കൊച്ചി: സ്വർണ്ണ കടത്തു കേസിൽ കസ്റ്റംസ് പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ഈ കേസിൽ പ്രതികൾ എല്ലാം രക്ഷപ്പെടു്ന്ന വിധത്തിലാണ് കുറ്റപത്രം എന്നാണ് ഉയരുന്ന വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ചില അടിയന്തര നടപടികൾ കസ്റ്റംസ് എടുക്കും. എല്ലാം യുഎഇ കോൺസുലേറ്റിന്റെ തലയിൽ കെട്ടി വച്ച് രക്ഷപ്പെടാനാണ് സ്വപ്‌നാ സുരേഷിന്റെയും സരിത്തിന്റേയും ശ്രമം. കുറ്റപത്രം പോലും സംശയ നിഴലിലാണെന്നാണ് റിപ്പോർട്ട്.

അറ്റാഷയെ ചോദ്യം ചെയ്യാൻ കഴിയാത്തതാണ് ഇതിന് കാരണം. 30 കിലോ കള്ളക്കടത്തു സ്വർണത്തിന്റെ അവകാശികളെ കണ്ടെത്താൻ വിദേശത്തുള്ള പ്രധാനപ്രതികളെ ചോദ്യംചെയ്യേണ്ടതു അനിവാര്യമാണെന്നാണു കസ്റ്റംസിനു ലഭിച്ച നിയമോപദേശം. അല്ലാത്തപക്ഷം കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച എഫ്.ഐ.ആർ. തിരിച്ചടിയാകുമെന്നാണു വിലയിരുത്തൽ. എന്നാൽ അതിന് കഴിയുന്നുമില്ല. ഇതാണ് പ്രതിസന്ധിയാകുന്നത്. എൻഐഎ കുറച്ചു കാലമായി ഈ കേസിൽ താൽപ്പര്യവും പ്രകടിപ്പിക്കുന്നില്ല. ശിവശങ്കറിന് ജാമ്യം കിട്ടിയപ്പോഴും ഈ ജാള്യത വ്യക്തമായിരുന്നു.

മുപ്പത് കിലോ സ്വർണം ദുബായിൽ നിന്നു കയറ്റിവിട്ട ഫൈസൽ ഫരീദിനെ കാണാനോ ചോദ്യംചെയ്യനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഫൈസലിനെ വിട്ടുതരാത്തതു നയതന്ത്ര ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തുവരുമെന്ന ആശങ്കയിലാണെന്നാണു കസ്റ്റംസിന്റെ കണക്കുകൂട്ടൽ.
ഇന്റർപോൾ വഴി ഫൈസലിനെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇന്റർപോൾ പുറപ്പെടുവിച്ച ബ്ളൂകോർണർ നോട്ടീസ് പ്രകാരം ഫൈസൽ എവിടെയാണെന്നു കണ്ടെത്തി റിപ്പോർട്ട് നൽകിയിട്ടുണ്ട്. റെഡ്കോർണർ നോട്ടീസ് ഉണ്ടെങ്കിലേ പ്രതിയെ അറസ്റ്റ് ചെയ്യാനാവൂ.

'ബാഗേജ് കുടുങ്ങിപ്പോയി, നീ വരണം' എന്ന യു.എ.ഇ. കോൺസുലേറ്റിലെ അറ്റാഷെയുടെ മൊഴി പിടിവള്ളിയാക്കാൻ സ്വർണക്കടത്ത് പ്രതികൾ ശ്രമിക്കുമെന്നാണ് കസ്റ്റംസിന് കിട്ടുന്ന നിയമോപദേശം. ജൂൺ 30 നു തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് കസ്റ്റംസ് തടഞ്ഞുവച്ചപ്പോഴാണു തന്റെ പഴയ പങ്കാളിയായ പി.എസ്. സരിത്തിനെ അറ്റാഷെ വിളിച്ചു വരുത്തിയത്.

സ്വർണമടങ്ങിയ ബാഗ് വിട്ടുകിട്ടാതെ വന്നപ്പോൾ താൻ സരിത്തിനെ വിളിച്ചു വരുത്തിയെന്നാണു കോൺസുലേറ്റിലെ അഡ്‌മിൻ അറ്റാഷെ കസ്റ്റംസിനു തുടക്കത്തിൽ മൊഴി നൽകിയത്. ഈ മൊഴി എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. ബാഗിൽ തങ്ങളുടെ സ്വർണമാണെങ്കിൽ അറ്റാഷെ വിളിക്കേണ്ട ആവശ്യമില്ലല്ലോ എന്നാണു സരിത്തിന്റെയും സ്വപ്നയുടെയും വാദം. സ്വർണ്ണ കടത്ത് വിവാദമായപ്പോൾ അറ്റാഷെ ഇന്ത്യ വിട്ടു. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ കഴിഞ്ഞതുമില്ല,

ഇതാണ് പ്രതികൾക്ക് തുണയാകുന്നത്. 30 കിലോ കള്ളക്കടത്തു സ്വർണത്തിന്റെ അവകാശികളെ കണ്ടെത്താൻ വിദേശത്തുള്ള പ്രധാനപ്രതികളെ ചോദ്യംചെയ്യേണ്ടതു അനിവാര്യമാണെന്നാണു കസ്റ്റംസിനു ലഭിച്ച നിയമോപദേശം. അല്ലാത്തപക്ഷം കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച എഫ്.ഐ.ആർ. കോടതി തള്ളാനും സാധ്യതയുണ്ട്.

വിദേശത്തുള്ള വൻകിടക്കാർ കോൺസുലേറ്റിന്റെ മറവിൽ നടത്തിവന്ന കള്ളക്കടത്തിനു തങ്ങളെ ബലിയാടാക്കിയെന്നാണു സ്വപ്നയും കസ്റ്റംസിനും നൽകിയമൊഴി. ഇതുറപ്പിക്കാൻ ഫൈസലിനെയും കോൺസുൽ ജനറൽ, അറ്റാഷെ എന്നിവരെ ചോദ്യംചെയ്യേണ്ടതുണ്ട്. സ്വർണം അയച്ചതാര്, ആർക്കുവേണ്ടി എന്നതിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല.

മുവാറ്റുപുഴ സ്വദേശി റബിൻസിനെ യു.എ.ഇ. വിട്ടു നൽകിയെങ്കിലും യഥാർത്ഥപ്രതികൾ കാണാമറയത്താണ്. നയതന്ത്ര സ്വർണക്കടത്തിൽ റബിൻസിന്റെ പങ്ക് തെളിഞ്ഞിട്ടുമില്ല. ഇതോടെ ഇ.ഡി. ചോദ്യചെയ്യൽ ഉപേക്ഷിച്ചു.