പാലക്കാട്: പാലക്കാടൻ ഗ്രാമങ്ങളിൽ ഇനി പെൺകുഞ്ഞ് പൊൻകുഞ്ഞ്. പെൺകുഞ്ഞ് പിറന്നാൽ അവളെ പൊൻകുഞ്ഞാക്കാൻ അവളുടെ നാട് മുഴുവനും ഉണ്ടാവും.

പെൺകുട്ടി പിറന്നാൽ അവൾക്ക് ഒരു പവൻ സമ്മാനമായി നൽകുന്ന പദ്ധതിയുമായി നാട്ടിൻപുറത്തെ ഒരു സാധാരണ വായനശാല രംഗത്ത്. ഒറ്റപ്പാലത്തിനടുത്ത് വാണിയംകുളം വെള്ളിയാട് ഉദയ ഗ്രാമീണ വായനശാലയാണ് പെൺകുഞ്ഞിനെ പൊൻകുഞ്ഞാക്കുന്ന താലോലം പദ്ധതിക്ക് തുടക്കമിട്ടത്.

ജനിക്കുന്ന ഓരോ പെൺകുഞ്ഞിന്റേയും പേരിൽ വായനശാല 5000 രൂപ ബാങ്കിൽ നിക്ഷേപിക്കും. രക്ഷിതാക്കളുടെകൂടി ഉത്തരവാദിത്വത്തിൽ പണം നിക്ഷേപിച്ച് പ്രായപൂർത്തിയാകുമ്പോൾ പണമായോ ഒരു പവൻ സ്വർണമായോ നൽകുന്ന പദ്ധതിക്ക് ഗാന്ധിജയന്തി ദിനമായ ഇന്നലെ തുടക്കം കുറിച്ചു.

സ്‌പോൺസർമാരിൽനിന്നാണു പദ്ധതിക്ക് പണം കണ്ടെത്തുന്നത്. ഇതിന്റെ ഉദ്ഘാടനം വെള്ളിയാട് ഗ്രാമത്തിൽ നടന്ന ചടങ്ങിൽ സിനിമ ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നിർവ്വഹിച്ചു.

രണ്ടു മാസം മുമ്പ് അമ്പലപ്പാറ പഞ്ചായത്താണ് പെൺകുട്ടി പിറന്നാൽ വീട്ടിലേക്ക് പഞ്ചായത്ത് വക സമ്മാനപ്പെട്ടി എത്തിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടത്. അമ്പലപ്പാറ പഞ്ചായത്തിൽ എവിടെ പെൺകുട്ടി ജനിച്ചാലും വീട്ടിലേക്ക് സമ്മാനപ്പൊതിയുമായി പഞ്ചായത്ത് പ്രതിനിധികൾ എത്തും.

ഒരു കുട്ടിക്ക് വേണ്ട ഉടുപ്പുകൾ മുതൽ എല്ലാം ഈ സമ്മാനപ്പെട്ടിയിൽ ഉണ്ടാവും. ഭാവിയിൽ സ്വർണനാണയം കൂടി ഉൾപ്പെടുന്ന പെട്ടി സമ്മാനിക്കാൻ പദ്ധതിയുണ്ടെന്ന് അന്ന് പഞ്ചായത്ത് അധിക്യതർ പറഞ്ഞിരുന്നു. ജനിക്കുന്ന ഓരോ പെൺകുട്ടിക്കും പുറകിൽ ഒരു നാട് മുഴുവൻ ഉണ്ടാവുമെന്ന മഹത്തായ സന്ദേശം കൂടി പകരുന്നതാണ് ഈ തീരുമാനം. പെൺ ഭ്രൂണഹത്യകൾ കുറയ്ക്കാനും പെൺകുട്ടിയെന്നത് പൊൻകുഞ്ഞെന്ന സന്ദേശം കൂടി പകരാനും ഇതിന് കഴിയും.