തിരുവനന്തപുരം: യുവതിയും ആൺസുഹൃത്തും ചേർന്ന് ജനനേന്ദ്രിയം മുറിച്ച കേസിൽ അന്ന് നടന്ന സംഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി സ്വാമി ഗംഗേശാനന്ദ. 2017 മെയ്‌ 19ന് രാത്രി നടന്ന സംഭവങ്ങളെക്കുറിച്ചാണ് സ്വാമി തുറന്നു പറയുന്നത്. സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച വാർത്തകളിൽ തുടക്കം മുതൽ ട്വിസ്റ്റുകളായിരുന്നു. നിറംപിടിപ്പിച്ച പല വാർത്തകളും അന്നു മുതൽ പുറത്തുവന്നുവെന്ന് സ്വാമി പറയുന്നു.

'അന്ന് മാധ്യമങ്ങളിലൊക്കെ പല വാർത്തകൾ വന്നു. ഞാനൊരു കളരി അഭ്യാസിയാണെന്നായിരുന്നു ഒരു വാർത്ത. അത്യാവശ്യം ശാരീരികക്ഷമത കാത്തുസൂക്ഷിക്കുന്ന വ്യക്തി തന്നെയാണ് ഞാൻ. അങ്ങനെയുള്ള തന്നെ ഒരു സ്ത്രീക്കോ പുരുഷനോ പെട്ടെന്നൊന്നും കീഴ്‌പ്പെടുത്താനാകില്ല. പ്രത്യേകിച്ചും ഇങ്ങനൊരു അവയവം മുറിക്കൽ. 80 ശതമാനത്തോളം മുറിവേറ്റിരുന്നു. അത്രയും നേരം ഞാൻ അനങ്ങാതെയിരിക്കുമോ. ഇതൊരു സാധാരണ അവയവമല്ലല്ലോ. ഒരു മാംസപിണ്ഡമല്ലേ' സ്വാമി ചോദിക്കുന്നു.

'പെൺകുട്ടി വിളിച്ചിട്ടാണ് അന്നു പുലർച്ചെ ഞാൻ വീട്ടിലെത്തുന്നത്. പെൺകുട്ടിയുമായി ആറുമാസത്തോളമായി ആശയവിനിമയം ഇല്ലായിരുന്നു. അവരുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഞാൻ തന്നെയായിരുന്നു. എല്ലാ കാര്യങ്ങളും എന്നോടു ചോദിച്ചിട്ടാണ് ചെയ്തിരുന്നത്. അവരുടെ പേരിൽ രണ്ടര ഏക്കർ സ്ഥലം വാങ്ങാൻ പരിപാടിയുണ്ടായിരുന്നു. ഇക്കാര്യം എന്നോടു പറയുകയും ചെയ്തു. ഇക്കാര്യങ്ങൾ സംസാരിക്കുന്നതിനു വേണ്ടിയാണ് എന്നെ വീട്ടിലേക്കു വിളിപ്പിച്ചത്. പൂജയും ഭക്ഷണവുമെല്ലാം കഴിഞ്ഞ് ഞാൻ വിശ്രമിച്ചു.


പെൺകുട്ടി പതിവു പോലെ പഠനാവശ്യത്തിനു പുറത്തു പോയി. സാധാരണ ഉച്ചയ്ക്കു വരാറുള്ള അവൾ അന്നു വന്നില്ല. വൈകിട്ട് ആറുമണിയോടെ സോഡയും മറ്റുമായെത്തി. ഞാൻ പൈപ്പ് വെള്ളം കുടിക്കാറില്ല. അതുകൊണ്ടാണ് സോഡ കൊണ്ടുവന്നത്. രാത്രി ഒൻപതരയോടെ പെൺകുട്ടിയുടെ സുഹൃത്ത് അയ്യപ്പദാസും വീട്ടിലെത്തി. ഞാൻ വിളിച്ചിട്ടാണ് വന്നത്. പത്തരയോടെ തിരിച്ചു പോകുകയും ചെയ്തു. നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ മയങ്ങിപ്പോയി. ഉറക്കത്തിനിടെ കടുത്ത വേദന അനുഭവപ്പെട്ടു. എന്താണ് സംഭവിച്ചതെന്നു മനസ്സിലായില്ല. അനങ്ങാനാകുന്നില്ല. ഒരുവിധം ലൈറ്റിട്ടപ്പോൾ കണ്ടത് രക്തം ചീറ്റുന്നതായിരുന്നു. പെൺകുട്ടി വാതിൽ തുറന്ന് ഓടുന്നതും കണ്ടു' സ്വാമി തുറന്നു പറയുന്നു.

