- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനിതകമാറ്റം വന്ന വൈറസ് കേരളത്തിലും; 6 പേർക്ക് രോഗം; ആലപ്പുഴ കോട്ടയം ജില്ലകളിൽ ഒരു കുടുബത്തിലെ 2 പേർ വീതം രോഗികൾ; സമ്പർക്കത്തിലുള്ളവർ നിരീക്ഷണത്തിൽ; പകർച്ച സാധ്യത വളരെ കൂടുതൽ; ഭയപ്പാട് വേണ്ടെന്നും അതീവജാഗ്രത പുലർത്തണമെന്നും ആരോഗ്യമന്ത്രി
തിരുവനന്തപുരം:ജനിതകമാറ്റം വന്ന വൈറസ് കേരളത്തിൽ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആറുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന 6 പേർക്ക് സാർസ് കോവിഡ്-2 (SARS-CoV-2) വൈറസിന്റെ ജനിതക വകഭേദം (Multiple spike protein mutations) സ്ഥിരീകരിച്ചുവെന്നാണ് മന്ത്രി അറിയിച്ചത്. കോഴിക്കോട് 2, ആലപ്പുഴ 2, കോട്ടയം 1, കണ്ണൂർ 1 എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വദേശി (35), കോഴിക്കോട് സ്വദേശിനി (2), ആലപ്പുഴ സ്വദേശിനി (30), ആലപ്പുഴ സ്വദേശി (36), കോട്ടയം സ്വദേശിനി (20), കണ്ണൂർ സ്വദേശി (29), എന്നിവരാണവർ. ഇവരെല്ലാം തന്നെ ചികിത്സയിലാണ്. ഇവരുമായി സമ്പർക്കമുള്ളവർ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. എല്ലാവരുടെയും സമ്പർക്ക ലിസ്റ്റ് തയ്യാറാക്കി വരുന്നു. അതിനാൽ തന്നെ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നാൽ ജാഗ്രത അത്യാവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
യു.കെ.യിൽ നിന്നും വന്ന 39 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടർപരിശോധനക്കായി എൻഐവി പൂണെയിലേക്ക് അയച്ചിരുന്നു. അതിലാണ് 6 പേർക്ക് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
പുതിയ ജനിതക വകഭേദം വന്ന വൈറസിന് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ നാം വളരെ കരുതിയിരിക്കണം. എല്ലാവരും സ്വമേധയാ വെളിപ്പെടുത്താൻ തയ്യാറാകാണം. ഇവരുമായി സമ്പർക്കം പുലർത്തിയ ആരെങ്കിലുമുണ്ടെങ്കിൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്. ഭയപ്പെടേണ്ട കാര്യമില്ല. ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്നതാണ്. നല്ല ശ്രദ്ധയോട് കൂടിയിരിക്കുക. മാസ്‌ക് ധരിക്കുക, ഇടയ്ക്കിടയ്ക്ക് കൈകൾ ശുചിയാക്കുക, സാമൂഹ്യ അകലം പാലിക്കുക എന്നിവ ഇനിയും തുടരേണ്ടതാണ്.
ഈ സാഹചര്യത്തിൽ പ്രായമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. റിവേഴ്സ് ക്വാറന്റൈൻ ആവശ്യമാണ്. ആരോഗ്യ വകുപ്പ് നന്നായി പ്രവർത്തിച്ചതുകൊണ്ട് മരണനിരക്ക് നന്നായി കുറയ്ക്കാൻ സാധിച്ചു. ഇനിയും ശ്രദ്ധിക്കേണ്ടതുണ്ട്. കോവിഡ് വ്യാപനം പൂർണമായി നിലച്ചിട്ടില്ല. പ്രതിദിനം 20,000 കേസുകളുണ്ടാകുമെന്ന് പറഞ്ഞെങ്കിലും അതിൽ നിന്നും താഴ്‌ത്തിക്കൊണ്ടുവരാൻ നമുക്ക് സാധിച്ചിട്ടുണ്ട്.
പുതിയ വൈറസിനെ കണ്ട സ്ഥിതിക്ക് നിരീക്ഷണം ശക്തിപ്പെടുത്തുന്നതാണ്. എയർപോർട്ടിലും സീപോർട്ടിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എയർപോട്ടിനോടനുബന്ധിച്ചുള്ള കോവിഡ് പരിശോധനാ സംവിധാനം ശക്തിപ്പെടുത്തി. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വന്നവരെ കണ്ടെത്തി നിരീക്ഷിച്ചുവരുന്നു. എല്ലാവരും സ്വയം ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കേണ്ടതാണ്. ക്വാറന്റൈനിലുള്ള എല്ലാവരും നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടാണെന്നും മന്ത്രി വ്യക്തമാക്കി.
തീവ്രവ്യാപന ശേഷിയുള്ള്ളതാണ് പുതിയ വൈറസ്. കഴിഞ്ഞ ദിവസങ്ങളിൽ യുകെയിൽനിന്ന് തിരിച്ചെത്തിയവർ കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിക്കണം. പുതിയ വൈറസും ചികിത്സിച്ച് ഭേദമാക്കാൻ കഴിയും. വൈറസ് സ്ഥിരീകരിച്ച ജില്ലകൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവർ ഓരോ കുടുംബത്തിലെ അംഗങ്ങളാണെന്നും മന്ത്രി പറഞ്ഞു.
പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് പുതിയ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. നിലവിലെ കൊറോണ വൈറസിനെക്കാൾ പുതിയ വൈറസിന് 70 ശതമാനം വ്യാപനശേഷി കൂടുതലാണെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടിഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് യുകെയിൽ നിന്നുള്ള വിമാനങ്ങൾക്ക് നിരോധനം എർപ്പെടുത്താൻ അയർലൻഡ്, ജർമനി, ഫ്രാൻസ്, ഇറ്റലി, നെതർലാൻഡ്‌സ്, ബെൽജിയം എന്നീ രാജ്യങ്ങൾ തീരുമാനിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