കോഴിക്കോട്: ആൺകുട്ടികളും പെൺകുട്ടികളും ക്ലാസ്മുറിയിൽ ഒരുമിച്ചിരുന്നതിന്റെ പേരിൽ നടപടിയെടുത്ത സംഭവം വിവാദമായതോടെ ലിംഗവിവേചനം കാമ്പസിൽ കർശനമാക്കാനൊരുങ്ങി കോഴിക്കോട് ഫറൂഖ് കോളേജ് അധികൃതർ. ഭൂരിപക്ഷം വിദ്യാർത്ഥികളും കോളേജിന്റെ നിയമം അനുസരിക്കുന്നവരാണെന്നതാണ് കോളേജ് അധികൃതർ ചൂണ്ടിക്കാട്ടുന്നത പ്രധാന കാര്യം. കോളേജ് മാനേജ്‌മെന്റിന്റെ ഒത്താശയോടെ കഴിഞ്ഞ ദിവസം നടന്ന ഫറൂഖിയൻ സമരവും അധികൃതരുടെ നടപടിക്ക് ശക്തി പകരുന്നതായിരുന്നു. എംഎസ്എഫ്, എസ്‌ഐഒ തുടങ്ങിയ വിദ്യാർത്ഥി സംഘടനകളായിരുന്നു ഫാസിസത്തിനും മാദ്ധ്യമ ഏകപക്ഷീയതക്കും എതിരെ എന്ന മുദ്രാവാക്യത്തിൽ കോളേജിന്റെ പേര് കളങ്കപ്പെടത്തുന്നവർക്കെതിരെ വിദ്യാർത്ഥികൂട്ടായ്മ സംഘടിപ്പിച്ചത്. ഇതോടെ കാമ്പസിൽ പുതിയ പെരുമാറ്റ ചട്ടം കൊണ്ടുവരാനും നിലവിലുള്ള നിയമം കർശനമാക്കാനുമാണ് തീരുമാനം. അതോടൊപ്പം, ലിംഗ വിവേചനത്തിനെതിരെ സമരം നടത്തുന്ന വിദ്യാർത്ഥികളുടെ മനോവീര്യം തകർക്കുകയും ഇവരെ താക്കീത് ചെയ്യാനുമാണ് മാനേജ്‌മെന്റിന്റെ ഇപ്പോഴത്തെ തീരുമാനം.

ഒരാഴ്‌ച്ച മുമ്പാണ് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ മലയാളം കമ്പെയിൻ ക്ലാസിലായിരുന്നു ആണും പെണ്ണും ഒരുമിച്ചിരുന്നത് പ്രശ്‌നമായത്. ഇത് അദ്ധ്യാപകൻ ചോദ്യം ചെയ്‌തെങ്കിലും വിദ്യാർത്ഥികൽ മാറിയിരിക്കാൻ തയ്യാറായില്ല. തുടർന്ന് ഇതുമായി ബന്ധപ്പെട്ട എട്ട് വിദ്യാർത്ഥികളെ ക്ലാസിൽ നിന്നും മലയാളം അദ്ധ്യാപകനായ മൻസൂറലി പുറത്താക്കുകയായിരുന്നു. ഇതോടെ മീഡിയകൾ എത്തുകയും സംഭവം വിവാദമാകുകയും ചെയ്‌തെങ്കിലും കോളേജ് അധികൃതർ അദ്ധ്യാപകന്റെ പ്രവർത്തിയെ ശരിവെയ്ക്കുകയായിരുന്നു. രക്ഷകർത്താക്കളെ കൊണ്ടു വന്നാൽ മാത്രമെ ക്ലാസിൽ കയറാൻ സാധിക്കുകയുള്ളൂ എന്നായിരുന്നു കോളേജിന്റെ നിലപാട്.

