- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണം പണയം വച്ച് ആദ്യം വിശ്വാസ്യത നേടും; പിന്നെ മുക്കുപണ്ടം വച്ച് പണം തട്ടും; 8.5 ലക്ഷം തട്ടിയ കേസിൽ പിടിയിലായത് എം.ടെക് ബിരുദധാരി; അച്ഛനും സഹോദരിക്കും എതിരെ സമാനമായ കേസുകൾ
വെള്ളറട: മുക്കുപണ്ടം പണയം വെച്ച് 8.5 ലക്ഷം തട്ടിയ കേസിൽ പിടിയിലായത് എം.ടെക് ബിരുദധാരിയായ കന്യാകുമാരി സ്വദേശി. കന്യാകുമാരി ജില്ലയിലെ മാങ്കോട് മഹാദേവക്ഷേത്രത്തിനുസമീപം ആർ.എസ് ഭവനിൽ അനുവാണ് (32) പനച്ചമൂടുള്ള സ്ഥാപനത്തിൽ 30 പവൻ പണയംവച്ച് എട്ടര ലക്ഷം രൂപ കൈക്കലാക്കിയത്.
വർഷങ്ങൾ കഴിഞ്ഞിട്ടും തിരികെ പണയമെടുക്കാൻ വരാത്തതിനെ തുടർന്ന് സ്ഥാപന അധികൃതർ നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. വെള്ളറട പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ ഇയാളെ സമാന തട്ടിപ്പ് നടത്തിയതിന് വഞ്ചിയൂർ പൊലീസ് പിടികൂടുകയായിരുന്നു. തുടർന്നാണ് ഇയാൾ നടത്തിയ തട്ടിപ്പുകൾ പുറത്തായത്.
റിമാൻഡിൽ കഴിയുകയായിരുന്ന പ്രതിയെ വെള്ളറട പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനെത്തിച്ചു. പനച്ചമൂട്ടിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് 8.5 ലക്ഷം തട്ടിയ ഇയാൾ സമാനമായ രീതിയിൽ മംഗലപുരം, വഞ്ചിയൂർ, ശ്രീകാര്യം തുടങ്ങിയ സ്റ്റേഷൻ പരിധിയിലും തട്ടിപ്പ് നടത്തിയിരുന്നു.
എം.ടെക് ബിരുദധാരിയാണ് പിടിയിലായ അനുവെന്ന് സർക്കിൾ ഇൻസ്‌പെക്ടർ മുതൽ കുമാർ പറഞ്ഞു. വെള്ളറട പൊലീസ് നടപടിക്രമം പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി
ആദ്യം നല്ല സ്വർണം കൊണ്ടുവന്ന് പണയംവച്ച് സ്ഥാപനത്തിന്റെ വിശ്വാസ്യത നേടിയശേഷമാണ് ഇയാൾ കബളിപ്പിക്കൽ നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഇയാളുടെ അച്ഛൻ രഘുകൃഷ്ണപിള്ള, സഹോദരി എന്നിവർക്കെതിരെയും കേസുണ്ട്. മംഗലപുരം, ശ്രീകാര്യം സ്റ്റേഷനുകളിലും അനുവിനെതിരെ കേസുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
മറുനാടന് മലയാളി ബ്യൂറോ