കൊച്ചി: സ്വണ്ണം കള്ളക്കടത്തിന്റെ പുതിയ വഴികൾ എയർ കസ്റ്റംസ് വിഭാഗത്തിന് വെല്ലുവിളിയായി. കഴിഞ്ഞ രണ്ടുദിവസങ്ങളായി അതിവിദഗ്ധമായി കടത്താൻ ശ്രമിച്ച 60 ലക്ഷത്തോളം രൂപയുടെ സ്വണ്ണം കണ്ടെടുത്തതോടെയാണ് കള്ളക്കടത്ത് മാഫീയയുടെ പുതിയ രീതികളെക്കുറിച്ച് അധികൃതർക്ക് വ്യക്തമായ വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം 28 ലക്ഷം രൂപയുടെ സ്വർണം കണ്ടെടുത്തത് ഹെയർബാന്റിൽ നിന്നാണ്. ഇന്നലെ രാത്രി വന്നിറങ്ങിയ യാത്രക്കാരന്റെ ബാഗിൽ നിന്നും കണ്ടെത്തിയ ഡൈപറിൽ നിന്നും 30 ലക്ഷം രൂപയുടെ സ്വർണം കണ്ടെടുത്തു.

മറ്റ് പലമാർഗ്ഗങ്ങളിലും സ്വർണ്ണക്കടത്ത് പിടികൂടിയിട്ടുണ്ടെങ്കിലും ഇത്തരത്തിൽ സ്വർണ്ണക്കടത്ത് തുടർച്ചയായി കണ്ടെത്തുന്നത് ഇത് ആദ്യാമാണെന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെ കസ്റ്റംസ് അസിറ്റന്റ് കമ്മീഷണർ റോയി വർഗീസ് മറുനാടനോട് വ്യക്തമാക്കി. ഡൈപ്പറിലെ ഡിസൈനുകളിൽ പതിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. രണ്ടു സംഭവത്തിലും പിടിയിലായവർ പഞ്ചാബിൽ നിന്നുള്ളവരാണ്.

ബാങ്കോക്കിൽ നിന്നുള്ള എയർ ഏഷ്യാ വിമാനത്തിലാണ് ഇവർ ഇരുവരും രണ്ട് ദിവസങ്ങളിലായി എത്തിയതെന്നും അധികൃതർ അറിയിച്ചു. ഹെയർബാന്റിന്റെ ക്ലിപ്പായി രൂപപ്പെടുത്തി, മെർക്കുറി ഉപയോഗിച്ച് നിറം മാറ്റിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഈ സംഭവത്തിൽ പഞ്ചാബ് സ്വദേശി നവീന്ദർകുമാർ ജൽഹോത്രയാണ് അധികതൃതരുടെ പിടിയിലായത്. ഇയാളിൽ നിന്നും 926.500 ഗ്രാം സ്വർണ്ണമാണ് എയർ കസ്റ്റംസ് ഇന്റിലിജൻസ് വിഭാഗം കണ്ടെടുത്തത്.

ചെക്കിൻ ബാഗേജിനകത്ത് കടത്തിയ ഹെയർബാന്റിന്റെ ക്ലിപ്പുകളാണ് സ്വർണം കൊണ്ട് നിർമ്മിച്ചവായിരുന്നു. ഒറ്റ നോട്ടത്തിൽ അലൂമിനിയ തകിടായി കാണപ്പെട്ടിരുന്ന ഹെയർബാന്റ് ക്ലിപ്പുകൾ ശാസ്ത്ര,സാങ്കേതിക പരിശോധനിലൂടെയാണ് ഉദ്യോഗസ്ഥ സംഘം സ്വർണ്ണനിർമ്മിതമാണെന്ന് സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയാണ് കുട്ടികളുടെ അരയിൽച്ചുറ്റുന്ന ഡൈപ്പറിൽ പതിപ്പിച്ച 30 ലക്ഷം രൂപുടെ സ്വർണം വിശദമായ പരിശോധനിൽ ഉദ്യോഗസ്ഥ സംഘം കണ്ടെടുത്തത്.ഈ സംഭവത്തിൽ പഞ്ചാബ് സ്വദേശി സുമിത് സിംഗാണ് പിടിയിലായിട്ടുള്ളത്.

പുതിയ കണ്ടെത്തലുകളുടെ സാഹചര്യത്തിൽ വിമാനത്താവളങ്ങളിലെ പരിശോധന രീതികൾ വിപുലപ്പെടുത്താനും കർശനമാക്കാനുമാണ് അധികൃതർ ലക്ഷ്യമിട്ടിട്ടുള്ളത്. ഉത്സവ സീസണിൽ രാജ്യത്തെ സ്വർണ്ണക്കടത്ത് വർധിക്കുമെന്നും റിപ്പോർട്ടുണ്ട്. നേരത്തെ ഓഗസ്റ്റിൽ സ്വർണ്ണ വിൽപ്പന്ന പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ടിന് കീഴിൽ കൊണ്ടുവരുന്നതിനുള്ള നീക്കം നടത്തിയിരുന്നു. 50,000 രൂപയ്ക്ക് മുകളിലുള്ള സ്വർണ്ണ വിൽപ്പനകൾക്ക് ഉപഭോക്താക്കളുടെ നികുതി കോഡ് അല്ലെങ്കിൽ വ്യക്തിഗത തിരിച്ചറിയൽ നമ്പർ എന്നീ രേഖകൾ എന്നിവ ശേഖരിച്ച് സൂക്ഷിക്കണമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ജിഎസ്ടി ഈടാക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടി സ്വർണ്ണക്കടത്ത് ഉയരുമെന്നും വിലയിരുത്തപ്പെടുന്നു.

ലോകത്തിൽ സ്വർണ്ണ ഉപഭോഗത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയിൽ കഴിഞ്ഞ മൂന്ന് മാസക്കാലമായി സ്വർണ്ണത്തിന്റെ ആവശ്യകത ഉയർന്നിട്ടുണ്ടെന്നും വിവാഹ സീസണിന്റെ ആരംഭവും അതിനൊപ്പം ദീപാവലി, ദസറ ആഘോഷങ്ങളും കാരണമാണ് സ്വർണ്ണത്തിന്റെ ആവശ്യക്കാരുടെ എണ്ണം വർധിച്ചിട്ടുള്ളത്. സ്വർണ്ണ വിൽപ്പന ഉയരുന്നതിനനുസരിച്ച് കള്ളക്കടത്തും വർധിക്കുമെന്നാണ് വിലയിരുത്തൽ. ഇതാണ് നെടുമ്പാശ്ശേരിയിലും പ്രതിഫലിക്കുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ്ണകടത്ത് വർദ്ധിക്കുന്നതായി തന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സ്വർണം കടത്ത് വ്യാപകമെന്ന സൂചന ലഭിച്ചതോടെ കസ്റ്റംസ് വിഭാഗം വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ചെറുതും വലുതുമായ ലഗേജുകളെല്ലാം വിശദമായ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. സംശയമുള്ളവരെ ചോദ്യം ചെയ്യുന്നുമുണ്ട്. എന്നാൽ പിടിക്കപ്പെടുന്നവർക്ക് അപ്പോൾ തന്നെ ജാമ്യം ലഭിക്കുന്നതാണ് സ്വർണക്കടത്ത് വർദ്ധിക്കാൻ കാരണം.