തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ചിത്രം വിചിത്രം അവതാരകരായ ലല്ലു ശശിധരൻ പിള്ളയും ഗോപീകൃഷ്ണനും ന്യൂസ് കേരള 18ലേക്ക് കൂടുമാറുകയാണ്. ഇരുവരും അടുത്ത മാസം മുതൽ പുതിയ ചാനലിനൊപ്പമാകും. ഇത് ആദ്യമായണ് ഒരു ഷോയുടെ രണ്ട് അവതാരകരും ഒരുമിച്ച് ഒരു ചാനലിൽ നിന്ന് പടിയിറങ്ങുന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ കാവിവൽക്കണത്തിൽ പ്രതിഷേധിച്ചാണ് ലല്ലുവും ഗോപീകൃഷ്ണനും രാജിവയ്ക്കുന്നതെന്നാണ് പുറത്തു പ്രചരിപ്പിക്കപ്പെടുന്നത്. എന്നാൽ പ്രസ് ക്ലബ്ബിലെ ബാർ വിവാദത്തിലെ തുടർച്ചയാണ് ഇതെന്നതാണ് യാഥാർത്ഥ്യം. അതിനിടെ കൈരളിയിൽ നിന്ന് ഏഷ്യാനെറ്റിലെത്തിയ ന്യൂസ് അവതാരകൻ ശരത് ചന്ദ്രനും ചാനൽ വിട്ട് ന്യൂസ് കേരളയിൽ എത്തുമെന്നാണ് സൂചന. അതിനിടെ ന്യൂസ് കേരള 18ന് റീ ലോഞ്ച് നടത്തുമെന്നും സൂചനയുണ്ട്.

ചിത്രം വിചിത്രത്തിന്റെ രണ്ട് അവതാരകരും കൂടുമാറിയതിനെ ഗൗരവത്തോടെയാണ് രാജീവ് ചന്ദ്രശേഖർ കാണുന്നത്. കാവിവൽക്കരണം ഏഷ്യാനെറ്റിൽ നടത്താനുള്ള നീക്കം പുറത്തായതും അലോസരപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ചിത്രം വിചിത്രത്തിന് ജോർജ് പുളിക്കനെ എത്തിക്കുന്നത്. ഇന്ത്യാ വിഷനിലും മാതൃഭൂമിയിലും സമാനപരിപാടികൾ അവതിരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ ഏറ്റുവാങ്ങിയ പുളിക്കൻ ഏഷ്യാനെറ്റിലും ഗംഭീരമാക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ലല്ലുവിന്റേയും ഗോപീകൃഷ്ണന്റേയും കൊഴിഞ്ഞു പോക്ക് ചാനലിനെ ബാധിക്കുകയുമില്ല. എന്നാൽ മുൻനിര ചാനലെന്ന് വീമ്പുപറയുന്ന ഏഷ്യാനെറ്റിൽ നിന്ന് അടിക്കടി ആളുകൾ കൊഴിഞ്ഞു പോകുന്നത് മാനേജ്‌മെന്റിന്റെ പോരായ്മയായി രാജീവ് ചന്ദ്രശേഖർ വിലയിരുത്തുന്നു. ഗ്രൂപ്പിസം ഏഷ്യാനെറ്റ് ന്യൂസിൽ പിടിമുറുക്കുന്നത് ചാനൽ ചെയർമാനെ ആലോസരപ്പെടുത്തുന്നുണ്ട്.

ജോർജ് പുളിക്കിന് ചാനലിൽ നിർണ്ണായക പദവി നൽകാൻ ഏഷ്യാനെറ്റ് തയ്യാറായിരുന്നു. എന്നാൽ ചാനലിന്റെ സ്ഥിരം ജീവനക്കാരനാകാൻ പുളിക്കൻ വിസമ്മതം അറിയിച്ചു. അതിനാൽ കരാർ വ്യവസ്ഥയിലാണ് പരിപാടി അവതരിപ്പിക്കുക. ഒരു എപ്പിസോഡിന് 4000ത്തിനും 5000ത്തിനും ഇടയിൽ രൂപ പുളിക്കന് ലഭിക്കും. ഇതിനൊപ്പം ഏഷ്യാനെറ്റ് ജീവനക്കാർ അനുഭവിക്കുന്ന മെഡിക്കൽ ക്ലെയിം അടക്കമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ആഴ്ചയിൽ നാല് ദിവസം ചിത്രം വിചിത്രം പുളിക്കൻ തന്നെ ചെയ്യും. ബാക്കിയുള്ള ദിവസങ്ങൾക്ക് പുതിയൊരാളെ ഏഷ്യാനെറ്റ് എത്തിക്കുമെന്നാണ് സൂചന. രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റവുമായാകും പുളിക്കൻ ചിത്രം വിചിത്രം അവതരിപ്പിക്കുക. സമാന സ്വഭാവുള്ള പരിപാടി തന്നെയാകും ലല്ലുവും ഗോപികൃഷ്ണനും ചേർന്ന് ന്യൂസ് കേരള 18ലും ചെയ്യുക.

