ലോകാവസാനമെന്നത് അന്ധവിശ്വാസികളുടെ മാത്രം ആശങ്കയാണെന്ന് കരുതുന്നവർക്ക് തെറ്റി. ശാസ്ത്രലോകവും അത്തരത്തിലൊരു അന്ത്യത്തെക്കുറിച്ച് ആശങ്കപ്പെടുന്നുണ്ട്. 250 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ലോകത്ത് ജീവിച്ചിരുന്ന 90 ശതമാനം ജീവികളെയും ഇല്ലാതാക്കിയ മഹാമാരിപോലൊന്ന് ഇനിയുമുണ്ടാകാമെന്ന് ശാസ്ത്രലോകംപറയുന്നു. ആഗോള താപനം അത്തരത്തിലൊരു കൂട്ടക്കുരുതിക്ക് വഴിവെക്കുമെന്നാണ് അവരുടെ ആശങ്ക.

250 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് എന്താണ് സംഭവിച്ചതെന്ന് ശാസ്ത്രലോകത്തിനിന്നും തീർച്ചപ്പെടുത്താനായിട്ടില്ല. ഇനി ലോകാവസാനമുണ്ടാകുന്നത് ഉൽക്ക പതിച്ചിട്ടോ അഗ്നിപർവത സ്‌ഫോടനത്തിലോ ആകുമെന്ന് കരുതിയിരുന്ന ശാസ്ത്രലോകം അതിന് കാരണം ആഗോളതാപനമാകുമെന്നാണ് ഇപ്പോൾ കരുതുന്നത്. അന്തരീക്ഷത്തിലേക്ക് വൻതോതിൽ ബഹിർഗമിക്കുന്ന മീഥൈൻ അപകടകരമായ സാഹചര്യമുണ്ടാക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

പാലിയോവേൾഡ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിലാണ് ആഗോള താപനം ലോകാവസാനത്തിന് വഴിവെച്ചേക്കുമെന്ന ആശങ്ക ശാസ്ത്രജ്ഞർ പങ്കുവെക്കുന്നത്. ഭൂമിയിലെ ജീവിത സാഹചര്യങ്ങളെയാകെ അട്ടിമറിക്കുന്ന തരത്തിലേക്ക് ആഗോളതാപനം മാറുമെന്ന് ഇതിൽ പറയുന്നു. കാർബൺ ഡയോക്‌സൈഡ് അന്തരീക്ഷത്തിലേക്ക് കലരുന്നതുമൂലമുള്ള ആഗോള താപനം മാരകമാണെങ്കിൽ, മീഥൈൻ ബഹിർഗമനത്തിലൂടെ ഉണ്ടാകുന്നത് അവസാനമാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ പീറ്റർ വാധാംസ് പറയുന്നു.

കേബ്രിഡ്ജ് സർവകലാശാലയിലെ പോളാർ ഓഷ്യൻ ഫിസിക്‌സ് ഗ്രൂപ്പാണ് ആഗോളതാപനം ലോകാവസാനത്തിന് കാരണമാകുമെന്ന പഠനം നടത്തിയത്. ആർട്ടിക്കിലെ മഞ്ഞുരുകുന്ന സാഹചര്യത്തിലേക്ക് ആഗോള താപനം വളരുന്നതോടെ, വീണ്ടു ലോകം പ്രളയത്തിന് അടിപ്പെടുമെന്നാണ് ഇവരുടെ വിലയിരുത്തൽ. ആർട്ടിക് ഭൂഖണ്ഡത്തിന് താഴെയുള്ള മീഥൈൻ ശേഖരം അന്തരീക്ഷത്തിലേക്ക് അതിവേഗം ബഹിർഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അന്തരീക്ഷ താപനില ഉയർത്തുകയും ആർട്ടിക്കിലെ ഹിമപാളികളെ ഉരുക്കുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു.