കൊച്ചി: സ്വർണ വില കുതിച്ചുയരുന്നു. കേരളത്തിൽ പവന് 80 രൂപ വർദ്ധിച്ച് ചൊവ്വാഴ്ച 22,920 രൂപയിൽ എത്തി. ഗ്രാമിന് 2865 രൂപയാണ് സ്വർണ വില. ഒരാഴ്ചയ്ക്കിടെ സ്വർണ വിലയിൽ 480 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുമെന്ന ആശങ്കയാണ് സ്വർണ വിലയുടെ കുതിപ്പിന് കാരണം. ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ഉയർന്ന ഇറക്കുമതിത്തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കമാണ് ചൈനയും അമേരിക്കയും തമ്മിൽ വ്യാപാര യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്ക വഴിവെച്ചത്. ഇതോടെ സ്വർണ വില പൊടുന്നനെ കുതിച്ചുയരുകയായിരുന്നു.

2016 നവംബറിൽ രാജ്യത്ത് നോട്ടുനിരോധനം നിലവിൽ വന്ന ശേഷം താഴേക്കു പോയ സ്വർണവില ആദ്യമായാണ് ഇപ്പോഴത്തെ നിലവാരത്തിലേക്ക് തിരിച്ചുകയറുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ശീത യുദ്ധം ഓഹരി വിപണിയെയും ബാധിച്ചിട്ടുണ്ട്. ഇതോടെ സാമ്പത്തിക അനിശ്ചിതത്വത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അമേരിക്കൻ ഡോളറിന്റെ മൂല്യവും ഓഹരി വിപണിയിലെ ഇടിവും ഇതിലേക്ക് വഴിവെക്കും.

സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ വേളയിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് ഏറാറുണ്ട്. ഇതു തന്നെയാണ്, സ്വർണവിലയിലെ ഇപ്പോഴത്തെ മുന്നേറ്റത്തിനും കാരണം.