ലണ്ടൻ: ഒരു വാർത്തയെത്തി നിമിഷ വേഗത്തിൽ അതിനു പരിഹാരം. മാസങ്ങളോളം ഭാര്യയിൽ നിന്നും കുഞ്ഞിൽ നിന്നും അകന്നു മാറിയും ബന്ധപ്പെടാൻ സ്വയം വിലക്കേർപ്പെടുത്തിയും കഴിഞ്ഞിരുന്ന മലയാളി യുവാവ് ഗോകുൽ കൃഷ്ണയെ കണ്ടെത്തി മറുനാടൻ വാർത്ത.

ഇയാൾ താമസവും ജോലിയും നൂറു കണക്കിന് മലയാളികൾ താമസിക്കുന്ന ഈസ്റ്റ് മിഡ്‌ലാൻഡ്‌സിലെ ഡെർബിയിൽ ആണെന്ന് കണ്ടെത്താനുമായി. പരിചയക്കാരോടും സോഷ്യൽ മീഡിയയിലും ഡോക്ടർ ആണെന്ന് വരെ സൂചിപ്പിക്കുന്ന യുവാവ് കവൻട്രി യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫിസിയോ തെറാപ്പിയിൽ പോസ്റ്റ് ഗ്രഡേഷൻ അടുത്തിടെ നേടിയെങ്കിലും യോഗ്യതക്കനുസരിച്ച ജോലി ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് സൂചനകൾ വെളിപ്പെടുത്തുന്നത്.

കാരണം ഫിസിയോ തെറാപ്പിസ്റ്റുകളുടെ ജോലി ലഭിക്കാൻ യുകെയിൽ വലിയ പ്രയാസം ഇല്ലെങ്കിലും നിസാര ശമ്പളം ലഭിക്കുന്ന നഴ്‌സിങ് ഹോമുകളിലെ സപ്പോർട്ട് വർക്കർ ജോലിയാണ് ഇയാൾ അടുത്തകാലം വരെ ചെയ്തിരുന്നത്. അതും മലയാളി തന്നെ നടത്തുന്ന സ്വകാര്യ ഏജൻസി മുഖേനെയും. ഇക്കാര്യം ഇയാൾക്കൊപ്പം ജോലി ചെയ്തിരുന്ന മലയാളികൾ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. പക്ഷെ താൻ യുകെയിലെ ഹോസ്പിറ്റലിൽ ഫിസിയോ തെറാപ്പിസ്റ്റാണെന്നാണ് വീട്ടുകാരെ വരെ ഇയാൾ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നതിനും ഭാര്യ ഗ്രീഷ്മ ആരോപിക്കുന്നു.

അതിനിടെ യുകെയിൽ പഠിക്കാൻ പോകാനും ജീവിതം സെറ്റിലാക്കാനും എന്ന പേരിൽ തന്റെ പക്കൽ നിന്നും വാങ്ങിയ 134 പവൻ സ്വർണവും 17 ലക്ഷം രൂപയും മടക്കി ലഭിക്കണം എന്നാവശ്യപ്പെട്ടും സ്ത്രീധന പീഡനത്തിനും കുഞ്ഞിന്റെ സംരക്ഷണം ആവശ്യപ്പെട്ടും ഗ്രീഷ്മ നൽകിയ കേസിൽ ഗോകുലിന്റെ മാതാപിതാക്കളും സഹോദരനും ഹൈക്കോടതിയിൽ നിന്നും ജാമ്യത്തിൽ ആണെന്ന് കേരള പൊലീസ് വ്യക്തമാക്കുന്നു.

കുടുംബം ജാമ്യത്തിൽ, ഭർത്താവിന് കീഴടങ്ങാതെ വഴിയില്ല

ഗോകുലിനോട് പൊലീസിൽ കീഴടങ്ങാനും തിരുവനന്തപുരം ഫോർട്ട് പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇയാൾ ഹൈക്കോടതിയിൽ നിന്നും ജാമ്യത്തിനുള്ള ശ്രമം തുടരുക ആണെങ്കിലും പ്രതി ഹാജരാകാതെ ജാമ്യം ലഭിക്കില്ലെന്നും അഭിഭാഷകർ സൂചിപ്പിക്കുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ ഷാജി എസിനാണ് കേസ് അന്വേഷണ ചുമതല. ഗോകുലിന്റെ യുകെയിലെ രജിസ്ട്രേഷൻ വിവരങ്ങൾ അടക്കമുള്ള കാര്യങ്ങൾ അഭിഭാഷകർ മുഖേനെ പൊലീസിന് ഉടൻ കൈമാറുമെന്ന് ഗ്രീഷ്മ പറയുന്നു. ഇതിനൊപ്പം ഇയാളെ നാട്ടിലെത്തിക്കാൻ എംബസി മുഖേനെ ശ്രമം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ഫിസിയോ തെറാപ്പി രജിസ്ട്രഷൻ നൽകുന്ന യുകെയിലെ അംഗീകൃത ഏജൻസിയായ ഹെൽത്ത് ആൻഡ് കെയർ പ്രൊഫെഷൻസ് കൗൺസിലിന് പരാതി നൽകുവാനും ഇയാളുടെ രജിസ്ട്രേഷൻ നീക്കം ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും നിയമ സഹായം തേടാനുള്ള ഒരുക്കത്തിലാണ് ഗ്രീഷ്മ. തന്റെ ഭർത്താവ് ഐഇഎൽടിഎസ് യോഗ്യത അടക്കം വ്യാജമായി സംഘടിപ്പിച്ചതാണെന്ന വിവരവും വെളിപ്പെടുത്താൻ താൻ തയ്യാറാണ് എന്നും കൈകുഞ്ഞിന്റെ മാതാവ് കൂടിയായ ഗ്രീഷ്മ പറയുന്നു.

