- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛൻ മെഡിക്കൽ കോളേജിൽ മരണാസന്നനെന്ന് പറഞ്ഞ് മുക്കുപണ്ടം പണയം വച്ച കട്ടപ്പനക്കാരി; കൊട്ടാരക്കരയിൽ ഭാര്യയുടെ ചികിൽസയ്ക്കെന്ന് പറഞ്ഞ് ബാങ്കിനെ തട്ടിക്കാൻ നോക്കിയ ഭർത്താവ്; ശാലിനി സത്യനും സുകേഷും മുക്കുപണ്ട മാഫിയയുടെ കണ്ണികളോ? പണയ തട്ടിപ്പ് തുടർക്കഥയാകുമ്പോൾ
കോട്ടയം: മുക്കുപണ്ടം പണയം വച്ച യുവതി അറസ്റ്റിലാകുന്നത് സ്ഥാപന ജീവനക്കാരുടെ കരുതലിൽ. കട്ടപ്പന വലിയാപറമ്പ് ശാലിനി സത്യനെയാണ് (22) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്കാണു സംഭവം. കേരളത്തിൽ ഉടനീളം സമാന തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഈ സംഘത്തിലെ കണ്ണിയാണോ ശാലിനി എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്നലെ മറ്റൊരിടത്തും ഇത്തരത്തിലെ അറസ്റ്റ് നടന്നിരുന്നു.
കോട്ടയത്ത് പനമ്പാലത്ത് പ്രവർത്തിക്കുന്ന ചൈതന്യ ഫിനാൻസിലെത്തിയ യുവതി ഒന്നരപ്പവന്റെ മുക്കുപണ്ടം പണയം വച്ച് 40,000 രൂപ വാങ്ങി. ഹൃദയാഘാതത്തെ തുടർന്ന് അച്ഛൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ചികിത്സ തേടിയതിനാലാണു സ്വർണം പണയം വയ്ക്കുന്നതെന്നാണ് യുവതി അറിയിച്ചത്. സംശയം തോന്നി ജീവനക്കാർ സ്വർണം പരിശോധിച്ചതോടെ തട്ടിപ്പ് ബോധ്യപ്പെട്ടു. തിരിച്ചറിയൽ രേഖയായി യുവതി ഹാജരാക്കിയ ആധാർ കാർഡിന്റെ പകർപ്പ് വ്യാജമാണെന്നു കണ്ടെത്തി. പിന്നീടു പൊലീസിന് കൈമാറുകയായിരുന്നു.
സമാന രീതിയിലായിരുന്നു കൊട്ടരക്കരയിലും തട്ടിപ്പ്. മുക്കുപണ്ടം പണയംവച്ച് സ്വകാര്യ ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവാണ് അറസ്റ്റിലായത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലാണ് സംഭവം. ഏഴംകുളം നെടുമൺ മലയിൽ ഹൗസിൽ സുകേഷിനെയാണ് (38) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റിലെ സൗമ്യ ഫിനാൻസിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഭാര്യയെ സുഖമില്ലാതെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തിരിക്കുകയാണെന്നും അടിയന്തര സർജറിക്കായി 60000 രൂപ വേണമെന്നും പറഞ്ഞാണ് ഏപ്രിൽ 25ന് ഇയാൾ പണ്ടങ്ങൾ പണയം വച്ചത്. രണ്ടര പവന്റെ വളകൾ പണയം വച്ചാണ് 65,000 രൂപ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് പ്രതി കൈക്കലാക്കിയത്.
ഫിനാൻസ് സ്ഥാപനത്തിന്റെ ഉടമ പിന്നീട് വിശദമായി വളകൾ പരിശോധിച്ചപ്പോഴാണ് ഇത് സ്വർണമല്ലെന്നും മുക്കുപണ്ടമാണെന്നും മനസിലായത്. തുടർന്ന് ഉടമ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുകേഷ് കൊല്ലം ജില്ലയിൽ തന്നെയുണ്ടെന്ന് വ്യക്തമായത്. അറസ്റ്റിലാവുകയും ചെയ്തു. മുക്കുപണ്ട തട്ടിപ്പിൽ സ്വകാര്യ ബാങ്കുകൾ മുൻകരുതൽ എടുത്തിരുന്നു. കുറച്ചു ദിവസം മുമ്പ് തിരുവനന്തപുരം വെള്ളറടയിൽ ഒരേദിവസം വ്യത്യസ്ത സമയങ്ങളിലായി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവത്തിൽ യുവതി അറസ്റ്റിലായിരുന്നു. കീളിയോട് തോട്ടത്ത് വിളാകം പുത്തൻ വീട്ടിൽ രാഖി (23) ആണ് പിടിയിലായത്. 1,13000 രൂപയാണ് ഇവർ മുക്കുപണ്ടം പണയം വെച്ച് തട്ടിയത്.
ഫെബ്രുവരി 23 ന് നിലമാമൂട്ടിലെ നന്ദനം ഫിനാൻസിലും മാരായമുട്ടം വടകരയ്ക്ക് സമീപത്തുള്ള ഗോപിക ഫിനാൻസിലമാണ് പ്രതികൾ മുക്ക്പണ്ടം പണയം വെച്ചത്. കൈവശമുണ്ടായിരുന്ന 916 മുദ്ര പതിപ്പിച്ചതും ഹാൾമാർക്കുമുള്ളതുമായ 18 ഗ്രാം തൂക്കമുള്ള മുക്കുപണ്ടം പണയം നൽകി 65000 രൂപയും വാങ്ങി ഇവിടെ നിന്ന കടന്ന് കളയുകയായിരുന്നു. തുടർന്ന് ഉച്ചക്കാണ് നന്ദനം ഫിനാൻസിലെത്തി പ്രതികൾ തട്ടിപ്പ് നടത്തിയത് ഇവിടെ 16 ഗ്രാമോളം തൂക്കമുള്ള മുക്കുപണ്ടത്തിൽ നിർമ്മിച്ച മാല പണയം വെച്ച് 48000 രൂപയാണ് പ്രതികൾ തട്ടിയത്. ഈ സാഹചര്യത്തിൽ വലിയൊരു മാഫിയ ഇതിന് പിന്നിലുണ്ടോ എന്ന് പൊലീസിന് സംശയമുണ്ട്.
ആർക്കും സംശയമുണ്ടാകാത്ത തരത്തിൽ മുക്കുപണ്ടം ഉണ്ടാക്കുന്ന മാഫിയ സജീവമാണെന്നാണ് വിലയിരുത്തൽ. എന്നാൽ ഇത്തരത്തിലേക്ക് അന്വേഷണം നീണ്ടിട്ടില്ല. ബാങ്കുകൾ ജാഗ്രത പുലർത്തുന്നതു കൊണ്ട് മാത്രമാണ് ചിലരെങ്കിലും പിടിക്കപ്പെടുന്നത്.
മറുനാടന് മലയാളി ബ്യൂറോ