തിരുവനന്തപുരം: എവിടെ പോയാലും ദിയയ്ക്ക് ആരാധകരാണ്. ഈയടുത്ത സമയം ഒരു സ്‌കൂളിലെ ചടങ്ങിൽ പോയപ്പോഴും ദിയയെക്കുറിച്ചുള്ള അഭിനന്ദനങ്ങൾ കേട്ട് ഗൗരികൃഷ്ണയുടെ മനസ് നിറഞ്ഞു. അമ്മ സീരിയലിലെ ദിയ എന്ന തന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഇത്ര കണ്ട് സ്‌നേഹിക്കുന്നു എന്ന് കാണുമ്പോൾ ഗൗരി കൃഷ്ണയ്ക്ക് സന്തോഷം അടക്കാനാവുന്നില്ല. പക്ഷേ താൻ ദിയയെപോലെ അത്ര പാവമൊന്നും അല്ലെന്നാണ് ഗൗരി പറയുന്നത്. ദിയ വളരെ പാവം പിടിച്ചൊരു പെൺകുട്ടിയാണ്. പക്ഷേ എന്റെത് നേരെ എതിർ സ്വഭാവമാണ്. വളരെ ബോൾഡാണ് ഞാൻ, ഗൗരി പറയുന്നു.

ഇത്രയും പാവം പിടിച്ചൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു. പിന്നെ പതിയെ കഥാപാത്രത്തെ ഇഷ്ടപ്പെടാൻ തുടങ്ങി. എന്റെ സുഹൃത്തുക്കൾ ഒക്കെ ആദ്യം ചോദിക്കാറുണ്ടായിരുന്നു നിനക്കെങ്ങനെ ഇത്ര പാവമായി അഭിനയിക്കാൻ പറ്റുന്നു എന്ന്, ഗൗരി പറയുന്നു. പ്രായമുള്ള സ്ത്രീകൾക്കും കുട്ടികൾക്കുമൊക്കെ ദിയയെ വളരെ ഇഷ്ടമാണ്.

മൂന്നാം ക്ലാസ് മുതലാണ് ഗൗരി അഭിനയ രംഗത്ത് എത്തുന്നത്. ഇടയ്ക്ക് പഠനാവശ്യത്തിനായി അഭിനയരംഗത്ത് നിന്ന് വിട്ടു നിന്നു. ഇപ്പോൾ പ്ലസ് വണിൽ പഠിക്കുന്ന ഗൗരി സുരാജ് വെഞ്ഞാറമ്മൂടിന്റെ ഗർഭശ്രീമാനിലൂടെ സിനിമയിലും അരങ്ങേറ്റം നടത്തിയിരുന്നു.