- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ തിരുവാഭരണ സ്വർണ്ണ മുത്തുകൾ കാണാതായ സംഭവം: ഹൈന്ദവ സംഘടനകളുടെ നാമജപ പ്രതിഷേധം തിങ്കളാഴ്ച; സംഭവം ഗുരുതരമെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ; കാണാതായത് ഒൻപത് മുത്തുകൾ; കുറവ് കണ്ടുപിടിച്ചത് പുതിയ മേൽശാന്തി ചുമതല ഏറ്റപ്പോൾ
കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ തിരുവാഭരണത്തിലെ സ്വർണ്ണ മുത്തുകൾ കാണാതായ സംഭവത്തിൽ ഹൈന്ദവ സംഘടനകൾ തിങ്കളാഴ്ച നാമജപ പ്രതിഷേധം നടത്തും. തിരുവാഭരണത്തിലെ സ്വർണ്ണ മുത്തുകൾ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം ഗുരുതരമാണെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
സംഭവം ഗുരുതരമെന്ന് ക്ഷേത്രം സന്ദർശിച്ച ശേഷം മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. സ്വർണം കാണാതായ സംഭവത്തിൽ ഏറ്റുമാനൂർ സിഐയുടെ നേതൃത്വത്തിൽ ആദ്യഘട്ട അന്വേഷണം ആരംഭിച്ചു. പൊലീസ് ക്ഷേത്രം അഡ്‌മിനിസ്‌ട്രേറ്ററുടെ മൊഴി എടുത്തിട്ടുണ്ട്. സ്വർണം കെട്ടിയ രുദ്രാക്ഷമാലയിലെ ഒൻപത് മുത്തുകളാണ് കാണാതായത്. സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു ക്ഷേത്രസമിതിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പഴയ മേൽശാന്തിയുടെ വിശദീകരണവും ഇക്കാര്യത്തിൽ തേടിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം വേണമെന്നു ക്ഷേത്രം ഉപദേശകസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ മേൽശാന്തി ചുമതലയേറ്റതിന് ശേഷം ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെയും പൂജാ സാമഗ്രികളുടെയും കണക്കെടുപ്പ് നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വിഗ്രഹത്തിൽ ദിവസവും ചാർത്തുന്ന തിരുവാഭരണ മാലയിലെ തൂക്ക വ്യത്യാസം കണ്ടെത്തിയത്.
ദേവസ്വം ബോർഡ് ക്ഷേത്രസമിതിയോട് റിപ്പോർട്ട് തേടി. ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു. കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ക്ഷേത്ര ഉപദേശക സമിതിയും രംഗത്തെത്തി.സ്വർണംകെട്ടിയ 81 രുദ്രാക്ഷമണികൾ അടങ്ങിയ മാല നഷ്ടപ്പെട്ടുവെന്നാണ് ദേവസ്വം ബോർഡിന്റെ കണ്ടെത്തൽ.
മാലയ്ക്ക് നാലു പവനനടുത്ത് തൂക്കമുണ്ടായിരുന്നു. കഴിഞ്ഞമാസം പുതിയ മേൽശാന്തി ചുമതലയേറ്റപ്പോൾ നടത്തിയ പരിശോധനയിൽ 72 രുദ്രാക്ഷം അടങ്ങിയ മറ്റൊരു മാലയാണ് കണ്ടെത്തിയത്. മാല നഷ്ടപ്പെട്ട വിവരം ഒരു മാസം കഴിഞ്ഞിട്ടും ദേവസ്വം ബോർഡ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ അറിഞ്ഞിരുന്നില്ല.ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നാണ് വിലയിരുത്തൽ.
വിവരം നേരത്തേതന്നെ ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു എന്നാണ് ഉപദേശക സമിതിയുടെ വിശദീകരണം. സംഭവത്തിൽ ദേവസ്വം അധികൃതരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യമുയർന്നു. വിഷയത്തിൽ ദേവസ്വം ബോർഡും ഉപദേശക സമിതിയും ഒത്തുകളിക്കുകയാണെന്നും ആരോപണമുണ്ട്. .കഴിഞ്ഞ മാസമാണ് പുതിയ മേൽശാന്തി ചുമതലയേറ്റത്. പൂജാകാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളും ദേവസ്വം അധികൃതരുടെ സാന്നിദ്ധ്യത്തിൽ സാക്ഷ്യപ്പെടുത്തി നൽകണമെന്നു മേൽശാന്തി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ പരിശോധിച്ചപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