കോഴിക്കോട്: റബ്ബറിനും നാളികേരത്തിനും പിന്നാലെ മലയാളികളെ അമ്പരപ്പിച്ചുകൊണ്ട് സ്വർണവിലയും ഇടിയുന്നു. ആദ്യത്തെ രണ്ടിന്റെയും ഇടിവ് കേരളത്തിലെ സാധാരണക്കാരുടെ സ്വപ്നങ്ങളെയാണ് തകർത്തുകളഞ്ഞതെങ്കിൽ ഇത്തവണ വൻകിട ഫിനാൻസ് സ്ഥാപനങ്ങൾക്കും ജുവലറിക്കാർക്കുമാണ് ചങ്കിടിക്കുന്നത്. സ്വർണത്തിന്റെ വിപണനവും കരിഞ്ചന്തയുമൊക്കെയായി കോടികൾകൊണ്ട് അമ്മാനമാടുന്ന ഇവർക്ക് ലക്ഷങ്ങളുടെ നഷ്ടമണ് കഴിഞ്ഞ എതാനും ദിവസമായി ഉണ്ടായിരക്കുന്നത്. അതിനിടെ വീട്ടമ്മമാരുടെയൊക്കെ നെറ്റ്‌വർക്കിൽ സ്വർണം നൽകുമെന്ന് പറഞ്ഞ് വൻനിക്ഷേപ പദ്ധതിയൊക്കെ നടത്തുന്ന ചില ജൂവലറി ഗ്രൂപ്പുകളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഏത് നിമിഷവും ഇവ പൊളിയാമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് ഈ നടപടി.

ആഗോള വിപണിയിൽ നാലു ശതമാനത്തോളം വിലയിടിഞ്ഞ് സ്വർണവില തിങ്കളാഴ്ച അഞ്ചു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇന്ത്യൻ വിപണിയിൽ 300 രൂപയോളം ഇടിഞ്ഞ് രണ്ടു വർഷത്തെ താഴ്ന്ന നിലയായ ഗ്രാമിന് 2570ലേക്ക് എത്തിയിരിക്കയാണ്. കേരളത്തിൽ പവന് 240 രൂപയിടിഞ്ഞ് 19,280നായിരുന്നു കഴിഞ്ഞ ദിവസത്തെ വ്യാപാരം.

ഇതോടെ സ്വർണം ഈടിൽ വായ്പ നൽകിയ നോൺ ബാങ്കിങ്ങ് ഫിനാൻസ് സ്ഥാപനങ്ങൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന നമ്മുടെ ബ്‌ളേഡ് കമ്പനികളാണ് ശരിക്കും വെട്ടിലായത്.ദേശസാൽകൃത ബാങ്കുകളും സഹകരണബാങ്കുകളിലും പവന്റെ വിലയുടെ 55ശതമാനംമൊക്കെയാണ് വായ്പ നൽകാറുള്ളതെങ്കിൽ, അമിതലാഭം പ്രതീക്ഷിച്ച്, റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങളെയൊക്കെ കാറ്റിൽ പറത്തി ,പവന് 80ശതമാനം വരെയൊക്കെ ഇത്തരം കമ്പനികൾ നൽകാറുണ്ട്. അതുകൊണ്ടുതന്നെ സ്വർണത്തിന് മുന്തിയ വിലയുള്ളപ്പോൾ വായ്പയെടുക്കയും, അത്യാവശ്യം കുടിശ്ശികയുമുള്ള ഒരു ഉപഭോക്താവിനെ സംബന്ധിച്ച് ഇനി സ്വർണം ബാങ്കുകൊണ്ടുപോയാലും ലാഭമായിരിക്കും. ഈ ഒരു ചിന്ത എല്ലാ ഉപഭോക്താക്കളിലും എത്തിയാൽ ബ്‌ളേഡ് കമ്പനികളുടെ നിലനിൽപ്പുതന്നെ അപകടത്തിലാവും. സ്വർണവില ഇനിയും കുറയുമെന്ന് ആശങ്കയുള്ളതിനാൽ കഴിഞ്ഞ രണ്ടുദിവസമായി വളരെ സൂക്ഷിച്ചുമാത്രമാണ് ഇത്തരം കമ്പനികൾ വായ്പ കൊടുക്കുന്നത്.

