ലണ്ടൻ: സ്വർണ്ണത്തിന്റെ ലോക വിപണി നിയന്ത്രിക്കുന്നത് ലണ്ടനിൽ നിന്നാണ്. എന്നിട്ടും ബ്രിട്ടീഷുകർ ഏറ്റവും അധികം പണം ചെലവിടുന്ന ക്രിസ്തുമസ് ഷോപ്പിങ് രംഗത്ത് സ്വർണം വാങ്ങാൻ ആളില്ല. കൃത്രിമ രത്‌നം എന്നറിയപ്പെടുന്ന ക്രിസ്റ്റലും വെള്ളിയും ഒക്കെ ചേർത്ത ആഭരണ വിപണി ബ്രിട്ടീഷ് ജനതയെ കീഴ്‌പ്പെടുത്തുമ്പോൾ സ്വർണം വാങ്ങാൻ പേരിനു പോലും ആളില്ല എന്നതാണ് വസ്തുത. അതേ സമയം മലയാളികൾ ആഭരണമായി അധികം ഉപയോഗിക്കാത്ത വെള്ളിക്കു ബ്രിട്ടണിൽ ആവശ്യക്കാർ ഏറെ. ക്രിസ്തുമസ് വിപണി വെള്ളി, ക്രിസ്റ്റൽ ആഭരണ വിൽപ്പനയിൽ തകർപ്പൻ കൊയ്ത്താണ് നടത്തുന്നത്. ചില വിൽപ്പന ശ്യംഖലകൾ 80% വരെ വിലക്കുറവ് പ്രഖ്യാപിച്ചാണ് ആളെ പിടിക്കുന്നത്.

ഈ വൈരുധ്യം നിറഞ്ഞ വിപണിസത്യം തെളിയിക്കുന്നത് കാലങ്ങളായി മലയാളി സ്വർണ്ണ വിൽപ്പനക്കാരുടെ പരസ്യത്തിൽ മയങ്ങി സ്വയം കബളിപ്പിക്കപ്പെടുക ആണെന്നും പൊങ്ങച്ച സംസ്‌ക്കാരത്തിന്റെ ഭാഗമായി സ്വർണം മാറിയതും തന്നെയാണ്. സ്വർണം കേരളത്തിൽ ഏറെ ജനപ്രിയമാകാൻ കാരണം അതിന്റെ റീ സെയിൽ വാല്യുവും നിക്ഷേപം എന്ന നിലയിൽ അവതരിപ്പിക്കപ്പെട്ടതുമാണ്. കൂടാതെ ഗൾഫ് മലയാളി സാന്നിധ്യം വഴി പുതുപ്പണക്കാരുടെ അടയാളമായി സ്വർണം അവരോധിക്കപ്പെട്ടതും കടം വാങ്ങിയും ഇല്ലാത്ത പണമുണ്ടാക്കി വിവാഹ വേളയിലും മറ്റും വധുവിനെ സ്വർണ്ണത്തിൽ മുക്കിയെടുക്കാൻ ഒരു വിഭാഗം തയ്യാറായതും ലോക പ്രസിദ്ധമായ നാഷണൽ ജിയോഗ്രഫി ചാനലിനെ പോലും കേരളത്തിലെ സ്വർണ്ണ വിൽപ്പന തരംഗത്തിന്റെ രഹസ്യം കണ്ടെത്താൻ കൊച്ചിയിൽ എത്തിച്ചു. എന്നാൽ ഈ സാഹചര്യം ഒക്കെ മാറുക ആണെന്ന് ഇപ്പോൾ സ്വർണ്ണത്തിന്റെ വിൽപ്പന ഇടിവ് സാക്ഷ്യപ്പെടുത്തുന്നു.

