- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേനയും മരതകവും കണ്ട് മതിമറന്നവർ വെള്ളരിക്കയിലും വീണു; സ്വർണ്ണക്കട്ടിക്കായി പത്ത് ലക്ഷം ചോദിച്ചപ്പോൾ രണ്ടര കൊടുത്തു; അതിമോഹത്തിൽ പണം നഷ്ടപ്പെട്ടപ്പോൾ പരാതിയും; തട്ടിപ്പ് കഥകൾക്ക് സാക്ഷര കേരളത്തിൽ ക്ഷാമമില്ല
ആലപ്പുഴ : കേരളത്തിൽ ഇന്ന് തട്ടിപ്പുകളുടെ പെരുമഴക്കാലമാണ്. അവിഹിതമായി എന്തും വാങ്ങി കൂട്ടാനുള്ള മലയാളികളുടെ അതിമോഹമാണ് തട്ടപ്പിക്കാർക്ക് കേരളം ഒരു കമ്പോളമാകുന്നത്. ഓരോ തട്ടിപ്പുകളെ കുറിച്ചും ഫീച്ചറുകൾ എഴുതിയാണ് മാദ്ധ്യമങ്ങൾ ജനങ്ങൾക്ക് അറിവ് നൽകിക്കൊണ്ടിരുന്നത്. എന്നാൽ തട്ടിപ്പ് അരികിലെത്തുമ്പോൾ ഈ അറിവുകളെല്ലാം മലയാളികളുടെ
ആലപ്പുഴ : കേരളത്തിൽ ഇന്ന് തട്ടിപ്പുകളുടെ പെരുമഴക്കാലമാണ്. അവിഹിതമായി എന്തും വാങ്ങി കൂട്ടാനുള്ള മലയാളികളുടെ അതിമോഹമാണ് തട്ടപ്പിക്കാർക്ക് കേരളം ഒരു കമ്പോളമാകുന്നത്. ഓരോ തട്ടിപ്പുകളെ കുറിച്ചും ഫീച്ചറുകൾ എഴുതിയാണ് മാദ്ധ്യമങ്ങൾ ജനങ്ങൾക്ക് അറിവ് നൽകിക്കൊണ്ടിരുന്നത്. എന്നാൽ തട്ടിപ്പ് അരികിലെത്തുമ്പോൾ ഈ അറിവുകളെല്ലാം മലയാളികളുടെ മനസിൽനിന്നും മാഞ്ഞുപോകുകയാണ്. നൂറുശതമാനം അക്ഷരജ്ഞാനമുള്ള മലയാളിയെ പള്ളികുടത്തിന്റെ പടിവാതിൽ ചവിട്ടാത്ത അന്യസംസ്ഥാനക്കാരനും സ്വദേശികളും പറ്റിക്കുന്നുവെന്നതാണ് വിരോധാഭാസം.
നേരത്തെ സ്വർണം കലർന്ന ഓയിൽ വാങ്ങാൻ കൊച്ചിയിൽനിന്നും ഒരു അമ്മയും മകനും ഡൽഹിയിൽ പോയി തടിമില്ലിൽനിന്നും പുറത്തുവരുന്ന അറുക്കപ്പൊടി കലർന്ന ഓയിലും വാങ്ങി തിരിച്ചുവന്ന കഥ മലയാളി മറന്നിട്ടില്ല. അമ്മയും മകനും ഓൺലൈൻ വഴിയാണ് സ്വർണ്ണ ഓയിലിനെ കുറിച്ച് അറിഞ്ഞത്. ഉടൻ വിലാസം കണ്ടെത്തി ഓയിൽ കമ്പനിയുടെ ആസ്ഥാന കേന്ദ്രമായ ദക്ഷിണാഫ്രിക്കയിലേക്ക് പണം അയച്ചു കൊടുത്തു. പിന്നീട് പറഞ്ഞ സമയത്ത് വണ്ടി വിളിച്ച് ഡൽഹിയിലെത്തി. കാർഗോ സർവീസിൽനിന്നും ഓയിൽ വാങ്ങി ആരുമറിയാതെ കൊച്ചിയിലെത്തി. ആവേശത്തോടെ തുറന്നുനോക്കിയപ്പോൾ മരപ്പൊടി കലർന്ന ഓയിൽ. നഷ്ടപ്പെട്ടത് ചില്ലറ കാശല്ല. 35 ലക്ഷം. ഭർത്താവ് പതിറ്റാണ്ടോളം മരുഭൂമിയിൽ അദ്ധ്വാനിച്ച് മുഴുവൻ സമ്പാദ്യവും ഭാര്യ സ്വർണ്ണ ഓയിലിൽ കുളിപ്പിച്ചു കിടത്തി.
