ന്യൂഡൽഹി: സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ സംസ്ഥാനം ഗോവയെന്ന് റിപ്പോർട്ട്. കേരളത്തിനാണ് രണ്ടാം സ്ഥാനം. മിസോറാം, സിക്കിം,മണിപ്പൂർ എന്നിവ തൊട്ടുപിന്നാലെയുണ്ട്.അതേസമയം,സ്ത്രീകൾ ഏറ്റവും സുരക്ഷിതമല്ലാത്ത സംസ്ഥാനം ബിഹാർ,ജാർഖണ്ഡ്, യുപി എന്നിവയാണ്. തീർച്ചയായും രാജ്യതലസ്ഥാനമായ ഡൽഹിയിലെ സ്ത്രീസുരക്ഷ മോശമെന്ന് പറയേണ്ടതില്ലല്ലോ! പ്ലാൻ ഇന്ത്യ തയ്യാറാക്കിയ റിപ്പോർട്ട് വനിത-ശിശുവികസന മന്ത്രാലയമാണ് ഇന്നലെ പുറത്തുവിട്ടത്.

സ്തീസുരക്ഷയിൽ ദേശീയ ശരാശരിയേക്കാൾ മുകളിലാണ് ഗോവ.ദേശീയ ശരാശരി 0.5314 ആണെങ്കിൽ, ഗോവയുടെ ജെൻഡർ വൾനറബിളിറ്റി ഇൻഡക്‌സ് 0.656 ൽ എത്തിനിൽക്കുന്നു.പൂജ്യം മുതൽ ഒന്ന് വരെയാണ് നിലവാര സ്‌കെയിൽ. 0.634 ജിവിഐയുമായി കേരളം രണ്ടാം സ്ഥാനത്താണ്. ആരോഗ്യമേഖലയിലെ നേട്ടങ്ങളാണ് കേരളത്തെ മുൻപന്തിയിലെത്തിച്ചത്.

സ്ത്രീകൾക്കും,പെൺകുട്ടികൾക്കും ഒട്ടുംസുരക്ഷയില്ലാത്ത സംസ്ഥാനം ബീഹാറാണ്.30 സംസ്ഥാനങ്ങളിൽ ദാരിദ്ര്യവും , ആരോഗ്യമേഖലയിലെ പിന്നോക്കാവസ്ഥയും ബീഹാറിനെ വലയ്ക്കുന്നു.ഡൽഹിക്ക് റിപ്പോർട്ടിൽ 28 ാം സ്ഥാനമാണ്.വിദ്യാഭ്യാസ കാര്യത്തിലും, സുരക്ഷയിലും ഏറ്റവും മോശമാണ് തലസ്ഥാനം.ജാർഖണ്ഡ് ഡൽഹിയേക്കാൾ ഒരുപടി മുന്നിലാണ്.2011 ലെ സെൻസസ് രേഖകളുടെ അടിസ്ഥാനത്തിൽ 170 സൂചകങ്ങൾ മാനദണ്ഡമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്