ചതിക്കപ്പെട്ടെന്ന് അപ്പോൾ മാത്രമാണ് മനസ്സിലായത്. സോഡയിലെന്തോ കലർത്തിയതാണ് മയങ്ങാൻ കാരണമെന്നു കരുതുന്നു. പത്തുമിനിറ്റിനുള്ളിൽ തന്നെ പൊലീസെത്തി. വളരെ മോശമായ രീതിയിലായിരുന്നു പൊലീസ് പെരുമാറിയത്. മോശം വാക്കുകൾ ഉപയോഗിക്കുകയും ആക്രോശിക്കുകയും ചെയ്തു. വേദന കടിച്ചമർത്തിയായിരുന്നു ഞാൻ നിന്നത്. പെൺകുട്ടിയുടെ അമ്മ ഇതു കണ്ട് ഭയന്നു. ഞാൻ അവരെ ആശ്വസിപ്പിച്ചു. ഈ അമ്മയ്‌ക്കെതിരെ 12 കേസുകളാണ് എഡിജിപി ബി. സന്ധ്യ നേരത്തെ എടുത്തിരിക്കുന്നത്. പിതാവിനെതിരെ ആറു കേസുകളും.

സ്വയം മുറിച്ചതാണെന്ന നിലപാടിലായിരുന്നു പൊലീസ്. എന്റെ മൊഴിയെടുക്കാൻ അവർ തയാറായില്ല. ഞാൻ പറയുന്നതു വിശ്വസിക്കാനും അവർ കൂട്ടാക്കിയില്ല. ചികിത്സയിലിരിക്കെ തന്നെ പെൺകുട്ടി വന്നു കണ്ടിരുന്നു. അവൾക്കു നല്ല വിഷമമുണ്ടായിരുന്നു. ഇപ്പോൾ അവരുമായി നല്ല ബന്ധത്തിലാണ്. എന്തിനിത് ചെയ്തുവെന്ന് ഇന്നുവരെ ഞാൻ അവളോടു ചോദിച്ചിട്ടില്ല. അറിഞ്ഞിട്ടു പ്രയോജനവുമില്ല. കാരണം എതിരാളികൾ ശക്തരാണ്' സ്വാമി ഗംഗേശാനന്ദ പറയുന്നു.

എന്തിന് ഈ പെൺകുട്ടി പേട്ട സ്റ്റേഷനിൽ തന്നെ ഇന്റേൺഷിപ്പിനു പോയി? എന്തുകൊണ്ട് ഒരു സുപ്രഭാതത്തിൽ പെൺകുട്ടി അയ്യപ്പദാസിനൊപ്പം പോകാതായി?. എന്തുകൊണ്ട് പൊലീസ് പെൺകുട്ടിയുടെ ദേഹപരിശോധന നടത്തിയില്ല? ഇതെല്ലാം അന്വേഷിക്കേണ്ട കാര്യങ്ങളാണ്. അയ്യപ്പദാസിനൊപ്പം രണ്ടുപേർ കൂടെയുണ്ട്. ഇവരിൽ ഒരാളാണ് മുഖ്യസൂത്രധാരൻ. അവന് പേട്ട സ്റ്റേഷനിലെ എസ്‌ഐയുമായും സന്ധ്യയുമായും അടുത്ത ബന്ധമുണ്ട്. സ്റ്റേഷനിലെ വനിതാ എസ്‌ഐ 14 പ്രാവശ്യം എഫ്‌ഐആർ വെട്ടിത്തിരുത്തി. പൊലീസ് ഈ വിഷയങ്ങൾ അന്വേഷിക്കണമെന്നാണു എന്റെ ആവശ്യം. നിലവിൽ എനിക്കു ആരോഗ്യപ്രശ്‌നങ്ങളില്ല. ചികിത്സിച്ച ഡോക്ടർമാരോടു നന്ദി പറയുന്നുവെന്നും സ്വാമി ഗംഗേശാനന്ദ പറയുന്നു.

