ശിവഗിരി: കേരളത്തിലെ ദൈവങ്ങൾ ശ്രീനാരായണഗുരുവിനോട് നന്ദിയുള്ളവരാണെന്ന് സ്വാമി സന്ദീപാനന്ദഗിരി. ഊരാക്കുടുക്കിൽ നിന്നും ഇരുമ്പറകളിൽ നിന്നും അവരെ മോചിപ്പിച്ചതിന് ദൈവങ്ങൾ ഗുരുവിനോടു കടപ്പെട്ടിരിക്കുകയാണെന്നും സ്‌കൂൾ ഓഫ് ഭഗവത്ഗീത ആചാര്യൻ സന്ദീപാനന്ദഗിരി പറഞ്ഞു. 82-ാമത് ശിവഗിരി തീർത്ഥാടനം പ്രമാണിച്ച് നടക്കുന്ന ഗുരുധർമ്മ പ്രബോധനത്തിൽ ദൈവദശകത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്വാമി വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയമെന്നാണ് വിശേഷിപ്പിച്ചത്. അതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് ഭ്രാന്താലയത്തിനും അപ്പുറത്തുള്ള മാനങ്ങൾ നൽകുകയായിരുന്നു ഗുരു. മനുഷ്യരെ മാത്രമല്ല അദ്ദേഹം സ്വതന്ത്രരാക്കിയത്. ഗുരു തന്റെ ജീവിതചര്യയിൽ വർത്തിക്കുന്ന കാലത്ത് നമ്മുടെ ദൈവങ്ങൾ പോലും ബന്ധനത്തിലായിരുന്നു. ഗുരു ആദ്യം മോചിപ്പിച്ചത് ദൈവങ്ങളെയാണ്.

ശ്രീനാരായണ ഗുരുവിനെ എന്തിനോടെങ്കിലും ഉപമിക്കാമെങ്കിൽ അത് അഗ്‌നിയോടാണ്. അഗ്‌നിയെപ്പോലെയാണ് അല്ലെങ്കിൽ അഗ്‌നി തന്നെയാണ് ഗുരുവിന്റെ കൃതികൾ. ഒരു ഗുരു സർവ്വ ശാസ്ത്രങ്ങളിലും നിപുണനായിരിക്കണം. ശ്രീനാരായണഗുരു അതിന് സർവഥാ അർഹനാണ്. എല്ലാ വിഷയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്. ലൗകികങ്ങളിൽ ലൗകികമായ വിവാഹം പോലും എങ്ങനെ നടത്തണമെന്ന് അദ്ദേഹം മനോഹരമായി പറഞ്ഞിട്ടുണ്ട്.

മലയാളഭാഷയും മലയാള സാഹിത്യവും ശ്രീനാരായണഗുരുവിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. പ്രശസ്തരായ കവികൾക്ക് കവിതയെഴുതാൻ അദ്ദേഹം എത്രമാത്രം പ്രചോദനമായി. ആകെ ഗുരുവിനെക്കുറിച്ച് പഠിക്കുന്നത് സാമൂഹിക പരിഷ്‌കർത്താവെന്ന ഗുരുനിന്ദയായ വാക്കാണ്. വ്യാസനെക്കുറിച്ച് അങ്ങനെയൊരു വാക്ക് കേട്ടിട്ടുണ്ടോ. ഭാരതത്തിലെ പ്രാതഃസ്മരണീയരായ ഋഷിമാരെപ്പോലെ ശ്രീനാരായണഗുരുവും ഋഷിയാണ്. എന്താണ് ഋഷിധർമ്മം, എങ്ങനെയാണ് ഒരു ഋഷി സമൂഹത്തിൽ പ്രവർത്തിക്കേണ്ടത് എന്നതൊക്കെ ശ്രീനാരായണ ഗുരുവിന്റെ ജീവിതമെടുത്തു നോക്കിയാൽ കാണാൻ പറ്റുമെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.

നൂറ്റിയമ്പതുകൊല്ലത്തെ ചരിത്രം, നാരായണഗുരുവിന്റെ പ്രവർത്തനം, അതിനുശേഷമുള്ള കേരളത്തിലെ മാറ്റങ്ങൾ, പുതിയനിയമങ്ങൾ ഇതൊക്കെ പരിശോധിക്കപ്പെടണം. ജനിച്ച ജാതിയോ മതമോ ഒന്നും ഗുരുവിനെ സ്വീകരിക്കുന്നതിന് തടസമായിക്കൂടാ. മലയാളിക്കൊരു ഗുരുവുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ, എന്റെ ഗുരു ശ്രീനാരായണ ഗുരുവാണെന്ന് പറയാൻ സാധിക്കുന്നുവെങ്കിൽ അവന്റെ ദിശാബോധം കുറെക്കൂടി നേരെയാകും. ദൈവദശകം ഒരനുഭവമാണ്. ദൈവത്തിൽ ആരംഭിച്ച് സുഖത്തിലാണവസാനിക്കുന്നത്. ദൈവം സുഖമാണ്, ആനന്ദവുമാണ്.

ഭഗവദ് ഗീതയെപ്പോലെ ദൈവദശകത്തിനും ഒരുപാട് വ്യാഖ്യാനങ്ങളുണ്ട്. ആർക്കും ഉരച്ചുനോക്കാവുന്ന ഉരകല്ലാണ് ദൈവദശകം. ദൈവദശകം വിശ്വപ്രാർത്ഥനയെന്ന് ആദ്യം പറഞ്ഞത് മാർപ്പാപ്പയാണ്. വർഷങ്ങൾക്കു മുമ്പ് ഗുരു നിത്യചൈതന്യയതി വത്തിക്കാനിലെത്തി ഇംഗ്ലീഷിലുള്ള ദൈവദശകം വ്യാഖാനം സമ്മാനിച്ചപ്പോഴായിരുന്നു ഇതെന്നും സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു.