- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മഹിതയുടെ കയ്യിലോട്ടൊന്ന് കൊടുത്തേ... മഹിതയോട് സംസാരിക്കാനാ; ഇപ്പോ കൊടുക്കാൻ പറ്റത്തില്ല, എന്നോട് പറഞ്ഞോ; നിങ്ങളാരാ മനസിലായില്ല? ഞാനായിപ്പോ അവളെ കെട്ടിയത്': ഗായത്രിക്ക് ഫോൺ നൽകാതെ പ്രവീണിന്റെ ഒളിച്ചുകളി; യുവതിയുടെ ബന്ധുവുമായുള്ള ഫോൺ സംഭാഷണം
തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗായത്രിയെ കൊലപ്പെടുത്തിയ പ്രവീണിനോട് ബന്ധു സംസാരിക്കുന്ന ഫോൺസംഭാഷണം പുറത്ത്. ഗായത്രിക്ക് ഫോൺ കൊടുക്കില്ലെന്ന് പറയുന്ന പ്രവീൺ ഗായത്രിയെ കെട്ടിയത് താനാണെന്നും മറുപടി പറയുന്നുണ്ട്.
ഗായത്രിയെ കൊലപ്പെടുത്തിയ പ്രവീണിനോട് ബന്ധു സംസാരിക്കുന്നതാണ് പുറത്തായത്. ഗായത്രിയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ എടുത്തത് പ്രവീൺ ആണ്. നിരവധി പ്രാവശ്യം വിളിച്ചിട്ടും മകൾക്ക് പ്രവീൺ ഫോൺ നൽകിയില്ലെന്ന് ഗായത്രിയുടെ അമ്മ പറഞ്ഞിരുന്നു.
ആരാണ് എന്ന ചോദ്യത്തിന് ഗായത്രിയെ വിവാഹം കഴിച്ചയാൾ എന്നാണ് പ്രവീൺ മറുപടി നൽകുന്നത്.
ഗായത്രി കൊല്ലപ്പെട്ട ദിവസം ഏഴ് മണിക്കാണ് ബന്ധു ഗായത്രിയുടെ ഫോണിലേക്ക് വിളിക്കുന്നത്. മഹിത (ഗായത്രിയെ വീട്ടിൽ വിളിക്കന്ന പേര്) യുടെ ബന്ധു എന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് അവർ സംസാരിക്കുന്നത്. ഇവർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഫോൺ ഗായത്രിക്ക് കൈമാറാൻ പ്രവീൺ തയ്യാറാകുന്നില്ല.
ഫോൺ സംഭാഷണത്തിന്റെ പൂർണ രൂപം
ഗായത്രിയുടെ ബന്ധു: ഹലോ...
പ്രവീൺ: ആരാ ?
ബന്ധു: ഇത് മഹിതയുടെ ഫോണല്ലേ?
പ്രവീൺ: അതേ ആരാ ?
ബന്ധു: ഇത് മഹിതയുടെ ആന്റിയാണേ, വല്യാന്റിയാണെന്ന് പറയും. മഹിതയുടെ കൈയിലോട്ടൊന്ന് കൊടുക്കാമോ... ആരായിത് സംസാരിക്കുന്നത് ?
പ്രവീൺ: അവൾ എന്റെ കൂടെയുണ്ട്, എന്താണ് കാര്യം പറഞ്ഞോ ?
ബന്ധു: അല്ല മഹിതയുടെ കയ്യിലോട്ടൊന്ന് കൊടുത്തേ... മഹിതയോട് സംസാരിക്കാനാ..
പ്രവീൺ: ഇല്ല പറ്റത്തില്ല
ബന്ധു: എന്തോ...
പ്രവീൺ: ഇപ്പോ കൊടുക്കാൻ പറ്റത്തില്ല. കാര്യം പറഞ്ഞോ, എന്നോട് പറഞ്ഞോ
ബന്ധു: കൊടുക്കാൻ പറ്റത്തില്ല, കാര്യം പറഞ്ഞോളാനോ, നിങ്ങളാരാ മനസിലായില്ല...
പ്രവീൺ: ഞാനായിപ്പോ അവളെ കെട്ടിയത്.
ബന്ധു: എവിടെയുള്ളതാ, നിങ്ങളുടെ പേരെന്താ ?
പ്രവീൺ: എന്റെ പേര് പ്രവീൺ
ബന്ധു: നിങ്ങൾ എവിടാ താമസിക്കുന്നത് ?
പ്രവീൺ: ഞാൻ കൊല്ലം
ബന്ധു: കൊല്ലമോ...?
പ്രവീൺ: ആ...
ബന്ധു: നിങ്ങൾ തമ്മിൽ എങ്ങനാ പരിചയം? മഹിതയുടെ ആന്റിയാ, വേറെയൊന്നും വിചാരിക്കരുത്...
പ്രവീൺ: പത്തനംതിട്ടയല്ലേ ?
ബന്ധു: അതേ അതേ പത്തനംതിട്ടയാണ്
പ്രവീൺ: ആ എനിക്കറിയാം
ബന്ധു: ആ അറിയാമോ, നിങ്ങൾ തമ്മിലെങ്ങനാ പരിചയം ?