കൈരളിയുടെ തുടക്കമുതൽ ശ്രദ്ധേയ സാന്നിധ്യമായ ശരത്ചന്ദ്രൻ ഏഷ്യാനെറ്റിലെത്തിയിട്ട് രണ്ട് വർഷമാകുന്നതേ ഉള്ളൂ. എംജി രാധാകൃഷ്ണൻ ചാനലിന്റെ തലപ്പത്ത് എത്തിയപ്പോഴായിരുന്നു ഇത്. എന്നാൽ കാവിവൽക്കരണത്തിന്റെ വാർത്തകൾ സജീവമാകുമ്പോൾ ശരത് ചന്ദ്രനും മാറുകയാണ്. എംജി രാധാകൃഷ്ണന്റെ അധികാര സ്ഥാനത്തിന് ഇളക്കം തട്ടുമെന്ന സൂചനയാണ് ഇതിന് കാരണം. കാവി വൽക്കരണത്തിന്റെ ഭാഗമായി ജന്മഭൂമിയുടെ മുൻ എഡിറ്റർ ഹരി എസ് കർത്ത ഏഷ്യാനെറ്റിലെത്തുമെന്ന വാർത്ത സജീവമാകുമ്പോഴാണ് ഈ മാറ്റം. ന്യൂസ് കേരളാ 18ന്റെ പ്രധാന അവതാരകനായി ശരത് ചന്ദ്രൻ മാറും. മിഡീയാ വണ്ണിൽ നിന്നും ഇ സനീഷും ന്യൂസ് കേരളാ 18ൽ ഉടനെത്തും. ഇതോടെ ജനപ്രിയ മുഖങ്ങൾ ഏറെയുള്ള ചാനലായി ന്യൂസ് കേരള 18 മാറും.

ഏഷ്യാനെറ്റിൽ നിന്ന് ജയ്ദീപ് എത്തിയതോടെയാണ് ന്യൂസ് കേരള 18ന് പുതിയ മുഖമെത്തിയത്. മനോരമയിൽ നിന്ന് രാജീവ് ദേവരാജും ചാനലിന് കരുത്തായി. ശരത് ചന്ദ്രനും സനീഷും ലല്ലുവും ഗോപിയും എത്തുന്നതോടെ കരുത്ത് കൂടും. ഇത് പ്രേക്ഷകരിലേക്ക് എത്തിക്കാൻ ചാനൽ റീലോഞ്ച് നടത്തുമെന്നും സൂചനയുണ്ട്. ഇതിന് ചാനലിന്റെ ഉടമസ്ഥരായ അബാനി ഗ്രൂപ്പ് അനുമതി നൽകിയിട്ടുണ്ട്. കേരളത്തിന്റെ വാർത്താ സംസ്‌കാരത്തെ സ്വാധീനിക്കാനാകുന്ന തരത്തിലാകും ന്യൂസ് കേരള് 18ന്റെ ഇടപെടലെന്ന് മാനേജ്‌മെന്റ് വിശദീകരിക്കുന്നു. അതിനിടെ കേരളത്തിലെ ബിജെപിവൽക്കരണമാണ് ന്യൂസ് കേരള 18 ലക്ഷ്യമിടുന്നതെന്ന പ്രചരണവും ശക്തമാണ്.

ഏഷ്യാനെറ്റിനും മാതൃഭൂമിക്കും മനോരമയ്ക്കും ബദലായി മാറാൻ ന്യൂസ് കേരള 18ന് കഴിയുമെന്നാണ് അബാനിയുടെ ആത്മവിശ്വാസം. ഇതിന്റെ അടിസ്ഥാനത്തിലാണ് വലിയ തുക നൽകി മിടുക്കരായ ദൃശ്യമാദ്ധ്യമ പ്രവർത്തകരെ ചാനൽ റാഞ്ചിയെടുക്കുന്നതും.