ആറ്റിങ്ങൽ: മോഷണത്തിന്റെ കാര്യത്തിൽ ആട് ആന്റണിയെയും കടത്തിവെട്ടുന്ന ആറ്റിങ്ങൽ നാടക ട്രൂപ്പ് ഉടമയുടെ കഥ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. മോഷണം നടത്തി കോടീശ്വരനായി മാറിയ മംഗലപുരം മീരാ കോട്ടേജിൽ രമേശനെ വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ പൊലീസിന്റെ കണ്ണുതള്ളി. നാടകവണ്ടിയിൽ ചുറ്റിനടന്ന മോഷടിച്ച രമേശനിൽ നിന്നും 400 പവന്റെ സ്വർണ്ണമാണ് പൊലീസ് കണ്ടെടുത്ത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ വീടുകളിൽ നിന്നും മോഷ്ടിച്ച സ്വർണ്ണമാണ് പൊലീസ് കണ്ടെടുത്തത്.

ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരുന്ന 53 കേസിൽ 52 എണ്ണത്തിലും കവർച്ച ചെയ്ത സ്വർണാഭരണങ്ങൾ പിടിച്ചെടുത്തതായി വാർത്താ സമ്മേളനത്തിൽ തിരുവനന്തപുരം റൂറൽ എസ്‌പി കെ. ഷെഫീൻ അഹമ്മദ് പറഞ്ഞു. ഒരു കേസിൽ പണാപഹരണം മാത്രമായിരുന്നു. അത് കണ്ടെടുക്കാൻ സാധിച്ചില്ല. കാട്ടാക്കടയിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് കാട്ടാക്കട സി.ഐ മനോജ് ചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് രമേശനും കൂട്ടാളി ചിറയിൻകീഴ് കൂന്തള്ളൂർ കവിതാലയത്തിൽ വാടകയ്ക്ക് താമസിക്കുന്ന മുരുകൻ എന്ന സെന്തിൽകുമാറും പിടിയിലായത്.

സ്വർണപ്പണിക്കാരനായ മുരുകൻ, ആറ്റിങ്ങലിൽ സ്വർണക്കട നടത്തുന്ന മണികണ്ഠനാണ് മുഴുവൻ സ്വർണവും വിറ്റത്. ഇയാളിൽ നിന്നാണ് തൊണ്ടി സ്വർണം മുഴുവനും പൊലീസ് പിടിച്ചെടുത്തത്. നാടക സമിതിയുടെ ബോർഡിൽ കറങ്ങി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ആൾ താമസമില്ലാത്ത വീടുകൾ കണ്ടുവച്ച് രാത്രിയിൽ കവർച്ച നടത്തുകയായിരുന്നു. ഒറ്റയ്ക്ക് കവർച്ച നടത്തുന്ന രമേശൻ ഒരേസമയം

അടുത്തടുത്ത വീടുകളിൽ കവർച്ച നടത്തി കിട്ടുന്നിടത്തോളം സ്വർണം കൈവശപ്പെടുത്തുമായിരുന്നു. തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട, നെടുമങ്ങാട്, മലയിൻകീഴ്, വലിയമല, കഴക്കൂട്ടം, കല്ലമ്പലം, നേമം, വെഞ്ഞാറമൂട്, മാറനല്ലൂർ എന്നിവിടങ്ങളിലും കൊല്ലം ജില്ലയിലെ കടയ്ക്കൽ, അഞ്ചൽ, ചടയമംഗലം, കൊട്ടാരക്കര, പത്തനാപുരം, പുനലൂർ, പരവൂർ, കൊട്ടിയം, ഇരവിപുരം, ചാത്തന്നൂർ, പാരിപ്പള്ളി എന്നിവിടങ്ങളിലും പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട, അടൂർ എന്നീ സ്റ്റേഷൻ പരിധിയിലുമാണ് കവർച്ച നടന്നത്.

സ്വർണം വിറ്റ പണം കൊണ്ട് ഇയാൾ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി വാങ്ങിക്കുകയും ചിറയിൻകീഴ് കെ.എസ്.എഫ്.ഇയിൽ പ്രതിമാസം നാലര ലക്ഷം രൂപ അടവുള്ള മൂന്നര കോടിയുടെ പതിനേഴ് ചിട്ടികളിലും ഇയാൾ ചേർന്നു. റൂറൽ എസ്‌പി കെ.ഷെഫീൻ മുഹമ്മദിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. കണ്ടെടുത്ത മുതൽ കോടതിയിൽ ഹാജരാക്കി അതിന്റെ ഉടമകൾക്ക് നൽകാൻ വേണ്ട നടപടി സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു.

വേദവ്യാസ നാടകകമ്പനിയുടെ മറവിലായിരുന്നു രമേശന്റെ മോഷണ പരിപാടി. ഈ ബോർഡും വച്ചാണ് ഇയാൾ പതിവായി മോഷണത്തിന് ഇറങ്ങിയിരുന്നത്. രാത്രിയിൽ പൊലീസിനെ കബളിപ്പിക്കാനാണ് നാടകകമ്പനിയുടെ ബോർഡ് വയ്ക്കുന്നത്. ആറ്റിങ്ങലിലെ വേദവ്യാസ എന്ന ട്രൂപ്പിന്റെ പേരിലായിരുന്നു രമേശന്റെ കറക്കം.

ഉത്സവ സ്ഥലങ്ങളിൽ വാനുമായെത്തി നാടകം ആരംഭിച്ച ശേഷം വാനുമായി കറങ്ങിനടന്ന് വീടുകളിൽ മോഷണം നടത്തുന്നതായിരുന്നു രമേശന്റെ ശൈലി. ഉത്സവമായതിനാൽ പുരുഷന്മാർ പലരും വീട്ടിലുണ്ടാകില്ലെന്നതും രമേശന് തന്റെ മോഷണശൈലി നടപ്പാക്കാൻ എളുപ്പമായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിറുത്തിയിട്ടശേഷം മൂന്നും നാലും കിലോമീറ്റർ നടക്കും. ഒരുപ്രദേശത്തെ നാലോ അഞ്ചോ വീടുകളിൽ മോഷണത്തിന് കയറും. മോഷണത്തിനിടെ വീട്ടുകാർ ബഹളംവച്ചാലും സ്ഥലം വിടില്ല. തൊട്ടടുത്ത വീട്ടിലും കയറിയിട്ടേ രമേശൻ ഇവിടെ നിന്ന് പോവുകയുള്ളൂ. ഇതാണ് കള്ളൻ രമേശന്റെ സ്ഥിരം ശൈലി.