ചൈനയെ മറികടന്നു ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി വർദ്ധിച്ചതതാണ് ആഗോള തലത്തിൽ തന്നെ സ്വർണ്ണ വില കുതിച്ചുയരാൻ കാരണമായത്. എന്നാൽ പ്രണബ് മുഖർജി ധനമന്ത്രി ആയ കാലം മുതൽ ഇക്കാര്യത്തിൽ തടയിടാൻ കേന്ദ്ര സർക്കാർ കാണിച്ച താൽപ്പര്യമാണ് ഇപ്പോൾ സ്വർണ്ണ വിലയിടിവിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായി മാറുന്നത്. സ്വർണ്ണ ഇറക്കുമതിക്ക് നികുതി വർദ്ധിപ്പിക്കുന്ന നയം ഏർപ്പെടുത്തിയപ്പോൾ തുടക്കത്തിൽ സോണിയ ഗാന്ധിയെ സ്വാധീനിച്ചു സ്വർണ്ണ ലോബിക്ക് തടയാൻ കഴിഞ്ഞിരുന്നെങ്കിലും പിന്നീട് യുപിഎ സർക്കാരിന്റെ കാലം മുതൽ തന്നെ സ്വർണ്ണ ഇറക്കുമതിയിൽ നികുതി ഏർപ്പെടുത്തിയത് ഇന്ത്യയിലേക്കുള്ള സ്വർണ്ണ ഇറക്കുമതിയിൽ കുറവ് ഉണ്ടാക്കിയത് ആഗോള തലത്തിൽ തന്നെ വിലയിടിവിന് കാരണമായി മാറുകയാണ്. ഇറക്കുമതിക്കായി ഇന്ത്യ വലിയ തോതിൽ ഡോളർ ചെലവിടേണ്ടി വരുന്നത് സാമ്പത്തിക രംഗത്തിന് ആഘാതം സൃഷ്ടിക്കും എന്ന പ്രണബിന്റെ കണ്ടെത്തൽ ശരി വയ്ക്കുന്ന സൂചനയാണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നത്. കഴിഞ്ഞ 3 വർഷത്തെ താഴ്ന്ന നിലയിൽ വില എത്തിയിട്ടും ഇറക്കുമതിയിൽ 36% കുറവുണ്ടായത് ആവശ്യക്കാരുടെ എണ്ണത്തിൽ ഉണ്ടായ കുറവാണ് കാണിക്കുന്നത്. ഈ വർഷം ഇതുവരെ 3. 53 ബില്ല്യൺ ഡോളറിനുള്ള സ്വർണം ഇന്ത്യ ഇറക്കുമതി ചെയ്തതായി ഇക്കഴിഞ്ഞ ചൊവാഴ്ച വാണിജ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ കാണിക്കുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇതേ സമയത്തും 5. 57 ബില്ല്യൺ ഡോളറിന്റെ സ്വർണം ഇറക്കുമതി ചെയ്തിരുന്നു.

എന്നാൽ, സാധാരണ സ്വർണ്ണ വില ഇടിയുമ്പോൾ കാണപ്പെടുന്ന തിരക്ക് ഇപ്പോൾ കേരളത്തിലെ സ്വർണ്ണ വിപണിയിൽ ഇല്ലെന്നു മാത്രമല്ല അനുദിനം വിൽപ്പനയും വിലയും ഇടിയുകയാണ്. ഇപ്പോൾ മൂന്നു വർഷത്തെ ഏറ്റവും താഴ്ന്ന വിലയിലാണ് സ്വർണ്ണ വിൽപ്പന. ഇന്നലെ ഒരു പവൻ സ്വർണം കൊച്ചി വിപണിയിൽ വിറ്റത് വെറും 19080 രൂപ നിരക്കിലാണ്. 2012 സെപ്റ്റംബറിൽ 25000 രൂപയിലെക്കെത്തിയ സ്വർണ്ണ വില ഇപ്പോൾ ഒരു പവന് 6000 രൂപയുടെ ഇടിവ് ഉണ്ടാക്കിയത് വിപണിയെ സംബന്ധിച്ച് അവിശ്വസനീയമായി മാറുകയാണ്. ഒരിക്കലും വില ഇടിയില്ല എന്ന് കരുതപ്പെട്ടിരുന്ന ഒരു ഉൽപ്പന്നം ക്രമേണ ആവശ്യക്കാർ കുറഞ്ഞു തുടങ്ങുന്ന സാഹചര്യം ഉണ്ടായതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്ത് തന്നെ പ്രതിഫലം സൃഷ്ടിക്കും എന്നാണ് കരുതപ്പെടുന്നത്. ഈ നിലയ്ക്ക് സ്വർണ്ണത്തെ വിശ്വസിക്കാൻ കൊള്ളില്ല എന്ന ധാരണ വിപണിയിൽ സാവധാനം രൂപപ്പെടുകയാണ്. സ്വർണം എന്നും ഉയരങ്ങൾ താണ്ടും എന്ന അമിത ആത്മവിശ്വാസം ആണ് ഏതാനും വർഷം കൊണ്ട് കേരളത്തിൽ സൃഷ്ടിക്കപ്പെട്ടതും കൂണുകൾ പോലെ ജ്വവല്ലറികളും സ്വർണ്ണ മാളുകളും പ്രത്യക്ഷപ്പെടാൻ കാരണമായതും.

എന്നാൽ അനിവാര്യമായ വിലയിടവ് എത്തിയതോടെ, ഒട്ടും പ്രതീക്ഷിതം അല്ലാത്ത ഈ സാഹചര്യം എങ്ങനെ തരണം ചെയ്യും എന്ന കാര്യത്തിൽ ജ്വവല്ലറി ഉടമകൾക്കും വലിയ നിശ്ചയം ഇല്ല. പക്ഷെ പ്രതിസന്ധി നിവാരണ പാക്കേജ് എന്ന നിലയിൽ പരസ്യ രംഗത്ത് നിന്ന് സ്വർണ്ണ കടകൾ ഏറെക്കുറെ പിന്മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വളരെ മിതമായ നിലയിൽ മാത്രം പ്രിന്റ് മാദ്ധ്യമങ്ങളിൽ സ്വർണ്ണ വിൽപ്പന പരസ്യം പ്രത്യക്ഷപ്പെടുമ്പോൾ പുതിയ ട്രെന്റ് എന്ന നിലയിൽ വജ്ര ആഭരണ പരസ്യം കൂടുകയാണ്.

എന്നാൽ ഉയർന്ന വില മൂലം സ്വർണ്ണത്തോട് മലയാളി കാട്ടിയ ആർത്തി വജ്രത്തോട് കാണിക്കാൻ സാധ്യത ഇല്ല എന്നതിനാൽ കരുതലോടെ ആണ് വ്യാപാരികളും നീങ്ങുന്നത്. മാറുന്ന ട്രെന്റ് എന്ന നിലയിൽ വിവാഹ വേദികളിൽ നിന്ന് സ്വർണം അപ്രത്യക്ഷമായാൽ കനത്ത തിരിച്ചടി ആകും ഈ രംഗം നേരിടുക. ഇയ്യിടെ പ്രമുഖ വ്യവസായി രവി പിള്ള കോടികൾ പൊടിച്ചു നടത്തിയ മകളുടെ വിവാഹം മുതൽ യുവ തലമുറയുടെ അഭിരുചി വരെ സ്വർണ്ണ വിപണിക്ക് നൽകുന്ന തിരിച്ചടി ചെറുതല്ല. രവി പിള്ള മകളെ അണിയിച്ച രത്‌ന ആഭരണങ്ങളുടെ മൂല്യം എത്രയെന്നു ഇനിയും പുറത്തു വന്നിട്ടില്ലെങ്കിലും ഇൻഷുറൻസ് കമ്പനികൾ പോലും മുഖം തിരിക്കുന്ന മൂല്യം ഉള്ള ആഭരണങ്ങളാണ് രവി പിള്ള മകൾക്ക് സമ്മാനിച്ചതെന്ന് വിപണിയിലെ പിന്നാമ്പുറ സംസാരം. ഈ സാഹചര്യത്തിൽ പഴയത് പോലെ വധുവിനെ സ്വർണ്ണത്തിൽ പൊതിഞ്ഞു വിവാഹ വേദിയിൽ എത്തിക്കുന്നത് പണക്കാർക്ക് കുറച്ചിൽ ആകുന്ന സാമൂഹ്യ സാഹചര്യം ഉടലെടുത്തു തുടങ്ങിയതും കേരളത്തിലെ സ്വർണ്ണ വിപണിക്ക് ആഘാതം സൃഷ്ടിക്കുകയാണ്.

