തൃശൂർ: ആഡംബരക്കാറുകളിൽ ചെത്തി നടന്ന നിസാം ഇന്ന് ആകെ നിരാശനാണ്. സമ്പത്തിന്റെ കരുത്തിൽ എന്തും തന്റെ വഴിക്കാക്കാമെന്ന ആത്മവിശ്വാസം ഇന്ന് ആ കണ്ണുകളിലില്ല. ക്ലീൻ ഷേവുമായി ചെത്തു കുട്ടപ്പനായി നടന്ന നിസാമിന് ജയിലിനുള്ളിലും വിഐപി പരഗിണന ഇല്ല. സാധാരണ ജയിൽ ഭക്ഷണവും ഒറ്റപ്പെടലുമെല്ലാം ഇന്ന് നിസാം അനുഭവിക്കുന്നു. താടി വളർത്തി കുഴിഞ്ഞ കണ്ണുമായി ഉദ്ദേശിച്ചതൊന്നും നടന്നില്ലെന്ന പരിഭവം ഇപ്പോൾ വിവാദ വ്യവസായിയുടെ ശരീര ഭാഷയിൽ നിറയുന്നു. അപ്പോഴും ചെറിയ പ്രതീക്ഷയുണ്ട്. എന്നാൽ സഹായിക്കാൻ എത്തുന്നവർ പോലും പെടുന്ന കാലത്ത് അത് നടക്കുമോ എന്ന് കണ്ടു തന്നെ അറിയണം.

ചന്ദ്രബോസ് കൊലക്കേസ് പ്രതി നിസാമിനെ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിൽ പൊലീസിനു ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇത് മാത്രമാണ് അവശേഷിക്കുന്ന പ്രതീക്ഷ. മികച്ച അഭിഭാഷകരെ എത്തിച്ച് കേസ് വാദിച്ച് ജയിലറയിൽ നിന്ന് പുറത്തുവരാമെന്ന നേരിയ പ്രതീക്ഷ മാത്രമേ നിസാമിൽ അവശേഷിക്കുന്നുള്ളൂ. ഫൊറൻസിക് വിദഗ്ധൻ സ്ഥലത്തു ശാസ്ത്രീയ പരിശോധന നടത്തിയതു ചന്ദ്രബോസിന്റെ പോസ്റ്റ്‌മോർട്ടത്തിനുശേഷമാണ്. അപ്പോഴേക്കും മൂന്ന് ആഴ്ചയിലേറെ കഴിഞ്ഞിരുന്നു. സംഭവം നടന്ന ദിവസംതന്നെ എഡിജിപി അടക്കമുള്ളവർ സ്ഥലത്തെത്തുകയും കേസിനു ഗൗരവ സ്വഭാവം വരികയും ചെയ്തിട്ടും പരിശോധന ഇത്ര വൈകിയതു ശാസ്ത്രീയ തെളിവുകളെ ദുർബലപ്പെടുത്തുമെന്നു പറയുന്നു.

ചന്ദ്രബോസിനെ നിസാം ഇടിച്ചു വീഴ്‌ത്തി കാറിനു പിന്നിൽ എടുത്തിട്ടു പോർച്ചു വരെ ഓടിച്ചു പോയി അവിടെ വച്ചു ക്രൂരമായി മർദിച്ചുവെന്നാണു കേസിൽ പറയുന്നത്. അതുകൊണ്ട് തന്നെ ഈ പരിശോധന നിർണ്ണായകവുമാണ്. സാക്ഷിമൊഴിക്കു ബലമേകാൻ കാറിനുള്ളിൽനിന്നു ശേഖരിക്കാവുന്ന വിരലടയാളം, മുടിനാരുകൾ ഇവ ലഭിച്ചിട്ടില്ല എന്നാണു സൂചന. കാറിൽ വലിച്ചുകയറ്റി കൊണ്ടുപോകുന്ന സമയത്തു ഭാര്യയും കയറിയിരുന്നു എന്നാണു പൊലീസിനു ലഭിച്ച വിവരം. നിസാമിന്റെ ഭാര്യയെ പൊലീസ് ചോദ്യംചെയ്തപ്പോൾ ഇതു സമ്മതിച്ചിരുന്നു. പോർച്ചിലെത്തി നിസാം കാറിന്റെ പിൻസീറ്റിൽനിന്നു ചന്ദ്രബോസിനെ വലിച്ചിറക്കിയതു മാത്രമാണു കണ്ടതെന്നാണു ഭാര്യ മൊഴി നൽകിയിരിക്കുന്നത്. ഈ മൂന്നു പേരുടെയും വിരലടയാളം, മുടിനാരുകൾ ഇവ വാഹനത്തിനുള്ളിൽനിന്നു ശേഖരിച്ചാൽ 'കൂറുമാറാനാവാത്ത സാക്ഷികളായി ഇവ മാറും.

ഈ നിർണായക തെളിവുകൾ ശേഖരിക്കേണ്ട സമയത്താണു പൊലീസ് ബംഗളൂരുവിലേക്കു പ്രതിയുമായി തെളിവെടുപ്പുയാത്ര നടത്തിയത്. ചന്ദ്രബോസ് ആക്രമിക്കപ്പെടുമ്പോൾ ഇട്ടിരുന്ന യൂണിഫോം ആശുപത്രിയിൽനിന്നു ശേഖരിച്ചു തെളിവായി സൂക്ഷിച്ചുമില്ല. നിസാമിന്റെ മുഖത്തെ മുറിവുകളും ഫൊറൻസിക് വിദഗ്ധരെകൊണ്ടു പരിശോധിപ്പിച്ചു കാലപ്പഴക്കം രേഖപ്പെടുത്തിയിട്ടില്ല. ആശുപത്രിയിൽ കിടക്കുന്ന സമയത്ത് ഫൊറൻസിക് വിദഗ്ധന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സംഘം ചന്ദ്രബോസിനെ പരിശോധിച്ചു റിപ്പോർട്ട് ചെയ്യേണ്ടിയിരുന്നു. ചന്ദ്രബോസിന്റെ മരണമൊഴി രേഖപ്പെടുത്തിയതുമില്ല.

അതിനിടെ നിസാം കാറിടിച്ചു കൊന്ന ചന്ദ്രബോസിന്റെ വസ്ത്രങ്ങൾ നശിപ്പിക്കപ്പെട്ട സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് അമല ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രിക്കെതിരെ നടപടിയെടുക്കാൻ ആലോചിക്കുന്നതായി മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് ആശുപത്രി അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്.

നടപടി ഉണ്ടായാൽ നിയമപരമായി നേരിടുമെന്നും പറഞ്ഞു. നശിപ്പിക്കപ്പെട്ട വസ്ത്രങ്ങളിലാണ് നിസാം അഞ്ചു ലക്ഷം രൂപ വിലയുള്ള, പാമ്പിൻ തോൽകൊണ്ട് നിർമ്മിച്ച ഷൂസിട്ട് ചവിട്ടിയത്. ഇതിലെ അടയാളങ്ങളും രക്തക്കറയും അടക്കം നിർണായക തെളിവുകളാണ് നശിപ്പിക്കപ്പെട്ടത്. പൊലീസ് സംഭവത്തിന്റെ ഗൗരവം ബോധിപ്പിക്കാത്തതിനാലാണ് വസ്ത്രങ്ങൾ നശിപ്പിക്കാനിടയായതെന്ന് ആശുപത്രി അധികൃതർ മുമ്പ് വ്യക്തമാക്കിയിരുന്നു.