ഒടുവിൽ ഭർത്താവ് നാട്ടിലെത്തി ഭാര്യയെയും മകനെയും വീട്ടിൽനിന്നും ഇറക്കിവിട്ടു. മലയാളിക്ക് അപമാനം വരുത്തിയ മറ്റൊരു തട്ടിപ്പായിരുന്നു മരതക കച്ചവടം. മരതകവുമായി ഇടുക്കിയിലെ ആദിവാസികുടിയിൽനിന്നെത്തിയ മുത്തു അക്ഷര ജ്ഞാനമുള്ള സോഫ്റ്റ് വെയർ എൻജിനീയരെ പറ്റിച്ചതാണ് വിചിത്രമായത്. മുത്തുവും നാലും സുഹൃത്തുക്കളും ചേർന്നാണ് ആലപ്പുഴ ചന്ദനകാവുള്ള എൻജിനീയറിൽനിന്നും മരതകം നൽകാമെന്നേറ്റ് ഏഴ് ലക്ഷം അഡ്വാൻസ് വാങ്ങിയത്. ചുവപ്പ് നിറമുള്ള ക്ലോസ് അപ്പ് പേസ്റ്റിന്റെ കവർ പ്ലാസ്റ്റിക്ക് കൊണ്ട് നിർമ്മിച്ച താമരയിൽ വച്ച് ലേസർ രശ്മികൾ ട്യൂബിലൂടെ കടത്തിവിട്ട് തിളക്കമുണ്ടാക്കിയാണ് എൻജിനീയറെ വെട്ടിലാക്കിയത്. ഒറ്റനോട്ടത്തിൽ താമരക്കുള്ളിൽ തിളങ്ങുന്ന രത്‌നം കാണാൻ കഴിയും. ഈ കാഴ്ച കണ്ടാണ് എൻജിനീയർ വെട്ടിലായത്. താമരയിൽ തൊടാതിരിക്കാൻ ആത്മീയ പരിവേഷവും നൽകി. തൊട്ട് അശുദ്ധമാക്കിയാൽ വീര്യം പോകുമെന്നാണ് പറഞ്ഞു പ്രചരിപ്പിച്ചത്.
പിന്നീട് മാവേലിക്കരയിൽ സ്വർണ്ണചേന വിറ്റാണ് അമ്മയും മകനും കോടികൾ തട്ടിയത്. മാവേലിക്കര സ്വദേശികളായ അമ്മയും മകനും നല്ലരീതിയിൽ പലചരക്ക് കച്ചവടം ചെയ്ത് ജീവിച്ചുവരികയായിരുന്നു. പെട്ടെന്നാണ് അതിമോഹം ഇവരെ പിടിക്കൂടിയത്. പണം ഉണ്ടാക്കാനുള്ള വ്യഗ്രത ഇവരെ എത്തിച്ചത് സ്വർണ്ണ ചേന കച്ചവടത്തിലേക്കാണ്. പിന്നീട് ഒന്നും ചിന്തിച്ചില്ല ഉടൻ സ്വർണ്ണ ചേന കച്ചവടം ആരംഭിച്ചു. കച്ചവടത്തിൽ വിശ്വാസം പിടിച്ചുപറ്റിയ അമ്മയും മകനും നാട്ടുക്കാരിൽനിന്നും സ്വർണാഭരണങ്ങൾ വാങ്ങി തുടങ്ങി. സ്വർണ്ണ ചേനയ്‌ക്കൊപ്പം ആഭരണങ്ങൾ വച്ചാൽ 90 ദിവസത്തിനുള്ളിൽ ഇരട്ടിക്കുമെന്നാണ് പ്രചരിപ്പിച്ചിരുന്നത്. ഇതുകേട്ടറിഞ്ഞ നാട്ടുക്കാർ കൈയിൽ സൂക്ഷിച്ചിരുന്ന മുഴുവൻ സ്വർണ്ണവും ഇരട്ടിപ്പിന് നൽകി.
