പനാജി: കറൻസി രഹിത രാജ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം. നോട്ടുകളുടെ സ്ഥാനത്ത് എല്ലാവരും ഡിജിറ്റൽ മാർഗങ്ങളിലൂടെ ഇടപാട് നടത്തുന്ന രാജ്യമായി ഇന്ത്യ മാറുമെന്ന് അദ്ദേഹം സ്വപ്‌നം കാണുന്നു. മോദിയുടെ സ്വപ്‌നം സാക്ഷാത്കരിച്ച് ഇന്ത്യക്കാകെ മാതൃകയാകാനൊരുങ്ങുകയാണ് ഗോവ. ഡിസംബർ 31-നകം സമ്പൂർണ കറൻസി രഹിത സംസ്ഥാനമായി ഗോവയെ മാറ്റാനുള്ള തയ്യാറെടുപ്പിലാമ് അധികൃതർ.

പച്ചക്കറിയോ മീനോ ഇറച്ചിയോ ഫെനിയോ മദ്യമോ എന്തുവാങ്ങിയാലും പണം കൊടുക്കേണ്ടതില്ലാത്ത സംസ്ഥാനമായി ഗോവ മാറും. മറിച്ച് മൊബൈൽ ഫോണിലൂടെ ബാങ്കിങ് ഇടപാടുകൾ നടത്തുകയാണ് ചെയ്യുക. പഴ്‌സുമായി നടക്കേണ്ട കാര്യമേ ഉണ്ടാകില്ലെന്ന് ഗോവ ചീഫ് സെക്രട്ടറി ആർ.കെ.ശ്രീവാസ്തവ പറഞ്ഞു. വാങ്ങുന്ന സാധനത്തിന്റെ വില കച്ചവടക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരെയെത്തിക്കോളും.

സ്മാർട്ട്‌ഫോണും ഇന്റർനെറ്റ് കണക്ഷനും ഉള്ളവർക്കുമാത്രമേ ഡിജിറ്റൽ ബാങ്കിങ് നടക്കൂ എന്നും കരുതേണ്ട. സാധാരണ മൊബൈൽ ഫോണിലൂടെയും ഇത് സാധിക്കും. *99# എന്ന് മൊബൈലിൽനിന്ന് ഡയൽ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. പിന്നീട് മൊബൈലിൽ പറയുന്ന നിർദ്ദേശങ്ങൾ അനുസരിക്കുക. സ്വൈപ്പിങ് മെഷിനുകളില്ലാത്ത ചെറുകിട കച്ചവടക്കാർക്കുപോലും ഇതിലൂടെ പണം നൽകാനാവും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലൂടെയുള്ള ഷോപ്പിങ്ങുെ ഇതോടൊപ്പം തുടരും

ചെറിയ കടകളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് എങ്ങനെ ഷോപ്പിങ് നടത്താമെന്നതിന്റെ പ്രദർശനവും ബോധവൽക്കരണവും ഇന്നലെ മപ്പൂസയിലും പനാജിയിലും ആരംഭിച്ചു. പണം ഉപയോഗിച്ചുള്ള ഇടപാടുകൾ വിലക്കിക്കൊണ്ടല്ല സമ്പൂർണ കറൻസി രഹിത സംസ്ഥാനമാവുകയെന്നും ശ്രീവാസ്തവ പറഞ്ഞു. എത്ര കുറഞ്ഞ ഇടപാടും മൊബൈൽ ബാങ്കിങ്ങിലൂടെ നടത്താനാവും.

കൈയിൽ ചില്ലറ പോലും കരുതേണ്ടതില്ല. ഇത്തരം ഇടപാടുകൾക്ക് സർവീസ് ചാർജുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കർ പറഞ്ഞു.