ബെർലിൻ: ജർമൻ തിരഞ്ഞെടുപ്പിൽ ആംഗല മെർക്കൽ അധികാരം നിലനിർത്തിയെങ്കിലും ജർമനിയാകെ ചർച്ച ചെയ്യുന്നത് തീവ്ര വലതുപക്ഷ പാർട്ടിയായ ഓൾട്ടർനേറ്റീവ് ഫോർ ജർമനി ചരിത്രത്തിലാദ്യമായി പാർലമെന്റിൽ സീറ്റ് നേടിയതിനെക്കുറിച്ചാണ്. കുടിയേറ്റവിരുദ്ധരും ഹിറ്റ്‌ലറെ പിന്തുണയ്ക്കുന്നവരുമായ ഈ നാസി പാർട്ടിക്ക് 13.5 ശതമാനം വോട്ടുകളാണ് ലഭിച്ചത്. എഎഫ്ഡിയുടെ വിജയത്തിൽ പ്രതിഷേധിച്ച് ജർമനിയിലെങ്ങും ഫാസിസ്റ്റ് വിരുദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധ പ്രകടനം നടത്തി.

ആംഗല മെർക്കൽ തുടർച്ചയായി നാലാം തവണയും ജർമൻ ചാൻസലർ തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും, നാസി പാർട്ടിയുടെ കടന്നുവരവ് അപ്രതീക്ഷിതമായിരുന്നു. എഎഫ്ഡിയടക്കം ഒട്ടേറെ ചെറുപാർട്ടികൾക്ക് വോട്ട് ലഭിച്ചത് മെർക്കലിന്റെ വിജയത്തിന്റെ മാറ്റുകുറയ്ക്കുകയും ചെയ്തു. 13.5 ശതമാനം വോട്ട് നേടിയതോടെ, നാസിപ്പാർട്ടിക്ക് പാർലമെന്റിൽ 90 സീറ്റെങ്കിലും ലഭിക്കുമെന്നുറപ്പായി. കടുത്ത മെർക്കൽ വിരോധികളായ ഇവരുടെ പ്രഖ്യാപിത ലക്ഷ്യം തന്നെ രാജ്യത്തെയും ജനങ്ങളെയും വീണ്ടെടുക്കുമെന്നാണ്.

ഹിറ്റ്‌ലറുടെ വീഴ്ചയ്ക്കുശേഷം ആദ്യമായാണ് തീവ്ര വലതുപക്ഷ പാർട്ടി ദേശീയ തലത്തിൽ വിജയം നേടുന്നത്. ഇത് രാജ്യത്തെമ്പാടും പ്രതിഷേധത്തിനുമിടയാക്കി. നാസിവിരുദ്ധ മുദ്രാവാക്യങ്ങളുമായി ബെർലിനിൽ ആയിരങ്ങൾ തെരുവിലിറങ്ങി. ബെർലിനിൽ എഎഫ്ഡിയുടെ വിജയാഘോഷത്തെ പ്രതിഷേധക്കാർ വളഞ്ഞത് സംഘർഷത്തിനുമിടയാക്കി. ഫ്രാങ്ക്ഫർട്ടിലും മറ്റ് പ്രധാന നഗരങ്ങളിലും ഫാസിസ്റ്റ് വിരുദ്ധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.

മുമ്പ് യൂറോപ്പിലേക്ക് ശക്തമായ അഭയാർഥി പ്രവാഹമുണ്ടായപ്പോൾ മെർക്കൽ സ്വീകരിച്ച അനുഷ്യത്വപരമായ നിലപാടാണ് തീവ്ര വലതുപക്ഷക്കാരെ ഒന്നിപ്പിച്ചതും ഇത്രോളം ശക്തരാക്കിയതും. പത്തുലക്ഷം അഭയാർഥികളെ സ്വീകരിക്കാനുള്ള മെർക്കലിന്റെ തീരുമാനമാണ് കടുത്ത ജർമൻ വംശീയവാദികളെ ഒന്നിപ്പിച്ചത്. ജർമനിയെ ജർമൻകാരുടേതാക്കുമെന്നായിരുന്നു പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യമായി മുന്നോട്ടുവെച്ച കാര്യവും.

2013-ലാണ് എഎഫ്ഡി പിറവിയെടുക്കുന്നത്. അഭയാർഥി പ്രശ്‌നം സജീവമാകുന്നതുവരെ മൃതാവസ്ഥയിലായിരുന്നു ഈ സംഘടന. വൻതോതിൽ അഭയാർഥി പ്രവാഹമുണ്ടായതോടെ, ജർമനി ജർമൻകാരുടേതെന്ന വാദമുയർത്തി അവർ രംഗത്തുവരികയും പെട്ടെന്ന് ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തുകയുമായിരുന്നു. അലക്‌സാണ്ടർ ഗാലൻഡാണ് പാർട്ടിയുടെ നേതാവ്. പഴയ കിഴക്കൻ ജർമനിയുടെ ചില ഭാഗങ്ങളിലാണ് പാർട്ടിക്ക് സ്വാധീനം കൂടുതൽ. തിരഞ്ഞെടുപ്പിൽ ചില ഭാഗങ്ങളിൽ 45 ശതമാനം വോട്ടുവരെ ഇവർക്ക് കിട്ടി.

അതിനിടെ, മെർക്കലിന്റെ സഖ്യകക്ഷിയായ എസ്‌പി.ഡി ഇക്കുറി ഭരണത്തിൽ പങ്കാളിയാകില്ലെന്ന് പ്രഖ്യാപിച്ചു. യുദ്ധാനന്തര ജർമനിയിൽ ഏറ്റവും കുറഞ്ഞ വോട്ടുവിഹിതമാണ് പാർട്ടിക്ക് ഇക്കുറി കിട്ടിയത്. 20 ശതമാനം വോട്ട്. പ്രതിപക്ഷത്തിരിക്കണമെന്നതാണ് ജനവികാരമെന്നും മെർക്കൽ മറ്റേതെങ്കിലും കക്ഷിയിൽനിന്ന് പിന്തുണ തേടണമെന്നും പാർട്ടി നേതാവ് മാർട്ടിൻ ഷൂൾസ് പറഞ്ഞു. എഎഫ്ഡിയുമായി സഹകരിക്കില്ലെന്ന് മെർക്കൽ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ചെറുകക്ഷികളായ എഫ്ഡിപി, ഗ്രീൻസ് തുടങ്ങിയ പാർട്ടികളെ ആശ്രയിക്കേണ്ടിവരുമെന്നാണ് സൂചന