വേണ്ടിവന്നാൽ ഗോകുലിനെ തിരികെ നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രിക്കും തിരുവനന്തപുരം എംപി ശശി തരൂരിനും അടക്കം പരാതികൾ നൽകുന്ന കാര്യവും പരിഗണിക്കും.

പിന്തുണയുമായി സോഷ്യൽ മീഡിയ, പഴയ സഹപാഠികളും

ഒരാൾക്ക് എല്ലാക്കാലവും മിടുക്കനായി മേനിനടിക്കാനാകില്ലെന്നാണ് സോഷ്യൽ മീഡിയ നൽകുന്ന പിന്തുണയെ കുറിച്ച് ഗ്രീഷ്മ പറയുന്നത്. ഈശ്വരനാണ് ഇപ്പോൾ എങ്കിലും തന്റെ വേദന പൊതുസമൂഹത്തോടു പങ്കുവയ്‌പ്പിക്കാൻ തോന്നിപ്പിച്ചതെന്നും ഈ യുവതി പറയുമ്പോൾ അതിനു സാധൂകരണമായി ഗോകുലിന്റെ പഴയ കാല സഹപാഠികളും രംഗത്ത് വരുകയാണ്. വാർത്തയുടെ ചുവടെ വായനക്കാർ ഇക്കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്തിയതോടെ തനിക്കും ചിലതു പറയാൻ ഉണ്ടെന്ന വെളിപ്പെടുത്തലുമായി ഗോകുൽ രംഗത്ത് വന്നിരുന്നു.

എന്നാൽ തൊട്ടുപിന്നാലെ ഗ്രീഷ്മ തന്നെ വാർത്തയിൽ പറയുന്ന മുഴുവൻ കാര്യങ്ങളും തന്റെ തന്നെ വെളിപ്പെടുത്തൽ ആണെന്ന് പറയുന്നതിനൊപ്പം തങ്ങളുടെ വിവാഹവും തുടർന്നുള്ള ചതിയും വെളിപ്പെടുത്തിയതിനെ തുടർന്നാണ് അതൊക്കെ ശരിവയ്ക്കും വിധം ഗോകുലിന്റെ സഹപാഠി കൂടിയായ അഭിജിത് ജെപി കമന്റ് ചെയ്തിരിക്കുന്നത്.

ഗ്രീഷ്മ പറയുന്നതിനോട് ഏറെ സാമ്യമുള്ള സ്വഭാവം തന്നെയായിരുന്നു വൈക്കം ബിസിഎഫ് കോളേജ് ഓഫ് ഫിസിയോ തെറാപ്പിയുടെ 2014 ബാച്ചുകാരനായ ഗോകുലിന്റേത് എന്നാണ് പഴയ സഹപാഠി വ്യക്തമാക്കുന്നത്. അക്കാലത്തു കൂടെ പഠിച്ചിരുന്ന മറ്റു വിദ്യാർത്ഥികളും സമാനമായ ഒട്ടേറെ കാര്യങ്ങൾ തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഗ്രീഷ്മ മുൻപ് സൂചിപ്പിച്ചിരുന്നു.

ഗ്രീഷ്മ നേരിടുന്ന പ്രയാസങ്ങൾ വാർത്തയായി പുറത്തു വന്നതോടെ സോഷ്യൽ മീഡിയയിൽ നടക്കുന്ന കോലാഹലം ഒന്നും ശ്രദ്ധിക്കാൻ തനിക്കു സമയം ഇല്ലെന്നും ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയം അല്ലെന്നും മറ്റുള്ളവരെ ബോധിപ്പിക്കാൻ ഇന്നലെയും ഗോകുൽ ക്രിക്കറ്റ് കളിയിൽ ശ്രദ്ധ നൽകുവാനാണ് സമയം കണ്ടെത്തിയതെന്നാണ് ഡെർബി മലയാളികൾ പങ്കുവയ്ക്കുന്ന വിവരം.

ഗോകുലിനെ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്താനായതോടെ നടപടികൾ ഊർജ്ജിതപ്പെടുത്തുകയാണ് എന്നാണ് തിരുവനന്തപുരം ഫോർട്ട് പൊലീസ് പങ്കുവയ്ക്കുന്ന വിവരവും.