹോദരനും തമ്മിൽ കഴിഞ്ഞ 17 വർഷമായി അത്ര സുഖകരമായ ബന്ധമല്ല ഉണ്ടായിരുന്നത്. ഇരുവരും തമ്മിൽ സ്വത്ത് സംബന്ധിച്ച തർക്കം നിലനിന്നിരുന്നു. ഇത് മനസ്സിലായതോടെയാണ് ഇന്ദ്രജിത്തിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്. അതേസമയം ഗൗരി മരിച്ച് നാലാം ദിവസം തന്നെ മാവോയിസ്റ്റുകളാണ് കൊല്ക്ക് പിന്നിലെന്ന് ആരോപിച്ച് രംഗത്തെത്തിയ ഇന്ദ്രജിത്ത് റിപ്പബ്ലിക്കൻ ചാനലിലൂടെ അന്വേഷണത്തിന്റെ ഗതി മാറ്റിവിടാനും ആദ്യം ശ്രമിച്ചിരുന്നു. ഇതും അന്വേഷണ സംഘത്തെ കുഴപ്പിച്ചിരുന്നു.

സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരൻ തോക്ക് ചൂണ്ട് ഭീഷണിപ്പെടുത്തിയെന്ന കാണിച്ച് 2006-ൽ ഗൗരി പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയും കണക്കിലെടുത്തപ്പോൾ ഇന്ദ്രജിത്തിലേക്കും പൊലീസിന്റെ സംശയം നീളുകയായിരുന്നു. അതേസമയം ഇന്ദ്രജിത്ത് അന്വേഷണ സംഘവുമായി സഹകരിക്കാൻ തയാറായില്ലെന്നാണ് റിപ്പോർട്ടുകൾ.

പിതാവ് പി. ലങ്കേഷിന്റെ മരണത്തെത്തുടർന്ന് 'ലങ്കേഷ് പത്രിക'യുടെ ഉടമസ്ഥാവകാശം സംബന്ധിച്ചാണു സഹോദരങ്ങൾക്കിടയിൽ തർക്കം ഉടലെടുത്തത്. അതേസമയം, തോക്കിനു ലൈസൻസ് ഇല്ലെന്ന് ഇന്ദ്രജിത്ത് പൊലീസിനോടു സമ്മതിച്ചതായാണു വിവരം. അതിനിടെ, കുടുംബത്തിനുനേർക്കുള്ള ഭീഷണി അവസാനിക്കാത്ത സാഹചര്യത്തിൽ രാജരാജേശ്വരി നഗറിലെ വീട്ടിലേക്കുള്ള പതിവു വഴി മാറി സഞ്ചരിക്കാൻ പൊലീസ് ലങ്കേഷ് കുടുംബാംഗങ്ങളോടു നിർദ്ദേശിച്ചു.

ഗൗരി ലങ്കേഷിനെ വധിക്കാൻ ഉപയോഗിച്ച തോക്കിന്റെ ഉറവിടമാണു പ്രത്യേക അന്വേഷണ സംഘം ഇപ്പോൾ അന്വേഷിക്കുന്നത്. വീട്ടിൽനിന്നും നഗരത്തിലെ ടോൾ ബൂത്തുകളിൽനിന്നുമുള്ള സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിക്കുന്നുണ്ട്. ബൈക്കിലെത്തിയ അക്രമിസംഘം ഗൗരിയെ കൊലപ്പെടുത്തുന്നതിനുമുൻപു വീടിനു പരിസരത്തെത്തി സാഹചര്യങ്ങൾ വീക്ഷിച്ചിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സെപ്റ്റംബർ അഞ്ചിനു രാത്രിയാണ് വീട്ടിനു പുറത്ത് അക്രമികളുടെ വെടിയേറ്റു ഗൗരി കൊല്ലപ്പെടുന്നത്.

ഗൗരി ലങ്കേഷിന്റെ കൊലപാതകം നടന്ന് നാലുദിവസമായപ്പോൾ തന്നെ ആരോപണമുന ദിശ മാറ്റിവിടാനുള്ള നീക്കങ്ങളും ഇന്ദ്രജിത്തിന്റെ നേതൃത്വത്തിൽ സജീവമായിരുന്നു. ഹിന്ദുത്വ വിരുദ്ധ ആശയഗതി പിന്തുടർന്നിരുന്ന ഗൗരി ലങ്കേഷിന്റെ കൊലയ്ക്ക് പിന്നിലെ ശക്തികളെ കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനാണ് ശ്രമമെന്ന് അന്നേ ആരോപണം ഉയർന്നിരുന്നു. അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനൽ അടക്കമുള്ള സംഘപരിവാർ അനുകൂല മാധ്യമങ്ങളെ മുൻനിർത്തിയാണ് അന്വേഷണത്തെ സ്വാധീനിക്കാനുള്ള നീക്കം നടന്നത്.

