തൃശൂർ: കൂട്ടുകാരുമായി അടിച്ചു പൊളിച്ചു നടക്കേണ്ട പ്രായമാണ് ഗെബിൻ മാക്‌സിയുടെതെങ്കിലും വാഹനങ്ങളല്ലാതെ മറ്റൊന്നും ഗെബിന്റെ മനസിൽ ഇല്ല. നന്നായി പഠിച്ചിരുന്ന ഗെബിൻ പ്ലസ്ടു കഴിഞ്ഞ് കൂട്ടുകാരെല്ലാം ഉന്നത പഠനത്തിനായി പലവഴി പോയപ്പോഴും വിദ്യാഭ്യാസത്തെ കുറിച്ച് ചിന്തിച്ചുമില്ല. വീട്ടുകാരുടെ നിർബന്ധത്താൽ ഐ.ഐ.ടി. പ്രവേശനത്തിന് പരിശീലനത്തിനു പോയെങ്കിലും വാഹനക്കമ്പം പഠനത്തിന് സഡൺ ബ്രേക്ക് ഇട്ടു.

കടുത്ത വാഹനക്കമ്പം ഗെബിന് സമ്മാനിച്ചത് വാഹനങ്ങളുടെ മൈലേജ് കൂട്ടാനുള്ള സാങ്കേതികവിദ്യയിൽ അമേരിക്കൻ പേറ്റന്റ് ആണ്. ഇനി വാഹനങ്ങളുടെ സാങ്കേതിക വിദ്യ അടിമുടി മാറ്റണം അതാണ് ഈ തൃശ്ശൂർക്കാരന്റെ ലക്ഷ്യം. വാഹനക്കമ്പം മൂത്തതോടെ ഗെബിന് അമേരിക്കയിൽ സ്വന്തമായി ഒരു കമ്പനി തുടങ്ങാൻ വരെ ഈ ചെറുപ്രായത്തിൽ സാധിച്ചു. അവിടെയും തീരുന്നില്ല ഗെബിന്റെ നേട്ടം. ഇപ്പോൾ ഈ 22-കാരൻ അമേരിക്കൻ ഗവേഷകരുടെ സംഘടനയായ 'ബ്ലാക്ക് ബോക്സ് നെറ്റ്‌വർക്കി'ലെ ഏറ്റവും പ്രായംകുറഞ്ഞ അംഗവുമാണ്.

ഓൺലൈൻ ടാക്സി ശൃംഖലയായ ഉബറിനു പണംമുടക്കിയവരിൽ ഒരാളായ ഡേവിഡ് കോഹന്റെ പിന്തുണയുള്ള
അയ്യന്തോൾ സിവിൽ ലെയിൻ പുലിക്കോട്ടിൽ ചിമ്മൻഹൗസിൽ ഗെബിൻ മാക്സി, ഇലക്ട്രിക്-ഇന്ധന എൻജിനുകൾ സംയോജിപ്പിച്ചാണ് മൈലേജ് കൂട്ടുന്ന സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുന്നത്. ഗെബിനും സുഹൃത്തും ചേർന്ന് അമേരിക്കയിൽ സ്ഥാപിച്ച കമ്പനി ഈ സാങ്കേതികവിദ്യ റോഡിലിറക്കാൻ ഒരുങ്ങുകയാണ്.

ഇന്ധനച്ചെലവ് 20 മുതൽ 50 ശതമാനം വരെ കുറയ്ക്കുന്നതാണ് ഗെബിന്റെ സാങ്കേതിക വിദ്യ. എൻജിൻ പുറംതള്ളുന്ന പുകയും 60 ശതമാനം കുറയും. കോംപാക്ട് എൻജിൻ ആയതിനാൽ വാഹനഭാരവും കുറയ്ക്കാം. പുതിയ സാങ്കേതികവിദ്യ വ്യാപകമായാൽ നിത്യോപയോഗ സാധനങ്ങളുടെ വിലയും പരിസ്ഥിതി മലിനീകരണവും കുറയ്ക്കാനാകുമെന്ന് ഗെബിൻ അവകാശപ്പെടുന്നു.

പതിനഞ്ചാം വയസ്സിൽ തുടങ്ങിയതാണ് വാഹനങ്ങളെ കുറിച്ചുള്ള ഗെബിന്റെ പഠനം. ചെന്നൈ വെസ്റ്റ് വിദ്യാശ്രം സ്‌കൂളിൽ പത്താംക്ളാസിൽ പഠിക്കുമ്പോഴാണ് പുതിയ സാങ്കേതികവിദ്യയിലേക്ക് മനസ്സുവെച്ചത്. പക്ഷേ 'ഇന്റഗ്രേറ്റ് ലീനിയർ പാരലൽ ഹൈബ്രിഡ് ടെക്നോളജി'യോട് ഇന്ത്യ മാത്രമല്ല, നോർത്ത് അമേരിക്ക, യൂറോപ്പ് രാജ്യങ്ങളിലെയൊക്കെ നിക്ഷേപകർ മുഖംതിരിച്ചു. കാരണം യോഗ്യത പ്ലസ്ടുമാത്രം, പ്രായം വളരെക്കുറവും.

പക്ഷേ, അതിലൊന്നും ഗെബിൻ തളർന്നില്ല. തന്റെ പരിശ്രമം ഗെബിൻ തുടർന്നു കൊണ്ടേ ഇരുന്നു. കോളറാഡോയിലെ വ്യവസായി ചേസ് ഫ്രേസറിന്റെ ഇ-മെയിൽ ഗെബിന്റെ ചിന്തകളുടെ ഗതിമാറ്റി. അദ്ദേഹത്തിന്റെ ക്ഷണമനുസരിച്ച് ഗെബിൻ കോളറാഡോയിലെ ബോൾഡറിൽ സ്റ്റാർട്ടപ്പ് സമ്മേളനത്തിൽ ബിസിനസ് വിസയിലെത്തുമ്പോൾ പ്രായം പതിനെട്ട്. ഇവിടെയാണ് ടെക്സ്റ്റാഴ്സ് എന്ന ലോകത്തെ ഒന്നാംനിര വെഞ്ച്വർ ക്യാപിറ്റൽ കമ്പനിയുടെ സ്ഥാപകൻ കൂടിയായ ഡേവിഡ് കോഹൻ ഗെബിന്റെ സാങ്കേതികവിദ്യ അംഗീകരിച്ചത്.

കംപ്യൂട്ടർ സയന്റിസ്റ്റ് ജോൺ ബോൾമാനുമായി ചേർന്ന് ഗെബിൻ 'മാഗ്ലെവ് മോട്ടോഴ്സ്' എന്ന സംരംഭം തുടങ്ങി. 'ടെക്സ്റ്റാഴ്സി'ന്റെ സാമ്പത്തിക സഹായത്തോടെ രണ്ടുവർഷത്തിനകം പേറ്റന്റും സ്വന്തമാക്കി. ചെന്നൈയിൽ താമസിക്കുന്ന ഹിന്ദുസ്ഥാൻ യൂണിലിവർ മുന്മാനേജർ മാക്സി മാത്യുവാണ് പിതാവ്. അമ്മ ആലീസ്. സഹോദരൻ മാത്യു മാക്സി സുലേഖ.