കോഴിക്കോട്: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ആൺശരീരം സ്വീകരിച്ച കോഴിക്കോട് പെരുവണ്ണാമുഴി സ്വദേശിയായ അർച്ചന അഥവാ ദീപു പെൺസുഹൃത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത് ലിംഗം മാറാനും ശസ്ത്രക്രിയ നടത്താനും പ്രേരിപ്പിച്ച ശേഷം തന്നെ സുഹൃത്ത് വഞ്ചിച്ചപ്പോൾ. ശസ്ത്രക്രിയക്ക് ശേഷം സുഹൃത്ത് നിർദ്ദേശിച്ച പ്രകാരം ദീപുവെന്ന പേരും സ്വകരിച്ചു, പക്ഷെ അപ്പോഴേക്കും സുഹൃത്തിന്റെ മനസ്സ് മാറി. ഒരുമിച്ചുജീവിക്കാമെന്ന നിലപാട് അവൾ മാറ്റി. ഇതോടെ ആകെ തകർന്ന് പോയത് പുരുഷനായി മാറിയ യുവതിയാണ്. കോടതിയിലും പൊലീസിലും പിന്നെയൊരു മധ്യസ്ഥ ചർച്ചയിലും കാമുകി നിലപാട് മാറ്റിയതോടെ പെട്ടു പോയത് ദീപു ആർ. ദർശനെന്ന പഴയ അർച്ചന രാജാണ്.

സ്‌നേഹബന്ധത്തിന്റെ പേരിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായി മാറിയ യുവതി, വിവാഹ വാഗ്ദാനം നൽകിയ പെൺകുട്ടി തന്നെ ചതിച്ചെന്ന ആരോപണവുമായി രംഗത്ത് വന്നെങ്കിലും ഇതിൽ ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലാണ് പൊലീസ്. ആരെ വിവാഹം ചെയ്യണമെന്നത് വ്യക്തികളുടെ ഇഷ്ടമാണ്. അതിൽ ഒന്നും ചെയ്യാനാകില്ലെന്നാണ് നിയമ വൃത്തങ്ങൾ നൽകുന്ന സൂചനയും. അതുകൊണ്ട് തന്നെ ദീപുവെന്ന അർച്ചനയ്ക്ക് മുന്നിലുള്ളത് വെല്ലുവിളികൾ ഏറെ നിറഞ്ഞ വഴികളാണ്. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് അർച്ചനയും ഒരു പെൺകുട്ടിയും അടുപ്പത്തിലാകുന്നത്. വിവാഹിതയായ അർച്ചന ആ ബന്ധം വേർപെടുത്തിയതോടെ അടുപ്പം ദൃഢമായി. ഒരുമിച്ചു ജീവിക്കാൻ ഇരുവരും തീരുമാനിക്കുകയും തുടർന്നു ചെന്നൈയിലെ ആശുപത്രിയിൽ അർച്ചന 2 മാസം മുൻപു ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയാകുകയും ചെയ്തു. എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞതോടെ കാര്യങ്ങൾ മാറിയതായും പെൺകുട്ടി കോടതിയിൽ ഉൾപ്പെടെ ബന്ധം നിഷേധിച്ചതായും ദീപു പറഞ്ഞു.

കമ്പനിയിൽ ഒരുമിച്ച് ജോലിചെയ്തിരുന്ന ഇവർ നേരത്തെ പ്രണയത്തിലായിരുന്നു. കോഴിക്കോട്ടെ ഒരു സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരായിരുന്നു അർച്ചനയും സുഹൃത്തും. പരസ്പരം പരിചയപ്പെട്ട ഇവർ പിന്നീട് പ്രണയത്തിലായി. ഒരുമിച്ചു ജീവിക്കാൻ പങ്കാളികളിൽ ഒരാൾ ആണായി മാറാൻ തീരുമാനിച്ചു. സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ ശസ്ത്രക്രിയ നടത്തി ആൺശരീരം സ്വീകരിച്ചതെന്നും അർച്ചന പറയുന്നു. വാട്‌സാപ്പ് ചാറ്റും കോൾറെക്കോർഡും ഉൾപ്പെടെയുള്ള തെളിവുകൾ ദീപുവിന്റെ കൈവശമുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ സാഹചര്യത്തിൽ ഇനി അർച്ചനയിലേക്കൊരു മടക്കമില്ല, ദീപുവായി ജീവിക്കും. പക്ഷെ തനിക്ക് പറ്റിയ ചതിയുടെ കഥ ചർച്ചയാക്കാനാണ് ദീപുവിന്റെ തീരുമാനം. ഒക്ടോബർ 24ന് ചൈന്നെയിൽ വച്ചാണ് ദീപുവിന്റെ ലിംഗമാറ്റശസ്ത്രക്രിയ നടന്നത്. കൗൺസിലിങ്ങും ഹോർമോൺ ടെസ്റ്റും നടത്തി വളരെ പെട്ടെന്ന് ശസ്ത്രക്രിയ പൂർത്തിയാക്കുകയായിരുന്നു. മനസ്സുമാറി കാമുകി തിരിച്ചുവരുമെന്നാണ് ദീപുവിന്റെ പ്രതീക്ഷ. തന്റെ പ്രണയവും സൗഹൃദയും ജയിക്കുമെന്നാണ് ദീപു പറയുന്നത്.