സ്വർണം കള്ളക്കടത്തും കരിഞ്ചന്തയുമാണ് കേരളത്തിലെ വിശിഷ്യാ മലബാറിലെ മൂന്നാല് പ്രമുഖ ജൂവലറികളുടെ പ്രധാനവരുമാനമാർഗമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർവരെ സമ്മതിക്കാറുള്ളതാണ്.ഇങ്ങനെ വൻതോതിൽ കനകം സ്റ്റോക്ക് ചെയ്തവർക്കൊക്കെ ലക്ഷങ്ങളുടെ നഷ്മാണ് പ്രതിദിനം ഉണ്ടാവുന്നത്.സ്ത്രീകളെയും വീട്ടമ്മമാരെയുമൊക്കെ ചേർത്ത് നെറ്റ്‌വർക്ക് മാർക്കറ്റിങ്ങ് പോലെ മലബാറിനെ പല ജൂവലറികളും അനധികൃതമായി ബിസിനസ് നടത്തുന്നുണ്ട്. ഒരൊറ്റ വലിയ സാമ്പത്തിക കുഴപ്പം വന്നാൽ ഈ ചങ്ങലപൊട്ടനുള്ള സാധ്യത നേരത്തെതന്നെ ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. സ്വർണത്തിൽ വന്നുപെട്ട ഈ വ്യാപാര നഷ്ടം വൈകാതെ റിയിൽ എസ്റ്റേറ്റ്‌പോലുുള്ള മറ്റ് മേഖലകളിലേക്കും വ്യാപിക്കാനും അതോടെ ഇത്തരം സ്ഥാപനങ്ങൾ കടപുഴകാനും സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് വീണ്ടും റിപ്പോർട്ട് നൽകിയാതായി വിവരമുണ്ട്. മുൻകാലങ്ങളിലെ അനുഭവംവച്ച് നോക്കുമ്പോൾ ഇതതരം സ്ഥാപനങ്ങൾ പൊളിഞ്ഞാൽ ഉടമകൾ പുല്ലുപോലെ രക്ഷപ്പെടുകയും സാധാരണക്കാർ പാപ്പരാവുകയുമാണ് ചെയ്യാറ്.

എന്നാൽ ആഗോള വിപണിയിൽ സ്വർണവില ഇടിയുന്നത് താൽക്കാലിക പ്രതിഭാസമാണെന്നും വൈകാതെ പഴയ സ്ഥിതി തിരച്ചുപിടക്കുമെന്ന് വാദിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞരുമുണ്ട്.പതിറ്റാണ്ടിനിടെ ആദ്യമായി അമേരിക്കയിൽ പലിശനിരക്കുകൾ ഉയർത്തിയേക്കുമെന്ന വിലയിരുത്തലിൽ ഡോളർ കരുത്താർജിച്ചതും, ചൈന വൻതോതിൽ സ്വർണം വിറ്റഴിച്ചതുമാണ് വിലയിടിവിന് കാരണമായി പറയുന്നത്. തിങ്കളാഴ്ച ഷാങ്ഹായ് ഗോൾഡ് എക്‌സ്‌ചേഞ്ച് തുറന്ന ഉടനെ 2010 മാർച്ചിനുശേഷമുള്ള താഴ്ന്ന നിലയായ ഔൺസിന് 1088 ഡോളർ എന്ന നിലയിലേക്ക് വില താഴ്ന്നിരുന്നു. വെള്ളിക്കും പ്‌ളാറ്റിനത്തിനും ഇതോടൊപ്പം വിലയിടിഞ്ഞിട്ടുണ്ട്.അതേസമയം ഗ്രീസും ഒരുപരധിവരെ മറ്റ് യൂറോപ്യൻ രാജ്യങ്ങളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ തുടർച്ചയാണിതെന്ന് വാദിക്കുന്ന സാമ്പത്തിക വിദഗ്ധരുമുണ്ട്. അവരുടെ അഭിപ്രായത്തിൽ പൊടുന്നനെയൊന്നും സ്വർണം കരകയറുന്ന ലക്ഷണം കാണുന്നില്ല. അങ്ങനെയാണെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ ഏറ്റവും രൂക്ഷമാവുക ഈ കൊച്ചുകേരളത്തിലും ആയിരിക്കും.