ഏതായാലും 90 ദിവസം എത്തിയപ്പോഴേക്കും അമ്മയും മകനും സ്ഥലംവിട്ടു. സ്വർണ്ണ ചേനയ്‌ക്കൊപ്പം വെക്കാൻ കൊടുത്തത് ഒരു കോടിയോളം വിലമതിക്കുന്ന സ്വർണം. നാട്ടുക്കാരുടെ പരാതിയെ തുടർന്ന് അറസ്റ്റിലായ അമ്മയും മകനും ജില്ല വിട്ട് പോകരുതെന്ന കോടതി വിലക്കിയിരിക്കുകയാണ്. വീണ്ടുമൊരു തട്ടിപ്പുമായാണ് മലപ്പുറത്തുനിന്നും നാൽവർ സംഘം ആലപ്പുഴ കായംകുളത്തെത്തിയത്. വ്യാജ സ്വർണ്ണ വെള്ളരിക്ക കാട്ടി തട്ടിപ്പ് നടത്തിയ നാലംഗ സംഘത്തെ ഇന്നലെ പൊലീസ് അറസ്റ്റുചെയ്തു.
മലപ്പുറം കരുവാരംകുണ്ട് ഒറേങ്ങൽ വീട്ടിൽ അഷറഫ് (37), പൂവിൽ വീട്ടിൽ യാക്കൂബ് (37), വടക്കിനേത്ത് വീട്ടിൽ അബ്ദുൾ റഹ്മാൻ (54) പൊൻകുളത്തിൽ വീട്ടിൽ നിയാസ് (23) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കൃഷ്ണപുരം ഞക്കനാൻ ശങ്കരവിലാസത്തിൽ ഉണ്ണിക്കൃഷ്ണൻപോറ്റി എന്നയാളെ കായംകുളത്തുവച്ച് ഒരു കിലോ തൂക്കംവരുന്ന സ്വർണ്ണകട്ടിക്ക് പത്ത് ലക്ഷം രൂപ സമ്മതിച്ച് രണ്ടര ലക്ഷം രൂപ വാങ്ങി പറ്റിച്ചതിനെ തുടർന്ന് കായംകുളം പൊലീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റുചെയ്തത്.
സ്വർണ്ണവെള്ളിരിക്ക എന്ന വ്യാജേന ലോഹങ്ങൾ ഉപയോഗിച്ച് വെള്ളരിക്ക രൂപത്തിൽ ഒരു കിലോമുതൽ ഒന്നര കിലോവരെ തൂക്കമുള്ള ലോഹകട്ടികൾ സ്വർണ്ണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് കേരളത്തിൽ വിവിധ സ്ഥലങ്ങളിലായി തട്ടിപ്പ് നടത്തിയ സംഘമാണ് അറസ്റ്റിലായത്. ഇവരുടെ പേരിൽ മണ്ണാർകാട്, മലപ്പുറം സ്റ്റേഷനുകളിൽ ഇതേ രീതിയിൽ തട്ടിപ്പുകൾ നടത്തിയതിന്റെ പലകേസ്സുകളും നിലവിലുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെക്കൂടാതെ ഇതിന്റെ പിന്നിൽ വൻ സംഘമുണ്ടെന്നാണ് പൊലീസ് പറയുന്നത്.