ഇരുവരും കോഴിക്കോട്ടുള്ള ഒരു കമ്പനിയുടെ രണ്ടു ബ്രാഞ്ചുകളിലായിരുന്നു ജോലി ചെയ്തത്. 2017 നവംബറിൽ കോഴിക്കോട് നടന്ന കമ്പനി മീറ്റിംഗിലാണ് ഇവർ ആദ്യമായി കണ്ടത്. തുടർന്ന് സൗഹൃദത്തിലായി. ഇതിനിടെ നേരത്തെ നിശ്ചയിച്ചുറപ്പിച്ച അർച്ചനയുടെ വിവാഹം നടന്നെങ്കിലും പൊരുത്തക്കേടുകൾ കാരണം ബന്ധം അധികം നാൾ നീണ്ടുനിന്നില്ല. തുടർന്ന് കാമുകിയും താനും തമ്മിലുള്ള സൗഹൃദം തുടർന്നെന്ന് ദീപു പറയുന്നു. പിന്നീട് ഒരേ ബ്രാഞ്ചിൽ ജോലിയായതോടെ ഇവരുടെ ബന്ധം കൂടുതൽ ദൃഢമായി. കാമുകിയക്ക് വിവാഹാലോചനകൾ വന്നതോടെ താനില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് പറയുകയായിരുന്നെന്ന് ദീപു പറയുന്നു. ദീപു എന്ന പേര് നിർദ്ദേശിച്ചതും അവളായിരുന്നു. അതുകൊണ്ട് തന്നെ അവളുടെ താത്പര്യപ്രകാരം രണ്ടു ലക്ഷം രൂപ ചെലവഴിച്ച് അർച്ചന ശസ്ത്രക്രിയ നടത്തി ദീപുവായി മാറി.

ശസ്ത്രക്രിയയുടെ കാര്യം വീട്ടിൽ അച്ഛന്റെ സഹോദരന് മാത്രമെ അറിയുകയുള്ളുവായിരുന്നു. തന്നെ കെട്ടിയില്ലെങ്കിൽ മരിക്കുമെന്ന് ദർശന പറഞ്ഞിട്ടാണ് ഇളയച്ചൻ ശസ്ത്രക്രിയയ്ക്ക് സമ്മതിച്ചതെന്ന് ദീപു പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് പുതിയൊരാളായി എത്തിയ ദീപുവിനെ കാമുകി അവഗണിക്കാൻ തുടങ്ങി. ദീപു സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കാമുകി ബന്ധം നിരസിച്ചു. ഇതോടെ ആളുകളെല്ലാം തനിക്കെതിരായി. ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്തെങ്കിലും ദർശന കോടതിയിലും തന്നെ നിഷേധിക്കുകയായിരുന്നുവെന്ന് ദീപു വ്യക്തമാക്കി.

സാധാരണ പെൺകുട്ടിയായി ജീവിച്ച തന്നെ എല്ലാവരുമിപ്പോൾ ട്രാൻസ്ജെൻഡറായി വിശേഷിപ്പിക്കുന്നു. പരിഹാസങ്ങൾ സഹിക്കാൻ പറ്റുന്നില്ലെന്നും ഇത്തരമൊരു അനുഭവം മറ്റാർക്കും ഉണ്ടാവരുതെന്നും ദീപു ആർ ദർശൻ കണ്ണീരോടെ പറയുന്നു.