മുംബൈ: ഏറെക്കാലമായി മുകേഷ് അംബാനി കൈവശം വച്ചിരുന്ന അതിസമ്പന്നനായ ഇന്ത്യക്കാരൻ എന്ന പദവി അദ്ദേഹത്തിന് കൈമോശം വന്നു. സൺ ഫാർമ ഉടമ ദിലീപ് ഷാങ് വിയാണ് മുകേഷ് അംബാനിയിൽ നിന്നും അതിസമ്പന്നനായ ഇന്ത്യക്കാരനെന്ന പദവി സ്വന്തമാക്കിയത്. ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിലെ ഉടമകളുടെ ഓഹരിമൂല്യമനുസരിച്ചാണ് സൺ ഫാർമ ഉടമ ദിലിപ് ഷാങ്വി ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായത്.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മുകേഷ് അംബാനിയെ മറികടന്നാണ് 59കാരനായ ദിലിപ് ഒന്നാമനായത്. മുംബൈ സ്‌റ്റോക് എക്‌സ്‌ചേഞ്ച് പുറത്തുവിട്ട കണക്കനുസരിച്ച് വ്യാഴാഴ്ച ഓഹരിവിപണിയിൽ ഇടപാടുകൾ അവസാനിപ്പിച്ചപ്പോൾ 1.46 ലക്ഷം കോടി രൂപയാണ് ദിലിപിന്റെ ആസ്തി. സൺ ഫാർമ, സൺ ഫാർമ അഡ്വാൻസ്ഡ് റിസർച്, റാൻബാക്‌സി ലാബ്‌സ് എന്നീ കമ്പനി ശൃംഖലകളിൽ 63 ശതമാനം ഓഹരിയാണ് ദിലിപിനുള്ളത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, റിലയൻസ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളിൽ 45 ശതമാനം ഓഹരിയുള്ള മുകേഷ് അംബാനിയുടെ ആസ്തി 1.32 ലക്ഷം കോടിയാണ്.

അതേസമയം, ബ്ലൂംബർഗ്‌ഡോട്ട്‌കോമിന്റെ കോടീശ്വരന്മാരുടെ പട്ടികയിൽ മുകേഷ് അംബാനിതന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരൻ. രാജ്യാന്തര തലത്തിൽ മുകേഷ് അംബാനിക്ക് 33ാമത്തെ സ്ഥാനമാണുള്ളത്. ആസ്തി 21.9 ബില്യൻ ഡോളറും. 39ാം സ്ഥാനത്തുള്ള ഷാംഘ് വിയുടെ ആസ്തി 19.7 ബില്യൻ ഡോളറാണ്.