ലോസ് ഏഞ്ചൽസ്: ജെഫ്രി എപ്സ്റ്റീനുമായി കൂടിയത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിപ്പോയി എന്ന് കൊടതിയിൽ തുറന്നു പറഞ്ഞ്, തന്റെ ഇരകൾ അനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് ക്ഷമ ചോദിച്ച കൂട്ടിക്കൊടുപ്പുകാരി ജിസ്ലെയിൻ മാക്സ്വെല്ലിന് അമേരിക്കൻ കോടതി 20 വർഷത്തെ തടവ് ശിക്ഷ നൽകി. അതീവ നീചവും ക്രൂരവുമായ കുറ്റമാണ് മാക്സ്വെൽ ചെയ്തതെന്ന് നിരീക്ഷിച്ച കോടതി ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങിയാലും അഞ്ചു വർഷം കൂടി അവർ നിരീക്ഷണത്തിൽ കഴിയേണ്ടതുണ്ട് എന്നും ഉത്തരവിട്ടു.

ബാല പീഡന കേസുകളിലെ മുഖ്യ പ്രതിയായ ജെഫ്രി എപ്സ്റ്റീൻ മരണമടഞ്ഞപ്പോൾ മാക്സ്വെല്ലിന്അയാളുടെ ഓസ്യ്ത്ത് പ്രകാരം 10 മില്യൺ ഡോളർ ലഭിച്ചു എന്ന് കണ്ടെത്തിയ കോടതി അവരോട് 7,50,000 ഡോളർ പിഴയിടാനും ഉത്തരവിട്ടു. ജെഫ്രീ എപ്സ്റ്റീൻ എന്ന ശതകോടീശ്വരനായ ഹോളിവുഡ് നിർമ്മാതാവിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ എത്തിച്ചു നൽകിയിരുന്നത്, സമൂഹത്തിലെ ഉന്നതരുടെ സദസ്സുകളിൽ പ്രധാനമുഖമായി വിളങ്ങി നിന്ന ജിസ്ലെയിൻ മാക്സ്വെൽ ആയിരുന്നു.

അതുകൊണ്ടു തന്നെ എപ്സ്റ്റീന്റെ കുറ്റകൃത്യത്തിൽ സുപ്രധാനമായ ഒരു പങ്കായിരുന്നു മാക്സ്വെല്ലിന്റേതെന്നും കോടതി നിരീക്ഷിച്ചു. കുറ്റകൃത്യങ്ങൾ ശിക്ഷിക്കപ്പെടാതെ പോകില്ല എന്ന സുവ്യക്തമായ സന്ദേശം നൽകുവാൻ അർഹമായ ശിക്ഷ തന്നെ വിധിക്കുമെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഫെഡറൽ ജയിലുകളിൽ പരോൾ പതിവില്ലാത്തതിനാൽ, 20 വർഷം മുഴുവനും അവർക്ക് ജയിലിൽ തന്നെ കഴിയേണ്ടതായി വരും. ഒരുപക്ഷെ, ജയിലിലെ നല്ല പെരുമാറ്റത്തിന് ശിക്ഷാ കാലാവധി തീരുന്നതിന് ഏതാനും വർഷങ്ങൾക്ക് മുൻപ് മോചിപ്പിക്കപ്പെടാനും ഇടയുണ്ട്.

എപ്സ്റ്റീന്റെ ഓസ്യത്ത് പ്രകാരം മാക്സ്വെല്ലിന് ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ കനത്ത പിഴ ചുമത്തുന്നത് നീതീകരിക്കാനാകില്ലെന്നും അവരുടെ അഭിഭാഷകർ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. കോടതി തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. അതുപോലെ ജയിലിലേക്ക് അയക്കാതെ കറക്ഷൻ സെന്ററിൽ തടവ് ശിക്ഷ അനുഭവിക്കാൻ അനുവദിക്കണമെന്ന ആവശ്യവും അനുവദിച്ചില്ല.

ജിസ്ലെയിൻ മാക്സ്വെല്ലിന് അവർ അർഹിച്ച നീതി ലഭിച്ചില്ലെന്നും, കോടതിയിൽ വിചാരണ ചെയ്യും മുൻപ് തന്നെ വർ പൊതു സമൂഹത്തിൽ വിചാരണചെയ്ത് കുറ്റവാളിയായി ചിത്രീകരിക്കപ്പെട്ടു എന്നും അവരുടെ അഭിഭാഷകർ പറഞ്ഞു. വിധിക്കെതിരെ അപ്പീലിന് പോകുമെന്നും, അപ്പീലിൽ വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അപ്പീലിനു പോകുന്ന കാര്യത്തിൽ കുടുംബത്തിന്റെ മുഴുവൻ പിന്തുണയും മാക്സ്വെല്ലിനുണ്ടാകുമെന്ന് അവരുടെ സഹോദരനും വ്യക്തമാക്കി.

ജയിൽ യൂണിഫോമിൽ കോടതിയിലെത്തിയ മാക്സ്വെൽ കോടതിയിൽ പറഞ്ഞത് എപ്സ്റ്റീൻ തന്നെ കബളിപ്പിക്കുകയായിരുന്നു എന്നാണ്. എപ്സ്റ്റീനൊപ്പം കൂടിയതാണ് താൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം എന്നു പറഞ്ഞ അവർ, തനിക്ക് ചുറ്റുമുണ്ടായിരുന്ന എല്ലാവരേയും എപ്സ്റ്റീൻ വിഢികളാക്കുകയായിരുന്നു എന്നും പറഞ്ഞു. മാക്സ്വെല്ലിന്റെ പ്രവർത്തികൾക്ക് ചുരുങ്ങിയത് 30 വർഷത്തെ തടവ് നൽകണം എന്നായിരുന്നു പ്രോസിക്യുഷൻ വാദിച്ചത്. എന്നാൽ, താൻ പൊതുസമൂഹത്തിന് ഒരു ഭീഷണി അല്ലാത്തതിനാൽ ശിക്ഷ നാലു വർഷമായി ചുരുക്കണമെന്ന് മാക്സ്വെല്ലും വാദിച്ചു.