ഗൗരി ലങ്കേഷിന്റെ ബിജെപി അനുഭാവിയായ സഹോദരൻ ഇന്ദ്രജിത്തിനെ മറയാക്കിയാണ് ആരോപണം തിരിച്ചുവിടാനുള്ള നീക്കം നടക്കുന്നത്.മാവോയിസ്റ്റുകൾക്കെതിരെ ആരോപണമുന്നയിച്ച് രക്ഷനേടാൻ ആദ്യം മുതലേ ശ്രമം തുടങ്ങി. ഗൗരിക്ക് മാവോയിസ്റ്റുകളിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നുവെന്ന ഇന്ദ്രജിത്തിന്റെ വെളിപ്പെടുത്തൽ ഇതിന്റെ ഭാഗമാണെന്നാണ് സംശയം ഉയരുന്നത്. കഴിഞ്ഞ ജൂലൈ ആറിന് ഇന്ദ്രജിത്ത് ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചിരുന്നു. നരേന്ദ്ര മോദിയുടെയും, ബിജെപിയുടെയും നേതൃത്വമാണ് തന്നെ പാർട്ടിയിൽ സജീവമാക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. ബിജെപി-സംഘപരിവാർ ആശയങ്ങളോടുള്ള തന്റെ ആഭിമുഖ്യം അദ്ദേഹം ഒരിക്കലും മറച്ചുപിടിച്ചിരുന്നുമില്ല.

കഴിഞ്ഞ ദിവസം നടന്ന ചാനൽ ചർച്ചകളിൽ ഇന്ദ്രജിത്തിന്റെ ബിജെപി ബന്ധം മറച്ചുപിടിച്ചാണ് പലരും അദ്ദേഹത്തെ അവതരിപ്പിച്ചത്. ബിജെപി അനുകൂലിയായ ഇന്ദ്രജിത്ത് എന്ന് ആർണാബ് ഗോസ്വാമി ഒരുഘട്ടത്തിൽ വിശേഷിപ്പിച്ചെങ്കിലും ഇന്ദ്രജിത്ത് അത് തിരുത്തി. ബിജെപിയിൽ ചേരാനുള്ള തന്റെ പ്രഖ്യാപനം മറച്ചുവച്ചാണ് അദ്ദേഹം മാവോയിസ്റ്റുകളാണ് ഗൗരിയുടെ കൊലയ്ക്ക് പിന്നിലെന്ന ആരോപണം ഉന്നയിച്ചത്. മാവോയിസ്റ്റുകളെ മുഖ്യധാരയിലെത്തിക്കാൻ ശ്രമിച്ചതു വഴി ഒരുവിഭാഗം മാവോയിസ്റ്റുകളുടെ ശത്രുത ഗൗരി പിടിച്ചുപറ്റിയെന്നും അതാണ് കൊലയ്ക്ക് പിന്നിലെന്നും സമർഥിക്കാനാണ് ഇന്ദ്രജിത്ത് ശ്രമിച്ചത്. എക്കാലവും ഹിന്ദുത്വ വിരുദ്ധ, വർഗീയ-ഫാസിസ്റ്റ് വിരുദ്ധ ആശയങ്ങൾ പിന്തുടർന്നിരുന്ന വ്യക്തിയായിരുന്നു ഗൗരിയെന്ന കാര്യത്തിൽ ഊന്നാൻ ഒരു ഘട്ടത്തിലും ഇന്ദ്രജിത്ത് ശ്രമിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

എന്നാൽ ഗൗരിയുടെ സഹോദരി കവിത ലങ്കേഷ് ഇന്ദ്രജിത്തിന്റെ അഭിപ്രായത്തോട് വിയോജിക്കുകയാണ്. നക്സലൈറ്റുകൾക്ക് ഗൗരിയുടെ കൊലയിൽ പങ്കുണ്ടെന്ന ആരോപണം അവർ തള്ളിക്കളഞ്ഞു.ഗൗരി ലങ്കേഷിന്റെ ജീവിതത്തെ കുറിച്ച് ഇന്ദ്രജിത്തിന് ഏറെയൊന്നും അറിവില്ലെന്നും കവിത തുറന്നടിച്ചു.തങ്ങൾ തമ്മിൽ ഭിന്നതയില്ലെന്ന് കാട്ടാൻ കവിതയും, ഇന്ദ്രജിത്തും സംയുക്ത വാർത്താസമ്മേളനം നടത്തിയെങ്കിലും, ഇരുവരുടെയും ചിന്താഗതികളിലെ വ്യത്യസ്തത പ്രകടമായിരുന്നു.