കൊച്ചി : ബാല്യം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയിലമർന്ന പെൺകുട്ടി. എന്നെങ്കിലും ഈ നരകത്തിൽനിന്നും രക്ഷപ്പെടണമെന്ന് അവൾ കൊതിച്ചിരുന്നു. ഒടുവിൽ രണ്ടും കൽപ്പിച്ച് ഒരു രാത്രിയുടെ മറവിൽ അവൾ കൂടാരം വിട്ടിറങ്ങി. ഒപ്പം ബന്ധുവായ അശോകിനെയും കൂട്ടി. ദിശതെറ്റി കണ്ണിൽകണ്ട ട്രെയിനിൽ അഭയം തേടി. ഒടുവിൽ അർദ്ധരാത്രിയിൽ ആലുവയിൽ റെയിൽവേ സ്‌റ്റേഷനിൽ വന്നുപെട്ടു.

ഇന്നലെ സർക്കാർ പുറത്തിറക്കിയ എസ് എസ് എൽ സി പരീക്ഷാഫലത്തിൽ രണ്ടു വിഷയത്തിൽ എ പ്ലസും ബാക്കി വിഷയങ്ങളിൽ എയും നേടിയ ആലുവ ജനസേവാ ശിശുഭവനിലെ അന്തേവാസിയായ ഗായത്രിയുടെ ജീവിത കഥ ഇങ്ങനെ. തെരുവുസർക്കസ് സംഘത്തിന്റെ പീഡനങ്ങളിലായിരുന്നു ഗായത്രിയെന്ന 14 കാരിയുടെ ബാല്യം കഴിഞ്ഞു വന്നിരുന്നത്.

മൈസൂർ സ്വദേശിനിയായ ഗായത്രിയുടെ പിതാവ് വർഷങ്ങൾക്ക്മുമ്പ് മരണപ്പെട്ടതിനെ തുടർന്ന് രണ്ടാനച്ഛനാണ് പെൺകുട്ടിയെ സർക്കസ് സംഘത്തിൽ എത്തിച്ചത്. പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് രണ്ടാനച്ഛൻ ഗായത്രിയെ സർക്കസ് അഭ്യാസത്തിന് ഉപയോഗിച്ചിരുന്നത്. സ്‌ക്കൂളിൽപോകാനോ വിദ്യാഭ്യാസം ചെയ്യാനോ അനുവാദമുണ്ടായിരുന്നില്ല. അനുസരിച്ചില്ലെങ്കിൽ ക്രൂരമായ പീഡനത്തിന് വിധേയയാക്കും.

സർക്കസിൽനിന്ന് കിട്ടുന്ന വരുമാനം ഇവർ മദ്യത്തിനും മറ്റ് ആവശ്യങ്ങൾക്കും വിനിയോഗിക്കും. നീണ്ട അഞ്ചുവർഷം പീഡനത്തിന്റെ നെരിപ്പോടിൽ കഴിഞ്ഞിരുന്ന ഗായത്രി ഒരിക്കൽ രണ്ടു സുഹൃത്തുക്കളും ചേർന്ന് എടുത്ത തീരുമാനമാണ് ഈ വിജയത്തിളക്കത്തിന് കാരണവും. ഒരിക്കൽ രാത്രി രക്ഷിതാക്കൾ ഉറങ്ങിയ സമയത്താണ് ഗായത്രിയും ബന്ധുവായ മഞ്ജുവും അശോകും ചേർന്ന് ട്രെയിന്മാർഗ്ഗം ആലുവയിൽ വന്നിറങ്ങിയത്. ഓട്ടോ െ്രെഡവർമാരുടെ സഹായത്തോടെ നേരത്തെ കേട്ടറിഞ്ഞ ജനസേവാ ശിശുഭവനിൽ എത്തുകയും ചെയ്തു.

ആലപ്പുഴ ചേർത്തല ഭാഗത്ത് സർക്കസ് കളിക്കുന്നതിനിടെയാണ് ഗായത്രിയും കൂട്ടുകാരും സാഹസത്തിന് തുനിഞ്ഞത്. 2010 ൽ ശിശുഭവനിലെത്തിയ ഗായത്രിയെ സംഘടന മതിയായ പരിഗണന നൽകിയാണ് വളർത്തിയത്. ശിശുഭവനിലെ ജീവിതത്തിനിടയിൽ സംഘാടകർ ഗായത്രിയിലെ കായികതാരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ പരിശീലനം നൽകി. ഫുട്‌ബോളിൽ മികവ് തെളിയിച്ച ഗായത്രി പിന്നീട് ജില്ലാ ടീമിൽ ഇടം കണ്ടെത്തി. പിന്നീട് ടീമിന്റെ നായിക പദവിയിലുമെത്തി. അങ്ങനെ 2014 ൽ എറണാകുളം സബ്ബ്ജൂനിയർ ഫുട്‌ബോൾ ടീമിന്റെ ക്യാപ്റ്റനുമായി. ഗായത്രിയുടെ സ്പോർട്സ് രംഗത്തെ കഴിവുകൾ തിരിച്ചറിഞ്ഞ ചെയർമാൻ ജോസ് മാവേലി ഗായത്രിക്ക് ഫുട്‌ബോളിൽ മികച്ച പരിശീലനം കൊടുക്കാൻ തയ്യാറായി. ഇതിനായി ടെറി മരിയ എന്ന മികച്ച കോച്ചിനെതന്നെ നിയമിച്ചു. സ്പോർട്സ് രംഗത്തിനുപുറമെ കലാരംഗത്തും ഗായത്രി വളരെ സജീവമാണ്.

ഗായത്രിയടക്കം ജനസേവ ശിശുഭവനിലെ 12 കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ചു. കറുകുറ്റി സെന്റ് ജോസഫ് ഗേൾസ് സ്‌കൂളിലെ വിദ്യാർത്ഥിനികളായ ഗായത്രിയെ കൂടാതെ അതേ സ്‌കൂളിലെ നന്ദിനി, രൂപ എന്നിവരും പച്ചാളം എൽ.എം.സി.സി. ഗവ. ഹൈസ്‌ക്കൂൾ വിദ്യാർത്ഥിനികളായ അഞ്ജലി, ഈശ്വരി, മുനിയമ്മ, പാനായിക്കുളം ലിറ്റിൽ ഫ്‌ളവർ ഹൈസ്‌ക്കൂൾ വിദ്യാർത്ഥിനിയായ സലീമയും ഉൾപ്പടെ ജനസേവ ഗേൾസ് ഹോമിൽനിന്ന് ഏഴുപേരും ജനസേവ ബോയ്‌സ് ഹോമിലെ നിർമ്മൽ, രംഗനാഥൻ, അജിത്ത്പാണ്ടി, സുമേഷ്, മനോജ്കുമാർ എന്നിവരുമടക്കം ആകെ 12 പേരാണ് ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ചത്. ഇവരെല്ലാവരും തന്നെ ഭിക്ഷാടനത്തിൽനിന്നും ജനസേവാ ശിശുഭവൻ രക്ഷപെടുത്തിയ കുട്ടികളാണ്. ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലിയും പ്രസിഡന്റ് അഡ്വ. ചാർളിപോളും വിജയികളായ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു.