കൊച്ചി: ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ തൂക്കത്തിലും പരിശുദ്ധിയിലും വെട്ടിപ്പ് നടത്തിയ വൻകിട ജൂവലറിക്കാരുടെ പേര് വിവരം പുറത്തുവിടാതിരിക്കാൻ ഉദ്യോഗസ്ഥരുടെ മേൽ കടുത്ത സമ്മർദ്ദമായിരുന്നു ഉയർന്ന വിവരം നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തതാണ്. മന്ത്രിമാർ തന്നെ ജൂവലറിക്കാർക്ക് വേണ്ടി ഇടപെട്ടു. ഇങ്ങനെയുള്ള സാഹചര്യത്തിൽ കള്ളക്കടത്തു സ്വർണം വാങ്ങിയ ജൂവലറിക്കാരുടെ പേര് വിവരങ്ങൾ പുറത്തുവരുമെന്ന് കരുതാമോ? നെടുമ്പാശ്ശേരി വഴി കടത്തിയ സ്വർണ്ണത്തിന്റെ സിംഹഭാഗവും എത്തിച്ചേർന്നതുകൊച്ചിയിലെ പ്രമുഖ ജൂവലറികളിലാണെന്ന വിവരം കസ്റ്റംസ് അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇവരുടെ പേര് വിവരം പുറത്തുവന്നിരുന്നില്ല.

ഈ പ്രമുഖ ജൂവലറികളുടെ പേര് വിവരം ലഭിക്കാൻ വേണ്ടി മറുനാടനും ശ്രമം നടത്തിയെങ്കിലും തൽക്കാലം പേര് പുറത്തുവിടാൻ സാധിക്കില്ലെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുടെ നിലപാട് നല്ല ഉദ്ദേശ്യത്തോടെ തന്നെയാണ്. ഇന്ത്യ മുഴുവൻ ബ്രാഞ്ചുകൾ ഉള്ള രണ്ട് പ്രമുഖ ജൂവലറികളിലേക്കാണ് കള്ളക്കടത്ത് സ്വർണം എത്തിയതെന്ന് വ്യക്തമാക്കുന്ന ഉദ്യോഗസ്ഥർ ഇതിന് ശക്തമായ തെളിവുകൾ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ്. മുൻപ് മലബാർ ഗോൾഡിലേക്ക് ഫയാസ് സ്വർണം എത്തിച്ചെന്ന് കസ്റ്റംസ് വിലയിരുത്തി മാദ്ധ്യമങ്ങൾക്ക് വിവരവും കൈമാറിയിരുന്നു. എന്നാൽ, അന്ന് ആരോപണം തെളിയിക്കാൻ അന്ന് ഉദ്യോഗസ്ഥർക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ടാണ് ഇത്തവണ കൂടുതൽ കരുതലെടുക്കാൻ ഉദ്യോഗസ്ഥർ ഒരുങ്ങുന്നത്.

കള്ളക്കടത്തു സ്വർണം എത്തിയിരിക്കുന്ന ഒരു ജൂവലറി ഉടമയ്ക്ക് കസ്റ്റംസ് നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാൽ, ജുവല്ലറിയുടെ പേര് വിവരങ്ങൾ പുറത്തുപോയാൽ അത് തങ്ങളുടെ അന്വേഷണത്തെ ബാധിക്കുമെന്ന് കസ്റ്റംസ് വിലയിരുത്തുന്നു. അന്വേഷണ സംഘത്തിനു മുൻപാകെ നേരിട്ടു ഹാജരാകാനാൻ നിർദ്ദേശിച്ചു കൊണ്ടാണ് ജുവല്ലറി ഉടമയ്ക്ക് കസ്റ്റംസ് നോട്ടീസ് അയച്ചത്. കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത പൊലീകാരൻ ജാബിൻ ബഷീറിൽ നിന്നും കള്ളക്കടത്തുകാരൻ പി എ നൗഷദിൽ നിന്നും ഇവർ ഈ ജൂവലറി ഉടമകൾ സ്വർണം വാങ്ങിയിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ നിഗമനം.

കേസിൽ നേരത്തെ പിടിയിലായ കള്ളക്കടത്തുകാരൻ പി.എ. നൗഷാദിന്റെ ടെലിഫോൺ സംഭാഷണ വിവരങ്ങളിൽ നിന്നാണ് ജൂവലറിക്കു കള്ളക്കടത്തിലുള്ള പങ്ക് കണ്ടെത്തിയത്. മൂന്നു കോടി രൂപയുടെ കുഴൽപ്പണമാണ് ജൂവലറി ഉടമകൾ വാങ്ങിയ സ്വർണത്തിന്റെ വിലയായി കള്ളക്കടത്തു റാക്കറ്റിനു നൽകിയതെന്നുമാണ് പുറത്തുവരുന്ന വിവരം. എന്നാൽ, സ്വർണ്ണക്കടത്തുകാരനുമായി പ്രസ്തുത ജൂവലറി ഗ്രൂപ്പുകൾക്ക് ബന്ധമുള്ള വിവരം കസ്റ്റംസിന് തെളിയിക്കാൻ സാധിക്കും. ഇതിനെ ശരിവെക്കുന്ന മൊഴികളുമുണ്ട്. എന്നാൽ, കൃത്യമായ തെളിവ് ശേഖരമാണ് തടസ്സമായി നിൽക്കുന്നത്.

