കാസർകോഡ്: പൈവളിഗ സുന്നക്കട്ടയിൽ സ്വർണ്ണവ്യാപാരിയെ കൊന്ന് പൊട്ടക്കിണറ്റിൽ തള്ളിയ കേസിൽ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞതായി സൂചനകൾ. കൊലയാളികളെ സഹായിച്ചവരെന്ന് സംശയിക്കുന്ന മൂന്നുപേരെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു.

ചെട്ടുംകുഴി സ്വദേശിയും സ്വർണ്ണ വ്യാപാരിയുമായ മൻസൂർ അലിയുടെ കൊലപാതകത്തിനു പിന്നിൽ ഒമ്പതംഗ സംഘമാണെന്നാണ് പൊലീസിന് കിട്ടിയിട്ടുള്ള വിവരം. കൃത്യം നടത്തിയ മൂന്ന് പേരിലൊരാൾ തമിഴ്‌നാട് സ്വദേശിയാണെന്നും ഇയാളുടെ ഓംനി വാനിലാണ് മറ്റ് ആറുപേരടക്കമുള്ള ഒമ്പതംഗ സംഘം കൊലപാതകത്തിനു ശേഷം രക്ഷപെട്ടതെന്നും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.

ഈ സംഘത്തെ സഹായിച്ചവരെന്ന് കരുതുന്ന മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.ഇവർ സഞ്ചരിച്ച ഓട്ടോ റിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഒരു സഹകരണ സംഘത്തിൽനിന്നും പണയ സ്വർണം എടുത്തു നൽകാമെന്ന് പറഞ്ഞാണ് മൻസൂർ അലിയെ ബായാറിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് സൂചന.

പഴയ സ്വർണം എടുക്കുന്നതുമായിബന്ധപ്പെട്ട് വിലയെചൊല്ലി തർക്കമുണ്ടായെന്നും പിന്നീട് പണം തട്ടിപ്പറിച്ചശേഷം കൊലനടത്തുകയുമായിരുന്നുവെന്നുമാണ് സംശയിക്കുന്നത്.സ്വർണത്തിന് വിലപേശുന്നതിന്റെ ഭാഗമായി ബാഗിൽകൊണ്ടുതിൽ നിന്ന് കുറച്ച് പണം മൻസൂർ അലി പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്നു.

ഇങ്ങനെ സൂക്ഷിച്ച മൂന്ന് ലക്ഷത്തി അറുപത്തി ആറായിരം രൂപ  മൃതദേഹത്തിൽ നിന്ന് പൊലീസിന് കിട്ടിയിരുന്നു.കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.