കൊച്ചി: സ്വർണക്കടത്ത് കേസിൽ പിടിയിലായ നൗഷാദിനും ജാബിനും ഒത്താശ ചെയ്യാൻ ഭരണതലത്തിലും വ്യാപകമായ ഇടപെടൽ നടന്നതായി സൂചന. സ്വർണക്കടത്തിന്റെ മുഴുവൻ കാര്യങ്ങളും കൈകാര്യം ചെയ്യുന്ന ആസ്ഥാനമായി സ്വന്തം നാടായ മൂവാറ്റുപുഴ തന്നെയാണ് ഇവർ തെരഞ്ഞെടുത്തിരുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ ജനപ്രതിനിധികളിലേക്ക് അന്വേഷണം നീളുകയാണ്. ഭരണകക്ഷിയിലെ പ്രമുഖരാണ് സ്വർണ്ണക്കടത്തുകാർക്ക് വേണ്ട ഒത്താശ ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. എൻജിഒ അസോസിയേഷൻ നേതാവ് എവറസ്റ്റ് ഷബീബാണ് സംശയത്തിന്റെ നിഴലിൽ ഉള്ളയാൾ.

തന്റെ സമീപവാസിയായ യുവാവിനു വേണ്ടി ഒരു നേതാവിനോട് ശുപാർശ ചെയ്യുക മാത്രമാണ് താൻ ചെയ്തതെന്നാണ് കസ്റ്റംസ് നിരീക്ഷിക്കുന്ന ഷബീബ് പറയുന്നത്. അതേസമയം മൂവാറ്റുപുഴയിലെ പ്രാദേശിക നേതാക്കളെ ചുറ്റിപ്പറ്റി മാത്രമാണ് അന്വേഷണം നടക്കുന്നത്. എന്നാൽ അതിന് മുകളിലുള്ള നേതാക്കൾക്കും സംഭവത്തിൽ പങ്കുണ്ടെന്നാണ് അറിയുന്നത്. ഈ നേതാക്കളുടെ ബന്ധം ഉപയോഗിച്ചിരുന്നുവെന്നാണ് അറിയുന്നത്.

സാധാരണ പൊലീസുകാരനെ കൃത്യമായി എമിഗ്രേഷനിലെ നിർണായക തസ്തികയിൽ എത്തിക്കാൻ സർക്കാരിൽ, പ്രത്യേകിച്ചും ആഭ്യന്തര വകുപ്പിൽ വലിയ സ്വാധീനമുള്ള നേതാവിനു മാത്രേമ സാധിക്കൂ. ലോക്കൽ പൊലീസിലേക്ക് വരാനുള്ള ശുപാർശപോലും അത്ര നടപ്പാകാത്ത സംസ്ഥാനത്താണ് കള്ളക്കടത്തുകാർക്ക് വഴി തുറക്കാനായി അവർ ആവശ്യപ്പെട്ട ആളെത്തന്നെ നിയമിച്ചത്. എമിഗ്രേഷൻ പോലുള്ള സുപ്രധാന വകുപ്പുകളിലേക്ക് ഡെപ്യൂട്ടേഷൻ തരപ്പെടുത്താനൊരുങ്ങുന്നവരുടെ ഉദ്ദേശ്യശുദ്ധി എന്തെന്നു പരിശോധിക്കാനുള്ള ബാദ്ധ്യത ശുപാർശ ചെയ്യുന്നവർക്കുണ്ടെന്ന അഭിപ്രായവും ശക്തമാണ്.

മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലും ഇവർക്ക് ബന്ധമുണ്ടായിരുന്നു. ഈ ബന്ധം ഉപയോഗിച്ചാണത്രെ പലപ്പോഴും വിദേശത്തുനിന്നുവരുന്ന സ്വർണവും ഹവാലാപണവും മറ്റു ജില്ലകളിലേക്ക് കടത്തിയിരുന്നത്. ജാബിന്റെ പൊലീസ് ബന്ധങ്ങളാണ് ഇതിനായി ഇവർ ഉപയോഗിച്ചിരുന്നത്. 2010-ൽ സർവീസിൽ പ്രവേശിച്ചയാളാണെങ്കിലും മൂവാറ്റുപുഴയിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരുമായി നല്ല ബന്ധമാണ് ജാബിൻ കെ ബഷീർ സൂക്ഷിച്ചിരുന്നത്. മറ്റു ജില്ലകളിലേക്ക് കേസന്വേഷണത്തിനും മറ്റുമായി പോകുന്ന പൊലീസുകാർക്ക് യാത്ര ചെയ്യാനായി ഇയാൾ സ്ഥിരമായി കാറുകൾ ഏർപ്പാട് ചെയ്തുകൊടുക്കാറുണ്ടെന്നു കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ട്.

നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ട്രാവൽസിലെ വണ്ടികളും ഡ്രൈവർമാരുമാണ് ഇത്തരത്തിൽ പൊലീസുകാരുമായി പോയിരുന്നത്. ഈ യാത്രയുടെ മറവിൽ വ്യാപകമായി മലബാറിലേക്കുൾപ്പെടെ സ്വർണവും പണവും സംഘം കടത്തിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. കേസന്വേഷണത്തിനു വേണ്ടി പോകുന്ന പൊലീസുകാരും കൂടെയുള്ളതിനാൽ ആരും സംശയിക്കുകയും ഇല്ല. ഇത്തരത്തിൽ 5 തവണയെങ്കിലും ഇവർ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലിൽ ലഭിച്ച വിവരം.

എന്നാൽ വണ്ടിയിൽ ഇതുപോലെ ഇടപാടിനായി ചരക്ക് കൊണ്ടുപോകുന്ന വിവരം പൊലീസുകാർക്ക് അറിയില്ലെന്നാണ് ജാബിനും നൗഷാദും നൽകിയിട്ടുള്ള മൊഴി. പക്ഷേ ഇതു വിശ്വാസത്തിലെടുക്കാൻ കസ്റ്റംസ് ഇതുവരെ തയ്യാറായിട്ടില്ല. 2010ൽ പാസിങ്ങ് ഔട്ട് പരേഡ് കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിലാണ് ജാബിൻ കെ ബഷീർ നെടുമ്പാശേരി വിമാനത്താവളത്തിൽ എമിഗ്രേഷൻ ഓഫീസറായി എത്തിയത്. ഒരു ഭരണകക്ഷി നേതാവിന്റെ ഇടപെടൽ കൊണ്ടാണത്രെ ഇതു പെട്ടെന്നു സാധ്യമായത്. എറണാകുളം ജില്ലയിലെ പ്രമുഖനായ ഐ ഗ്രൂപ്പ് എംഎൽഎയുടെ ശുപാർശക്കത്തിന്റെ അടിസ്ഥാനത്തിലാണ് ജാബിന് ചട്ടവിരുദ്ധമായി വിമാനത്താവളത്തിലേക്ക് ഡെപ്യൂട്ടേഷൻ അനുവദിച്ചത്. ഭരണകക്ഷി നേതാവിനും എംഎൽഎക്കും ഇയാളെ മുൻപു തന്നെ അടുത്തു പരിചയമുണ്ടെന്നും പറയപ്പെടുന്നു. എന്നാൽ ഇയാൾക്കും നൗഷാദിനും ഇത്തരത്തിലുള്ള ബിസിനസ് ഉണ്ടെന്ന് മൂവാറ്റുപുഴയിലെ ഒരു കുഞ്ഞിനു പോലും അറിവില്ലായിരുന്നുവെന്നാണ് സൂചന.

സർണക്കടത്തിനായി ഉപയോഗിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ളവരെക്കുറിച്ചുള്ള കൂടുതൽ തെളിവുകൾ കസ്റ്റംസിന്റെ പക്കലുണ്ടെന്നാണ് അറിയുന്നത്. ഇവരിപ്പോൾ സന്ദർശക വിസയിൽ വിദേശത്തായതിനാൽ പലരും മടങ്ങിയെത്തിയാൽ മാത്രമേ അറസ്റ്റും കൂടുതൽ ചോദ്യം ചെയ്യലും സാധ്യമാകുകയുള്ളൂ. കാരിയർമാരായി ഇവരുടെ സംഘത്തിൽ ഏതാണ്ട് ഇരുപതോളം പേരുണ്ടെന്നാണു ലഭിക്കുന്ന വിവരം. ജാബിൻ കൂടി അറസ്റ്റിലായതോടെ ഇവരെല്ലാം കൂട്ടത്തോടെ മുങ്ങിയെന്നാണ് അന്വേഷണസംഘത്തിൽനിന്നു ലഭിക്കുന്ന വിവരം. പിടിയിലായവരെ വീണ്ടും ചോദ്യം ചെയ്താൽ കേസിലെ ഉന്നതബന്ധങ്ങളുടെ ചുരുളഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.