കള്ളക്കടത്തു വഴിയെത്തുന്ന സ്വർണം ഉരുക്കിയെടുത്ത് പഴയ ആഭരണങ്ങൾ ഉരുക്കിയെടുത്തതാണെന്ന വിധത്തിൽ രേഖയുണ്ടാക്കുകയാണ് ജുവല്ലറിക്കാർ ചെയ്യുന്നത്. ഇതിനായി ഇവർ വ്യാപകമായി പഴയ സ്വർണം ശേഖരിക്കുകയും ചെയ്യും. അതുകൊണ്ട് കള്ളക്കടത്തു വഴി സ്വർണ്ണമെത്തിയെന്നത് എളുപ്പത്തിൽ സ്ഥിരീകരിക്കാൻ കസ്റ്റംസിന് സാധിക്കുന്നില്ല. ഈ പ്രതിസന്ധിയുള്ളതുകൊണ്ടാണ് കൂടുതൽ കരുതലോടെ നീങ്ങി തെളിവുകൾ സ്വീകരിച്ച ശേഷം മാത്രം ജുവല്ലറികളുടെ പേര് വെളിപ്പെടുത്താൻ കസ്റ്റംസ് ഉദ്യോഗസ്ഥർ തീരുമാനിച്ചിരിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി സ്വർണ്ണക്കള്ളക്കടത്തുകാരൻ നൗഷാദിന്റെ മൊഴികൾക്കു പുറമെ കേസിലെ മറ്റൊരു പ്രതിയായ ആഷിഖ് എം. ഷാനവാസിന്റെ മൊഴികളും കസ്റ്റംസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നാം പ്രതി സലിം മേലാത്ത് മക്കാർ സ്വർണം കടത്താൻ ഉപയോഗിച്ചിരുന്ന കാർ കസ്റ്റംസ് കണ്ടെത്തിയത് ആഷിഖിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ്. കള്ളക്കടത്തു സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു പുറത്തു കടത്തിയാൽ മുഖ്യപ്രതിയായ നൗഷാദ് കൂടുതൽ തവണയും വിളിക്കുന്നത് പ്രമുഖ ജുവല്ലറിയുടെ രണ്ടു ശാഖകളിലേക്കാണ്. ഏകദേശം 200 കിലോ ഗ്രാമിലധികം കള്ളക്കടത്തു സ്വർണം ഇവർ വാങ്ങി ആഭരണങ്ങളാക്കി വിൽപ്പന നടത്തിയതായാണ് സൂചന. ഈ ജൂവലറിയുമായുള്ള ഇടപാട് നടത്താൻ ആയില്ലെങ്കിൽ മാത്രമാണ് മറ്റുള്ളവരുടെ പക്കലേക്ക് കള്ളക്കടത്തു സ്വർണം എത്തിയിരുന്നത്.

തങ്ങൾ ജുവല്ലറികളുടെ പേര് വിവരം പുറത്തുവിട്ടാലും മാദ്ധ്യമ പിന്തുണ കിട്ടാനുള്ള സാധ്യത കുറവാണെന്ന യാഥാർത്ഥ്യവും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് അറിയാം. മാദ്ധ്യമങ്ങൾക്ക് പരസ്യങ്ങൾ നൽകുന്നതിൽ മുമ്പന്തിയിലാണ് ജുവല്ലറികൾ. അതുകൊണ്ട് പരസ്യദാതാവിനെ പിണക്കാൻ ആരും തയ്യാറല്ല താനും. ചുരുക്കത്തിൽ പ്രമുഖ ജുവല്ലറികൾ പോലും കള്ളക്കടത്ത് സ്വർണം എത്തിക്കുന്നു വിവരങ്ങൾ പുറത്തുവന്നാലും മാദ്ധ്യമങ്ങൾ അവഗണിച്ചേക്കാം. മറിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരെ മോശക്കാരാക്കാനുള്ള ശ്രമങ്ങളും ഉണ്ടായേക്കുമെന്നതിനാൽ ഇനി മുന്നോട്ടുള്ള ചുവടുകൾ കരുതലോടെ വെക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.