അതേസമയം ഈ കുട്ടികളെ സസ്‌പെന്റ് ചെയ്യുകയോ, കോളേജിൽ നിന്നും പുറത്താക്കുകയോ ചെയ്തിട്ടില്ലെന്നും ഇത് സ്വാഭാവിക നടപടിമാത്രമാണെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാൽ ഇതേകുറിച്ച് പരസ്യമായ പ്രതികരണങ്ങൾക്കോ വിശദീകരണങ്ങൾക്കോ തയ്യാറാകാൻ മാനേജ്‌മെന്റും പ്രിൻസിപ്പലും തയ്യാറായിട്ടില്ല. വിഷയത്തിൽ പ്രതികരിച്ചാൽ വീണ്ടും ചർച്ചയാകുന്നത് കോളേജിന് തിരിച്ചടിയാകുമെന്നതാണ് മാനേജിന്റെ കണക്കുകൂട്ടൽ. എന്നാൽ കോളേജിനെ അപകീർത്തിപ്പെടുത്താൻ ചില വിദ്യാർത്ഥികൾ ആസൂത്രിതമായി ചെയ്തതാണ് ഇത്തരമൊരു നാടകവും ഒരുമിച്ചിരിക്കലുമെന്നാണ് കോളേജ് യൂണിയന്റെയും എം.എസ്.എഫിന്റെയും ആരോപണം. പിന്നീടത് എസ്.എഫ്.ഐ ഏറ്റുപിടിക്കുകയും ഇതിലൂടെ ഭൂരിപക്ഷം വിദ്യാർത്ഥികളുടെ എതിർപ്പ് സമ്പാദിക്കുകയുമാണ് ചെയ്തതെന്ന് ഇവർ വാദിക്കുന്നു.

എന്നാൽ കോളേജിൽ നിലനിൽക്കുന്നത് മാനേജ്‌മെന്റിന്റെ താൽപര്യങ്ങൾ മാത്രമാണെന്നും ഫറൂഖ് കോളേജിൽ ശക്തമായ രീതിയിൽ ലിംഗ വിവേചനം ഇപ്പോഴും നടക്കുന്നുണ്ടെന്നും എസ്.എഫ്.ഐ നതാക്കൾ പറയുന്നു. സാധാരണ രീതിയിൽ കോളേജിൽ ക്ലാസ് സമയത്ത് പ്രകടനത്തിനോ സമരത്തിനോ അനുവദിക്കാറില്ല. എന്നിട്ടു പോലും എം.എസ്.എഫുകാരുടെ നേതൃത്വത്തിലുള്ള സമരത്തിൽ വിദ്യാർത്ഥികളോട് പങ്കെടുക്കാനും അറ്റന്റൻസ് നൽകാമെന്നും പറഞ്ഞ് കോളേജ് അധികൃതർ മൈക്കിലൂടെ അനൗൺസ്‌മെന്റ് നടത്തുകയായിരുന്നു.

ഇതുകൊണ്ടു മാത്രമായിരുന്നു കുട്ടികൾ ആ സമരത്തിന് ഇറങ്ങിയതെന്ന് എസ്എഫ്.ഐ പറയുന്നു. എന്തായാലും ഫറൂഖ് കാമ്പസിൽ ഓരോ ദിവസവും ലിംഗ വിവേചനം ചർച്ചയാകുകയാണ്. അതോടൊപ്പം വലിയ വിഭാഗം കുട്ടികൾ തങ്ങളോടൊപ്പം നിൽക്കുന്ന ആശ്വാസത്തിലുമാണ് മാനേജ്‌മെന്റ്. കാമ്പസിലെ നിലവിലുള്ള ആൺപെൺ വിവേചനത്തിനെതിരെ വരും ദിവസങ്ങളിൽ വ്യത്യസ്തമാർന്ന സമരപരിപാടികൾ സംഘടിപ്പാക്കാനാണ് എസ്.എഫ്.ഐ യുടെ തീരുമാനം.

