കൊച്ചി :സംഘ പരിവാർ ദേശീയതലത്തിൽ നടത്തുന്ന മതംമാറ്റം കേരളത്തിലും. ബിജെപി എം പി യോഗി ആദിത്യനാഥിന്റെ നേതൃത്തത്തിൽ ഡിസംബർ 25 ക്രിസ്തുമസ് ദിനത്തിൽ അലീഗഡിൽ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള കൂട്ട മതം മാറ്റച്ചടങ്ങ് പ്രതിഷേധത്തെ തുടർന്ന് ആർഎസ്എസ് ഉപേക്ഷിച്ചിട്ടുണ്ട്. എന്നാൽ കേരളമടക്കമുള്ള സ്ഥലങ്ങളിൽ മതപരിവർത്തന ചടങ്ങുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

വിശ്വഹിന്ദുപരിഷത്തിന്റെ പോഷക സംഘടനയായ ഹിന്ദു ഹെൽപ് ലൈനാണ് 'ഘർ വാപ്പസ്സി' എന്ന പേരിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. പാലക്കാട് , കാസർഗോഡ് , തിരുവനന്തപുരം എന്നിവിടങ്ങളിൽ നിരവധി പേർ സ്വധർമ്മത്തിലെക്ക് വരുവാൻ തയ്യാറായിട്ടുണ്ടെന്നും അവരെ സ്വീകരിക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഹിന്ദു ഹെല്പ് ലൈൻ സംസ്ഥാന കോ ഓഡിനേറ്റർ അനീഷ് ബാലകൃഷൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ആലപ്പുഴയിലെ ഒരു ഗ്രാമം മുഴുവനായി ഹിന്ദു മതത്തിലേക്ക് തിരിച്ചെത്തുമെന്നാണ് നൽകിയ സൂചന. എന്നാൽ മറ്റ് വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയ്യാറായുമില്ല.

വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ തന്നെയാണ് സംസ്ഥാനത്തും മതപരിവർത്തന കൂട്ടായ്മ സംഘടിപ്പിക്കുന്നത്. വിഎച്ച്പിയുടെ ധർമ്മ പ്രചാർ എന്ന ഘടകമാണ് ഇതിന് പിന്നിൽ. ഇതിന്റെ പ്രവർത്തനങ്ങളെ ഹിന്ദു ഹെൽപ്പ് ലൈനാണ് ഏകോപിപ്പിക്കുന്നത്. ഹിന്ദു മതത്തിലേക്ക് തിരിച്ചുവരുന്നവർക്കായി ഹെൽപ്പ് ലൈൻ നമ്പറുകളും ഇതിന്റെ വൈബ് സൈറ്റിലുണ്ട്. ദിവസവും നൂറ് കണക്കിന് കോളുകളാണ് ഇതുവഴി വരുന്നതെന്നും അനീഷ് ബാലകൃഷ്ണൻ മറുനാടൻ മലയാളിയോട് പറഞ്ഞു. എല്ലാ ജില്ലയിലും ഈ പരിപാടി ക്രിസ്മസ് ദിനത്തിൽ നടക്കും. മടങ്ങിയെത്തുന്നവർക്ക് എല്ലാ സഹായവും നൽകുമെന്നും അനീഷ് ബാലകൃഷ്ണൻ വ്യക്തമാക്കി.

ഹിന്ദു സമൂഹങ്ങൾക്ക് സേവനങ്ങൾ എത്തിക്കുന്നതിന് വേണ്ടി നിൽക്കുന്നവരുടെ കൂട്ടായ്മയാണ് ഹിന്ദു ഹെൽപ്പ് ലൈൻ. അഞ്ച് തരം സേവനങ്ങൾ നൽകുന്നുണ്ട്. അതിൽ പ്രധാന മതപരമായ സഹായമാണ്. ഇതിന്റെ പരിധിയിലാണ് മതപരിവർത്തനത്തിനുള്ള സഹായവും വരുന്നത്. ആരോഗ്യപരവും നിയമപരവുമായി സഹകരണവും നൽകും. സർക്കാർ സേവനങ്ങൾ ലഭ്യമാക്കാനും വേണ്ടപ്പെട്ടവർക്ക് മാർഗ്ഗ നിർദ്ദേശം നൽകും. യാത്രാവേളയിലും ഹിന്ദു ഹെൽപ്പ് ലൈനിന്റെ സഹായം വേണ്ടപ്പെട്ടവർക്ക് ഉപയോഗിക്കാനാകുമെന്നും സംഘടനയുടെ വെബ്‌സൈറ്റ് വിശദീകരിക്കുന്നുണ്ട്. വിശ്വഹിന്ദ് പരിഷത്ത് നേതാവ് പ്രവീൺ തൊഗാഡിയയുടെ അനുയായികളാണ് ഇതിന് പിന്നിലെന്നും വ്യക്തമാക്കുന്നു. മതപരിവർത്തനം ആഗ്രഹിക്കുന്നവർക്ക് ഈ വെബ്‌സൈറ്റിലെ നമ്പരുകളിൽ ഇനിയും ബന്ധപ്പെടാമെന്നും അനീഷ് ബാലകൃഷ്ണൻ പറഞ്ഞു.

