കൊച്ചി: രാജ്യത്തെ സമ്പദ് വ്യവസ്ഥയെത്തന്നെ അട്ടിമറിക്കുന്ന വിവാദമായ നെടുമ്പാശേരി സ്വർണ്ണക്കടത്ത് കേസ് പുതിയ വഴിത്തിരിവിലേക്ക്. വർഷങ്ങളായി തുടരുന്ന കള്ളക്കടത്തിടപാടിന് ഒത്താശ ചെയ്തതിന്റെ പേരിൽ കൂടുതൽ പൊലീസുകാർ കുടുങ്ങിയേക്കും.

അഞ്ചു വർഷമായി വിമാനത്താവളത്തിനകത്ത് സ്വർണം കടത്താൻ കൂട്ടുനിന്നവരിൽ പത്തോളം പൊലീസുകാർ ഉണ്ടെന്നാണ് കസ്റ്റംസ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. സ്വർണക്കടത്തുകാരൻ നൗഷാദിനെയും ഇയാളുടെ കൂട്ടാളി പൊലീസുകാരൻ ജാബിനേയും ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ കസ്റ്റംസിന് കിട്ടിയത്.

ഏതാണ്ട് രണ്ടു വർഷക്കാലമാണ് ജാബിൻ നെടുമ്പാശേരി വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗത്തിൽ ജോലി ചെയ്തത്. 2010ൽ തൃശൂർ പൊലീസ് അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി മാസങ്ങൾ പിന്നിടുന്നതിന് മുൻപായി വിമാനത്താവള ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുകയായിരുന്നു. പരിശീലനം കഴിഞ്ഞ് ഇത്രയും കുറഞ്ഞ സമയം കൊണ്ടു വിമാനത്താവളത്തിലേക്ക് ഡെപ്യൂട്ടേഷൻ ലഭിക്കുന്നത് അപൂർവ്വമാണ്.

വിഷയങ്ങൾ ഇങ്ങനെയൊക്കെയാണെന്നിരിക്കെയാണ് ജാബിൻ മാത്രമല്ല കൂടുതൽ പൊലീസുകാർ കേസിൽ സ്വർണക്കടത്തുകാർക്ക് കൂട്ടുനിന്നുവെന്ന വിവരം പുറത്തു വരുന്നത്. പുതിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 2010 മുതൽ വിമാനത്താവളത്തിൽ എമിേ്രഗഷൻ വിഭാഗത്തിൽ ജോലി ചെയ്തു വന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും സ്വത്ത് വിവരം ശേഖരിക്കാനുള്ള നടപടികൾ അന്വേഷണസംഘം ആരംഭിച്ചു.

ഉന്നത ഉദ്യോഗസ്ഥർ മുതൽ ഡെപ്യൂട്ടേഷനിൽ വന്ന പൊലീസുകാർ വരെയുള്ളവരുടേയും കുടുംബാംഗങ്ങളുടേയും വിവരങ്ങളാണ് ഇത്തരത്തിൽ ശേഖരിക്കുക. എമിഗ്രേഷൻ വിഭാഗത്തിൽ ജോലി ചെയ്തു വന്ന വനിതാ പൊലീസുകാർ ഉൾപ്പെടെ കേസിൽ ആരോപണത്തിന്റ് കരിനിഴലിലാണിപ്പോൾ.

അതേസമയം മുൻപ് സ്വർണക്കടത്തുകാരൻ ഫയാസ് പിടിയിലായപ്പോൾ തന്നെ കള്ളക്കടത്തിന് എമിഗ്രേഷൻ വിഭാഗത്തിൽനിന്ന് കയ്യയച്ച് സഹായം ലഭിച്ചിട്ടുണ്ടെന്നു കേന്ദ്ര ഇന്റലിജന്റ്‌സ് ബ്യൂറോ കണ്ടെത്തിയിരുന്നു. ഈ വിവരത്തിന്റെ പശ്ചാത്തലത്തിൽ അവിടെ ആ സമയം ജോലി ചെയ്തു വന്ന മുഴുവൻ പൊലീസുകാരുടേയും സ്വത്തുവിവരം അന്വേഷിക്കണമെന്ന് ഐ ബി സംസ്ഥാന സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ തന്നെ പറഞ്ഞിരുന്നു. എന്നാൽ അതിനുള്ള നടപടി ക്രമങ്ങൾ തുടങ്ങിവയ്ക്കാൻ പോലും ആഭ്യന്തര വകുപ്പ് താത്പര്യം കാട്ടാഞ്ഞതാണു വീണ്ടും നെടുമ്പാശേരിയെ സ്വർണ്ണക്കടത്തിന്റെ ഇടനാഴിയാക്കി മാറ്റിയത്.

എന്തായാലും പുതുതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസുകാരിലേക്കുകൂടി അന്വേഷണം വ്യാപിപ്പിക്കുകയാണ്. വിമാനത്താവള ഡ്യൂട്ടി കഴിഞ്ഞ് തിരികേ തങ്ങളുടെ ആസ്ഥാനത്തേക്ക് മടങ്ങുന്ന പൊലീസുകാർ പലരും വലിയ ധനാഢ്യരായാണത്രെ കാണപ്പെടുന്നത്. ഇതെല്ലാം അന്വേഷണപരിധിയിൽ വരാനുള്ള സാധ്യത ഏറെയാണ്. പരിശോധനയിൽ ചെറുതായി കണ്ണടയ്ക്കുന്നവർക്കു പോലും വലിയ സമ്മാനങ്ങൾ ലഭിച്ചിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ആരൊക്കെയാണ് ഈ സ്വർണം വാങ്ങിയവരെന്നതിനെക്കുറിച്ച് വ്യക്തമായ വിവരം നൽകാൻ കസ്റ്റംസ് ഇതുവരെ തയ്യാറായിട്ടില്ല .

കേരളത്തിലെ പ്രമുഖമായ മുഴുവൻ ജൂവലറികളും നൗഷാദിന്റെ സ്വർണം വാങ്ങിയിരുന്നവരാണെന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചന. എന്നാൽ ഇതിന് ഔദ്യോഗികമായി സ്ഥിരീകരണം നൽകാൻ കസ്റ്റംസ് അധികൃതർ ഒരുക്കമല്ല. പ്രതിയായ ഒരാളുടെ മൊഴി മാത്രം അടിസ്ഥാനപ്പെടുത്തി ഒരാളെയോ ഏതെങ്കിലും സ്ഥാപനത്തേയോ മോശമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നാണ് കസ്റ്റംസ് നിലപാട്. കൂടുതൽ തെളിവുകൾ കൂടി ലഭിച്ചതിനു ശേഷം മുഴുവൻ അറസ്റ്റും ഉണ്ടാകുമെന്നു തന്നെയാണ് കസ്റ്റംസ് വൃത്തങ്ങൾ നൽകുന്ന സൂചന.