വജ്രം ആയാൽ രവി പിള്ള നടത്തിയത് പോലുള്ള ബ്രൈഡൽ ഷോക്കേസിങ്ങ് നടത്താൻ കെൽപ്പുള്ളവർ കേരളത്തിൽ അധികം പേരില്ലെന്നിരിക്കെ പേരിനൊരു വജ്രം അണിയിച്ചു വധു വേദിയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്ന ട്രെന്റ് സാവധാനം വേര് പിടിക്കുകയാണ്. ഇക്കൂട്ടത്തിൽ ടീനേജ് പിന്നിടുന്ന പെൺകുട്ടികൾ മുതൽ പ്രായം ആയവർ വരെ ട്രെന്റി ആഭരണം എന്ന നിലയിൽ ക്രിസ്റ്റലുകൾക്കും പ്ലാസ്റ്റിക്, മുത്ത്, ക്ലേ തുടങ്ങിയ വിപണിയുടെ ഇഷ്ടം കണ്ടെത്തിയതും സ്വർണ്ണത്തെ പിന്നോട്ടോടിക്കുന്നതിൽ പ്രധാന കാരണമായി. വിലക്കുറവും ഫാഷൻ എന്ന നിലയിൽ വസ്ത്രത്തിന് ചേരുന്ന തരത്തിൽ മാറി മാറി ഉപയോഗിക്കാൻ കഴിയുന്നതും മലയാളിയുടെ സ്വർണ്ണ ഭ്രമത്തിന് കടിഞ്ഞാൺ ഇടാൻ കാരണമാകുകയാണ്.

സ്വർണ്ണ വിൽപ്പന ശാലകൾ പണിക്കൂലി എന്ന പേരിൽ ഓരോ പവൻ സ്വർണം വാങ്ങുമ്പോൾ 30 ശതമാനത്തിലേറെ പണം ഈടാക്കുന്നതും ആഭരണം വിൽക്കുമ്പോൾ ഈ പണം ഒന്നാകെ ഉപയോക്താവിന് നഷ്ടമാകുന്നതും ചേർന്ന വിൽപ്പനക്കാരുടെ ചതിക്കുഴി സോഷ്യൽ മീഡിയ വഴിയായും മറ്റും ഉപയോക്താവ് തിരിച്ചറിഞ്ഞു തുടങ്ങിയതും സ്വർണ്ണ ആഭരണ വിപണിക്ക് സൃഷ്ടിച്ച ആഘാതം ചെറുതല്ല. സമീപ ഭാവിയിൽ തന്നെ സ്വർണ്ണ ആഭരണം മിതമായ തോതിൽ മാത്രം വാങ്ങുന്ന ശീലത്തിലേക്ക് മലയാളി മാറുന്ന ട്രെന്റ് ആരംഭിക്കും എന്നാണ് സ്വർണ്ണത്തിന്റെ വിലക്കുറവിൽ പോലും ആവശ്യക്കാർ ഇല്ലാത്ത വിപണി നൽകുന്ന പ്രധാന സൂചന.