നിർബന്ധിച്ചും, പ്രലോഭിപ്പിച്ചും ഹിന്ദു ധർമ്മത്തിൽ നിന്ന് പരിവർത്തനം ചെയ്യപ്പെട്ട എല്ലാവർക്കും തിരിച്ച് ഹിന്ദു ധർമ്മത്തിലേക്ക് വരുവാനുള്ള അവസരമാണ് ഇതെന്ന് ഹിന്ദു ഹെൽപ് ലൈൻ ആഹ്വാനം ചെയ്യുന്നു. വാട്‌സ് അപ്പ് പോലുള്ള സോഷ്യൽ മീഡിയ വഴിയാണ് കേരളത്തിൽ ഘർ വാപ്പസിയുടെ പ്രചരണം നടക്കുന്നത്. വലിയ പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് സംഘാടകരുടെ അവകാശവാദം.

'ഘർ വാപസി' എന്ന പേരിലാണ് ഡിസംബർ 25ന് അലിഗഡിൽ ഹിന്ദുമതത്തിലേക്ക് കൂട്ട മതപരിവർത്തനം നടത്താൻ ഉദ്ദേശിച്ചിരുന്നത്. നേരത്തെ ഉത്തർപ്രദേശിലെ ആഗ്രയിൽ നടന്ന മതപരിവർത്തനം വലിയ വിവാദമായ സാഹചര്യത്തിൽ മുഖ്യമന്ത്രി അഖിലേഷ് യാദവ് കർശന നടപടിക്ക് ഉത്തരവിട്ടിരുന്നു. സംഭവം പാർലമെന്റിന്റെ ഇരു സഭകളിലും ചർച്ചയാവുകയും ചെയ്തിരുന്നു. അതേസമയം ചടങ്ങ് ഒരു തരത്തിലും നടത്താൻ അനുവദിക്കില്ലെന്ന് യുപിയിലെ ഉന്നത പൊലീസ് വ്യക്തമാക്കി. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലെ ചടങ്ങിന് വിലക്കുമുണ്ട്. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന രാഷ്ട്രീയ നീക്കമാണ് ഇതെന്നാണ് വിലയിരുത്തൽ. ഇത് വലിയ പ്രതിഷേധത്തിനും വഴിയൊരുക്കി. തുടർന്ന് അലിഗഡിലെ ചടങ്ങ് ആർഎസ്എസ് റദ്ദാക്കുകയായിരുന്നു.

മോദി സർക്കാർ അധികാരത്തിൽ വന്നതിന്റെ ഭാഗമായാണ് ഇത്തരം ചടങ്ങുകൾക്ക് ആർഎസ്എസ് തയ്യാറെടുക്കുന്നതെന്നാണ് വിമർശനം. രാഷ്ട്രീയ മുതലെടുപ്പാണ് ഉദ്ദേശമെന്നും ആക്ഷേപമുണ്ട്. എന്നാൽ സ്ഥിരമായി നടത്തുന്ന ഒരു പരിപാടിയാണ് ഘർ വാപ്പിസി എന്നാണ് സംഘ പരിവാർ നേതൃത്വങ്ങളുടെ നിലപാട്. ആരേയും മതം മാറ്റുന്നില്ല. തെറ്റിധാരണകുളുടേയും പ്രലോഭനങ്ങളുടേയും ഭാഗമായി പിരിഞ്ഞു പോയ സഹോദരങ്ങളെ തിരിച്ചു കൊണ്ടുവരലാണ് ഇത്. എന്നും ഇത്തരം മതപരിവർത്തനങ്ങൾ നടന്നിട്ടുണ്ടെന്നും പരിവാർ നേതൃത്വം പറയുന്നു.

ഇതിന്റെ ഭാഗമായാണ് കേരളത്തിലെ ചടങ്ങ്. എന്നാൽ സംസ്ഥാന സർക്കാരിന് ഇതു സംബന്ധിച്ച് ഒരു വിവരവുമില്ല. ഉത്തർപ്രദേശിന് സമാനമായി ഈ ചടങ്ങിന് കേരളത്തിൽ വിലക്ക് ഏർപ്പെടുത്തുന്നതും പരിഗണനയിൽ ഇല്ല. ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്ന സാഹചര്യത്തിൽ മാത്രമേ അതിന് കുറിച്ച് ആലോചിക്കൂ എന്നാണ് പൊലീസ് നൽകുന്ന സൂചന. ഏതായാലും ജാഗ്രതവേണമെന്ന് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മതപരിവർത്തനം നിരോധിക്കാത്ത സാഹചര്യത്തിൽ കേരളത്തിൽ വിഎച്ച്പി ചടങ്ങിനെ വിലക്കാൻ കഴിയില്ലെന്നാണ് നിഗമനം.

മദ്യപ്രദേശ്, ഗുജറാത്ത്, ഒഡീഷ എന്നിവടങ്ങിളിൽ മതപരിവർത്തനം സംസ്ഥാന സർക്കാരുകൾ നിരോധിച്ചിട്ടുണ്ട്. ഈ നിയമം ഇല്ലാത്ത എല്ലാ സംസ്ഥാനങ്ങളിലും മതപരിവർത്തന ചടങ്ങ് നടത്താനാണ് പരിവാർ സംഘടനകൾ ലക്ഷ്യമിടുന്നത്.