പ്രവീൺ: ഞങ്ങളൊരുമിച്ച് ജോലി ചെയ്തതാ
ബന്ധു: അച്ഛനും അമ്മയുമൊക്കെ ഉള്ളതാണോ കുഞ്ഞേ ?
പ്രവീൺ: ആ ഒള്ളതാ...
ബന്ധു: ഒള്ളതാണോ..
തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പ്രവീണിന്റെ മൊഴി ഇന്നലെ പുറത്ത് വന്നിരുന്നു. നഗരത്തിലെ പള്ളിയിൽ വച്ച് താലി കെട്ടിയതടക്കം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതാണു കൊലപാതകത്തിലേക്കെത്താനുണ്ടായ പ്രകോപനമെന്ന് പ്രവീൺ പറഞ്ഞു.
ഗായത്രിയെ കൊലപ്പെടുത്താൻ പ്രവീൺ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഒരുമിച്ച് മരിക്കാമെന്ന് ഗായത്രിയെ പ്രവീൺ പറഞ്ഞ് വിശ്വസിപ്പിച്ചു. എന്നാൽ ഗായത്രിയെ കഴുത്തിൽ കുരുക്കിട്ട ശേഷം മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
ഹോട്ടൽ മുറിയിൽ ഗായത്രി മരിച്ചുകിടക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായ ഇരുവരുടെയും മിന്നുകെട്ടിന്റെ ഫോട്ടോയ്ക്ക് പിന്നിലും പ്രവീൺ ആണ്. കൊലപാതകത്തിനുശേഷം യുവതിയുടെ ഫോണുമായി രക്ഷപ്പെട്ട പ്രവീൺ ഗായത്രിയുടെ സഹോദരിയുടെ ഫോണിൽ വിളിച്ച് ഗായത്രി തനിക്കൊപ്പമുണ്ടെന്ന് അറിയിച്ചതിന് പിന്നാലെയാണ് യുവതിയുടെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ പള്ളിയുടെ പശ്ചാത്തലത്തിലുള്ള വിവാഹഫോട്ടോ പോസ്റ്റുചെയ്തത്.
പ്രവീണുമായി വിവാഹം ചെയ്തതിന്റെ ഫോട്ടോ ഗായത്രി പോസ്റ്റ് ചെയ്തതാണെന്ന് വീട്ടുകാരെയും സുഹൃത്തുക്കളെയും വിശ്വസിപ്പിക്കാനായിരുന്നു ഈ തന്ത്രമെന്നാണ് കരുതുന്നത്. ഗായത്രി തനിക്കൊപ്പമുണ്ടെന്ന് അമ്മയെ അറിയിക്കുകയും ചെയ്തതോടെ വീട്ടുകാർ തെരച്ചിലിന് ഇറങ്ങില്ലെന്നായിരിക്കാം പ്രവീൺ കരുതിയത്. വീട്ടുകാർ പൊലീസിനെ സമീപിച്ചാൽ തന്നിലേക്ക് അന്വേഷണം നീളുമെന്നും പിടിക്കപ്പെടുമെന്നും കരുതി അത് ഒഴിവാക്കാനുള്ള തന്ത്രമായിട്ടാണ് ഫേസ്‌ബുക്ക് പോസ്റ്റിനെയും ഫോൺ വിളിയെയും പൊലീസ് കാണുന്നത്.
ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് താലികെട്ടുന്ന ഫോട്ടോ എഫ്.ബിയിൽ പോസ്റ്റ് ചെയ്തത്. തുടർന്ന് ആറോടെ ജയശ്രീയുടെ മൊബൈലിലേക്ക് വിളിക്കുകയായിരുന്നു.
താൻ പ്രവീൺ ആണെന്നും ഗായത്രി തനിക്കൊപ്പമുണ്ടെന്ന് അറിയിച്ചും ഭീഷണിയുടെ സ്വരത്തിലാണ് പ്രവീൺ സംസാരിച്ചത്. എന്നാൽ ഗായത്രിക്ക് ഫോൺ കൈമാറണമെന്ന അമ്മയുടെ ആവശ്യത്തിന് മറുപടി നൽകാതെ ഫോൺ സ്വിച്ച് ഓഫ് ചെയ്തതിൽ സംശയം തോന്നിയ വീട്ടുകാർ കാട്ടാക്കട പൊലീസിൽ പരാതി നൽകി. പിന്നാലെയാണ് അർദ്ധരാത്രിയോടെ മൃതദേഹം മുറിയിലുള്ളതായി പ്രവീൺ ഹോട്ടലുകാരെ അറിയിച്ചത്. കൃത്യത്തിനുശേഷം ആരിൽ നിന്നെങ്കിലും ലഭിച്ച ഉപദേശത്തിന്റെയോ വീണ്ടുവിചാരത്തിന്റെയോ ഭാഗമാകാം വിവരം പൊലീസിന് കൈമാറാനും പിന്നീട് സ്റ്റേഷനിൽ കീഴടങ്ങാനും പ്രവീണിനെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.
മറുനാടന് മലയാളി ബ്യൂറോ