ക്ലാസിൽ നിന്നും പുറത്താക്കിയ എട്ടു വിദ്യാർത്ഥികളിൽ ഏഴു പേരും രക്ഷിതാക്കളെ കൊണ്ടുവന്നു. ഒരാൾ കൊണ്ടുവരാനിരിക്കുന്നു. രക്ഷിതാക്കളോടും കർശന താക്കീതുകളാണ് കോളേജ് അധികൃതർ നൽകുന്നത്. എന്നാൽ ഇതിൽ ഒരുവിഭാഗം വിദ്യാർത്ഥികൾ സമരത്തിൻ നിന്നും പിന്തിരിയാൻ തയ്യാറല്ല. കാമ്പസിനകത്ത് ആൺ,പെൺ ഒരുമിച്ചിരിക്കുന്നതിനു മാത്രമല്ല, ആൺകുട്ടികൾക്ക് പ്രത്യേകമായി ഇരിക്കാനോ സംസാരിക്കാനോ സൗകര്യമോ സ്വാതന്ത്ര്യമോ ഇല്ലെന്ന് ഇവർ പറയുന്നു. ഇതിനു പുറമെ ആൺ, പെൺ ഒരുമിച്ചിരുന്ന് സംസാരിച്ചാൽ സെക്യൂരിറ്റി ഇടപെട്ട് പോകാൻ പറയും. കോളേജേ കാന്റീനിൽ ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ സ്ഥലങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്.

ഇതിന് നടവിലായി സ്റ്റാഫിനുള്ള സൗകര്യം ഒരുക്കി ഒരു മതിൽ തീർത്തിരിക്കുകയും ചെയ്യുന്നു എന്നതും വസ്തുതയാണ്. കൂടാതെ കോളേജ് ഡേ പ്രോഗ്രാമിനോ ഫൈൻ ആർട്‌സ് ഡേ പ്രോഗ്രാമുകൾക്കോ ആൺ,പെൺ ഒരുമിച്ചുള്ള ഡാൻസ്, നാടകം തുടങ്ങിയ പരിപാടികൾക്കും ഇവിടെ വിലക്കുണ്ട്. കാമ്പസിൻ പ്രധാന ഭാഗങ്ങളിലെല്ലാം ക്യാമറകൾ സ്ഥാപിച്ചിട്ടുമുണ്ട്. കാമ്പസിന്റെ വിവിധ ഭാഗങ്ങളിലായി 23 രഹസ്യ ക്യാമറകളും വിദ്യാർത്ഥികളെ നിരീക്ഷിക്കാനായി സ്ഥാപിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ക്ലാസ് മുറികളിലും ക്യാമറകൾ സ്ഥാപിക്കാനുള്ള നീക്കം മാനേജ്‌മെന്റ് തുടങ്ങിക്കഴിഞ്ഞു.

നിലവിലുള്ള ലിംഗവിവേചനം ചൂണ്ടിക്കാട്ടി എസ്.എഫ്.ഐ വിവിധ അഥോറിറ്റികൾക്ക് പരാതി നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മാതൃകാപരമായ സമരം സംഘടിപ്പിച്ച് ലിംഗ വിവേചനത്തെ ചെറുത്ത് തോൽപ്പിക്കാനാണ് എസ്.എഫ്.ഐ തീരുമാനം. ക്ലാസ് മുറികളിൽ ക്യാമറ സ്ഥാപിക്കാനുള്ള നീക്കം എന്ത് വിലകൊടുത്തും എതിർക്കും. കലാപരിപാടികളിൽ വരെ ഒരുമിച്ചുള്ള പരിപാടികൾ വിലക്കുന്നതിനെതിരെ അടുത്ത ആഴ്ച കാമ്പസ് കവാടത്തിൽ ആൺ, പെൺ മിക്‌സ്ഡ് നാടകം സംഘടിപ്പിക്കുമെന്നും ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും എസ്.എഫ്.ഐ നേതാക്കൾ മറുനാടൻ മലയാളിയോടു പറഞ്ഞു.