കോഴിക്കോട്: വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ സഹോദരിമാരടക്കം ആറ് പെൺകുട്ടികളെ ബെംഗളൂരുവിലെ മഡിവാളയിൽ കണ്ടെത്തി. ഒരു പെൺകുട്ടി പിടിയിലായി. അഞ്ച് പേർ ഓടി രക്ഷപ്പെട്ടു. പെൺകുട്ടിയെ തടഞ്ഞുവെക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നു.

പെൺകുട്ടികൾക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെ മടിവാള പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂർ, കൊല്ലം സ്വദേശികളാണ് പൊലീസ് കസ്റ്റഡിയിലായത്. പെൺകുട്ടികൾ ബെംഗളൂരുവിൽ എത്തിയെന്ന വിവരം നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ആറു കുട്ടികളെയാണ് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഇന്നലെ മുതൽ കാണാതായിരുന്നത്. ഇതിൽ ഒരാളെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

മഡിവാളയിൽ മലയാളികൾ നടത്തുന്ന ഒരു ഹോട്ടലിൽ വച്ചാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഹോട്ടലിൽ മുറി എടുക്കാനെത്തിയതായിരുന്നു കുട്ടികൾ. തിരിച്ചറിയൽ രേഖകളൊന്നും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. തുടർന്ന് സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ പെൺകുട്ടികളെ തടഞ്ഞുവെക്കുകയായിരുന്നു. അഞ്ചുപേർ പൊലീസ് എത്തുമ്പോഴേക്കും രക്ഷപ്പെട്ടതായി ഹോട്ടൽ ജീവനക്കാർ പറഞ്ഞു. ഒരാളെ പൊലീസിൽ ഏൽപ്പിച്ചു.

കുട്ടികളുടെ ഫോട്ടോ സഹിതമുള്ള വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിരുന്നു. ഇതേത്തുടർന്ന് പെൺകുട്ടികളെ സംബന്ധിച്ച് സംശയം തോന്നിയ ഹോട്ടലധികൃതരും നാട്ടുകാരും ചേർന്നാണ് പെൺകുട്ടിയെ തടഞ്ഞുവെച്ചത്. മറ്റ് പെൺകുട്ടികൾ ഓടി രക്ഷപ്പെടുകയായിരുന്നു. കേരള പൊലീസ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇതിനുശേഷം മഡിവാള പൊലീസ് പെൺകുട്ടിയെ കേരള പൊലീസിന് കൈമാറും.

മറ്റ് പെൺകുട്ടികൾ അധിക ദൂരം സഞ്ചരിക്കാൻ ഇടയില്ലെന്നും എത്രയും വേഗം തന്നെ ഇവരെ കണ്ടെത്താനാകുമെന്നും പൊലീസ് അറിയിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് എത്രയും പെട്ടെന്ന് കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

കോഴിക്കോട്ട് നിന്ന് പൊലീസ് സംഘമാണ് ബെംഗളൂരുവിലേക്ക് തിരിച്ചത്. ഇന്നലെ വൈകിട്ടാണ് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായത്. കാണാതായ ആറുപേരും കോഴിക്കോട് ജില്ലയിൽ നിന്നുള്ളവരാണ്. ചിൽഡ്രൻസ് ഹോമിൽ റിപ്പബ്ലിക് ദിനാഘോഷം നടന്നിരുന്നു. ഇതിന് ശേഷമാണ് കുട്ടികളെ കാണാതായത്. കാണാതായ ആറു പേർക്കും പ്രായപൂർത്തിയായിട്ടില്ല.

ഇവരിൽ രണ്ടുപേർ സഹോദരിമാരാണ്. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. വാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ വി മനോജ്കുമാർ സ്വമേധയാണ് കേസെടുത്തത്. അന്വേഷണം ഊർജ്ജിതമാക്കാനും സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാനും ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി.

സംഭവം സംബന്ധിച്ച് ജില്ലാ ബാലാവകാശ സംരക്ഷണ ഓഫീസറോട് അടിയന്തര റിപ്പോർട്ട് നൽകാനും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. കമ്മീഷൻ അം?ഗം ബി ബബിത ചിൽഡ്രൻസ് ഹോം സന്ദർശിച്ചു. ചിൽഡ്രൻസ് ഹോമിൽ ജീവനക്കാർ കുറവാണെന്നും അത് പരിഹരിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബബിത പറഞ്ഞു. പൊലീസിൽ അറിയിക്കാൻ വൈകിയതിനെ കുറിച്ച് റിപ്പോർട്ട് തേടിയിതായും വാർഡന് വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും കമ്മീഷൻ അംഗം പറഞ്ഞു.