തന്നെ പീഡകനെന്നും ബ്ലേഡ് മാഫിയയുടെ ആളാണെന്നും പറയുന്നവർക്ക് ഒരു തെറ്റും കുറ്റവും തെളിയിക്കാൻ കഴിഞ്ഞില്ലെന്നും ഗംഗേശാനന്ദ പറഞ്ഞു. കേസിലെ ഗൂഢാലോചനയിൽ ഡിജിപി ബി. സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്നും എല്ലാം മാഡത്തിന്റെ അറിവോടെയാണെന്നും ഗംഗേശാനന്ദ പറഞ്ഞു. കേസിൽ യുവതിയേയും ആൺസുഹൃത്ത് അയ്യപ്പദാസിനേയും പ്രതിചേർക്കാൻ നിയമോപദേശം തേടിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച്.

'പലയിടത്തും പീഡനങ്ങളും മറ്റും നടക്കുന്നുണ്ട്. അവർക്കെതിരെ പരാതി നൽകുകയും കോടതി ശിക്ഷിക്കുകയും ചെയ്യുന്നു. പക്ഷേ എന്റെ കാര്യത്തിൽ അങ്ങനെയല്ല. യഥാർഥത്തിൽ പീഡിപ്പിക്കപ്പെട്ടത് ഞാനാണ്. ഒരു തെറ്റ് ചെയ്താൽ എന്നെ ശിക്ഷിക്കുകയല്ലേ വേണ്ടത്? അല്ലാതെ, ജനനേന്ദ്രിയം മുറിക്കുകയാണോ വേണ്ടത്? എന്നിട്ടും ആരെയും കുറ്റപ്പെടുത്തിയില്ലല്ലോ. ആർക്കെതിരെയും ഞാൻ പരാതി കൊടുത്തിട്ടുമില്ല. ഈ ലോകം മുഴുവൻ ഞാൻ കുറ്റക്കാരാനാണെന്ന് അറിയപ്പെട്ടു തുടങ്ങി. ഇനി ഞാൻ എന്ത് കുറ്റം സമ്മതിക്കാനാണ്.'സ്വാമി പറഞ്ഞു.

2017 മെയ്‌ 19 തിരുവനന്തപുരം പേട്ടയിൽ രാത്രിയായിരുന്നു സംഭവം. സ്വാമി ലൈംഗിക അതിക്രമത്തിനു ശ്രമിച്ചപ്പോൾ 23കാരിയായ വിദ്യാർത്ഥിനി സ്വയരക്ഷയ്ക്കായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു പരാതി. ഇതനുസരിച്ചാണ് പൊലീസ് കേസെടുത്തു മുന്നോട്ടു പോയത്. എന്നാൽ ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും അതിക്രമം നടത്തിയതു പെൺകുട്ടിയുടെ കാമുകനടക്കമുള്ളവരുടെ നിർബന്ധത്താലാണെന്നും പോക്‌സോ കോടതിയിലും ഹൈക്കോടതിയിലും ആദ്യം പരാതിക്കാരിയും പിന്നീട് മാതാപിതാക്കളും തിരുത്തി പറഞ്ഞിരുന്നു. ഇതോടെ കേസിൽ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാകുകയും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തത്.