ന്യൂഡൽഹി: രാജ്യത്തെ സൈനിക സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്രസർക്കാർ. ആദ്യ ഘട്ടമെന്ന നിലയിൽ നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതാ കേഡറ്റുകളെ ഉൾപ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. ഇക്കാര്യം കേന്ദ്രസഹമന്ത്രി സുഭാഷ് രാമറാവു ഭാമ്രെ ലോക്സഭയിൽ അറിയിച്ചു.

രാജ്യത്ത് 22 സംസ്ഥാനങ്ങളിലായി 26 സൈനിക സ്‌കൂളുകളാണുള്ളത്. 21 എണ്ണം കൂടി ആരംഭിക്കുന്ന കാര്യം ആലോചനയിലാണ്. ഇതോടനുബന്ധിച്ചാണ് സൈനിക സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം നല്കുന്ന കാര്യം പരിഗണിക്കുന്നത്. പ്രതിരോധമന്ത്രാലയം ഇതുസംബന്ധിച്ച ചർച്ചകൾ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.

2017-18 അധ്യയനവർഷത്തേക്ക് 80 കോടി രൂപയാണ് സൈനികസ്‌കൂളുകളുടെ പ്രവർത്തനങ്ങൾക്കായി വകയിരുത്തിയിട്ടുള്ളതെന്ന് കേന്ദ്രപ്രതിരോധ മന്ത്രി അരുൺ ജയ്റ്റ്ലി നേരത്തെ അറിയിച്ചിരുന്നു. 2016ൽ നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക് പ്രവേശനം നേടിയവരിൽ 29.33 ശതമാനം പേർ സൈനിക സ്‌കൂളുകളിൽ നിന്നുള്ളവരായിരുന്നു.പ്രതിരോധ മേഖലയിൽ പ്രാദേശിക തുല്യത ഉറപ്പ് വരുത്താനാണ് കൂടുതൽ സൈനിക സ്‌കൂളുകൾ തുടങ്ങുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.