പാലക്കാട്: സ്വർണവില താഴേക്ക് കുതിക്കുന്നു. ചില ദിവസങ്ങളിൽ വിലയിൽ നേരിയ വർദ്ധന വരുന്നുണ്ടെങ്കിലും അടുത്ത ദിവസങ്ങളിൽ പിന്നേയും താഴേക്കാണ് വിലയുടെ പോക്ക്. ഇതേപോലെ തുടർച്ചയായി വില താഴ്ന്നു കൊണ്ടിരിക്കുന്നത് ചരിത്രത്തിലാദ്യമാണ്. ഒരു വർഷത്തിനിടെ സ്വർണത്തിന് കുറഞ്ഞത് 3080 രൂപയാണ്. ശനിയാഴ്‌ച്ച മാത്രം പവന് 200 രൂപ കുറഞ്ഞ് വില 19,720 ൽ എത്തി. ഈ വില മൂന്നു മാസത്തിനിടെ ഏറ്റവും കുറഞ്ഞ വിലയുമാണ്. വെള്ളിയാഴ്‌ച്ച ഗ്രാമിന് 2490 രൂപയുണ്ടായിരുന്നത് ശനിയാഴ്‌ച്ച 2,465 രൂപയായി കുറഞ്ഞിരുന്നു. അതേസമയം കഴിഞ്ഞ വർഷം മാർച്ച് 14 ന് 22,800 രൂപയായിരുന്നു വില. കഴിഞ്ഞ 35 ദിവസം കൊണ്ട് പവന് കേരളത്തിൽ 1400 രൂപയാണ് കുറഞ്ഞത്. 21,120 രൂപയായിരുന്നു 2013 ഫെബ്രുവരിയിലെ വില. സ്വർണത്തിൽ മുതൽ മുടക്കിയവർക്ക് ഒരു വർഷത്തിനിടെ സമ്പാദ്യത്തിൽ വൻനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

രാജ്യാന്തര വിപണിയുടെ ചുവടു പിടിച്ചാണ് ഇവിടേയും സ്വർണവില താഴേക്ക് പതിക്കുന്നത്. കുറച്ചു കാലമായി വിലക്കുറവ് കാണിച്ചുകൊണ്ടിരുന്ന സ്വർണത്തിന് നേരിയ തോതിൽ വില ഉയർന്നത് ഇന്ധനവില ഇടിഞ്ഞതോടെയാണ്. ഇന്ധനവിലത്തകർച്ച ഓഹരികളെയും മറ്റും ബാധിച്ചതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ആവശ്യം കൂടുകയായിരുന്നു. എന്നാൽ അമേരിക്കയിലെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉയർത്തിയതോടെ സ്വർണത്തിൽ വീണ്ടും വിറ്റൊഴിക്കൽ തുടങ്ങി.

സ്വർണത്തിൽ വിലവർദ്ധന പ്രവണത 2003 ശേഷമാണ് വലിയ തോതിൽ കാണിക്കാൻ തുടങ്ങിയത്. 3500 രൂപയോളമായിരുന്നു അന്നത്തെ വില. പതുക്കെ ഉയർന്ന വില 2007 ൽ എത്തിയപ്പോഴേക്കും പവന് 6890 രൂപയായി. എന്നാൽ അടുത്ത വർഷം മുതൽ വിലയിൽ കുതിച്ചു ചാട്ടം തുടങ്ങി. 2008ൽ വില 8892 രൂപയായി. 2009 ൽ 11,077 രൂപയും, 2010ൽ 12,280 രൂപയുമായി. 2011 മുതൽ വിലയിൽ ഞെട്ടിക്കുന്ന ഉയർച്ചയാണ് കാണിക്കാൻ തുടങ്ങിയത്. ആ വർഷം 15,560 രൂപയായി. 2012ൽ 20,880 രൂപയുമായി. ചുരുക്കത്തിൽ പത്ത് വർഷത്തിനകം സ്വർണ്ണത്തിൽ 17000 രൂപയോളമാണ് ഒരു പവന് കൂടിയത്. 1925 ൽ പതിമൂന്ന് രൂപയിൽനിന്ന് 1980 വരെ എത്തുമ്പോൾ 975 രൂപയായിരുന്നു വില.

ആഗോള വിപണിയിലെ വിലക്കുറവാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നത്. വില താഴുമെന്നു കണ്ട് മൊത്ത, ചെറുകിട വ്യാപാരികൾ വിപണിയിൽനിന്നു മാറി നിൽക്കുന്നത് വില കുറയാൻ കാരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇനിയും വില കുറയുമെന്നു കണ്ട് സ്വർണം വിറ്റഴിക്കാനുള്ള പ്രവണത കാണിച്ചാലും വില കുറയും. വിലകൂടിയപ്പോഴുള്ള വേഗതയിൽ കുറയുന്ന പ്രവണത കാണിക്കാനും ഈ മഞ്ഞലോഹത്തിനാവും. അങ്ങനെ വന്നാൽ കോടികളുടെ നഷ്ടമാണ് ചെറുകിട വ്യാപാരികൾക്ക് വരെ സംഭവിക്കുക.

രാജ്യത്തിന്റെ സ്വർണശേഖരത്തിൽ 25 ശതമാനത്തിലധികം കേരളത്തിലാണ്. കേരളത്തിലെ സ്ത്രീകളുടെ സ്വർണഭ്രമവും ഇതിന് കാരണമാണ്. 5000 ടൺ സ്വർണം കേരളത്തിലെ വീടുകളിൽ മാത്രം ഉണ്ടെന്നാണ് കണക്ക്. 245 ടൺ സ്വർണം വച്ച് വർഷം തോറും കേരളത്തിലെ വീടുകളിൽ വർദ്ധിക്കുന്നുണ്ട്. നിക്ഷേപത്തിന്റെ കണക്കിൽ നോക്കിയാൽ ഒന്നേമുക്കാൽ ലക്ഷം കോടി രൂപയുടെ ഇടിവാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. സ്വർണത്തിനൊപ്പം വെള്ളിയും താഴോട്ടാണ്. ശനിയാഴ്‌ച്ച മാത്രം കിലോക്ക് 500 രൂപയുടെ കുറവുണ്ടായി.