ജെഫ്രി എപ്സ്റ്റീനിന്റെയും മാക്സ്വെല്ലിന്റെയും ഇരകളുടെ ഒരു പതിറ്റാണ്ടു നീണ്ട പോരാട്ടത്തിനാണ് ഇപ്പോൾ അറുതിയുണ്ടായിരിക്കുന്നത്. അനീ ഫാർമർ, സാറ റാൻസം, എലിസബത്ത് സ്റ്റീൻ, കെയ്റ്റ് എന്നീ നാല് ഇരകളായിരുന്നു നിയമ നടപടികളുമായി മുൻപോട്ട് പോയത്. എപ്സ്റ്റീന്റെയും മാക്സ്വെല്ലിന്റെയും കൈകളിൽ താൻ ഹൃദയസ്പന്ദനമുള്ള ഒരു ലൈംഗിക കളിപ്പാട്ടം മാത്രമായിരുന്നു എന്നായിരുന്നു സാറാ റാൻസം പറഞ്ഞത്. ലൈംഗിക പീഡനം സഹിക്കാതെ ആത്മഹത്യക്ക് വരെ താൻ തുനിഞ്ഞിരുന്നു എന്നും അവർ പറഞ്ഞു.

ഒരിക്കൽ എപ്സ്റ്റീനും സംഘത്തിനുമൊപ്പം അയാളുടെ സ്വകാര്യ ദ്വീപിൽ വെച്ച് തന്നെ ക്രൂരമായി പീഡിപ്പിച്ചു എന്ന് അവർ പറയുന്നു. ലൈംഗിക വൈകൃതങ്ങളുടെ ആറാട്ടായിരുന്നു. സഹിക്കവയ്യാതെ സ്രാവുകൾ നീന്തിനടക്കുന്ന കടലിലേക്ക് ചാടി രക്ഷപ്പെടാൻ തീരുമാനിച്ചു. എന്നാൽ ചാടാൻ ഒരുങ്ങുന്നതിനു മുൻപ് താൻ പിടിക്കപ്പെട്ടു എന്നും അവർ പറഞ്ഞു. അന്നത്തെ മാക്സ്വെല്ലിൽ നിന്നും ഇന്നത്തെ മാക്സ്വെല്ലിന് ഒരു വ്യത്യാസവും ഇല്ലെന്നും സാറ വ്യക്തമാക്കി. ഇപ്പോഴും അപകടകാരിയായ അവർ ഇനിയുള്ള കാലം ജയിലിൽ തന്നെ കഴിയട്ടെ എന്നും സാറ പറയുന്നു.

മാക്സ്വെല്ലിന്റെ മറ്റ് ഇരകളും ഈ വിധിയിൽ സന്തോഷം പ്രകടിപ്പിച്ചു. തന്റെ നിഷ്‌കളങ്കതയേയും അറിവില്ലായ്മയേയും മാക്സ്വെൽ ദുരുപയോഗപ്പെടുത്തുകയായിരുന്നു എന്നയിരുന്നു കെയ്റ്റ് പറഞ്ഞത്. അതേസമയം മറ്റൊരു ഇരയായ എലിസബത്ത് സ്റ്റീൻ പറഞ്ഞത്, കൂട്ട ബലാത്സംഗത്തിനൊടുവിൽ ഗർഭിണിയായ തനിക്ക് ഗർഭഛിദ്രം നടത്തേണ്ടി വന്നു എന്നാണ്. അതേസമയം, മാക്സ്വെലിന്റെ ഇരകളിൽ ഒരാളും ആൻഡ്രൂ രാജകുമാരനെതിരെ നിയമനടപടികൾക്ക് ഒരുങ്ങുകയും ചെയ്ത വെർജീനിയ റോബർട്ട്സ് വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നില്ല.

1994 മുതൽ 2004 വരെ എപ്സ്റ്റീന്റെ വലം കൈയായിരുന്ന മാക്സ്വെല്ലും പലപ്പോഴും പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നു എന്ന് ഇരകളിൽ ചിലർ പറഞ്ഞു. എപ്സ്റ്റീന്റെ വീടിനകത്തെ വസ്തുതകൾ മനസ്സിലാക്കുവാൻ 24 സാക്ഷികളേയായിരുന്നു കോടതിയിൽ വിചാരണ ചെയ്തത്. എപ്സ്റ്റീന്റെ സ്വകാര്യ വിമനങ്ങളിലെ പൈലറ്റുമാർ വരെ വിചാരണ ചെയ്യപ്പെട്ടു. അവരിൽ നിന്നായിരുന്നു ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരൻ, മുൻ അമേരിക്കൻ പ്രസിഡണ്ട് ബിൽ ക്ലിണ്ടൺ, ഡോണാൾഡ് ട്രംപ് എന്നിവർ ചിലയാത്രകളിൽ എപ്സ്റ്റീനോടൊപ്പം ഉണ്ടായിരുന്ന കാര്യം പുറത്തുവന്നത്.