കാസർഗോഡ്: സ്വർണവിതരണക്കാരനെ അടിച്ചു വീഴ്‌ത്തി സ്വർണവും പണവും കവർന്ന സംഭവത്തിലെ മുഖ്യപ്രതി ഗുജ്്്‌റി ഹമീദ് അന്തർ സംസ്ഥാന കഞ്ചാവ് സംഘത്തിന്റെ തലവനാണെന്ന് വിവരം. ആഡംബരക്കാറിൽ ഊണും ഉറക്കവും പതിവാക്കിയ ഹമീദ് മണൽ മാഫിയാ തലവൻകൂടിയാണ്.

കർണാടകത്തിൽ നിന്നും വൻതോതിൽ മണൽ കടത്തിയതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്. കാസർഗോഡ് പൈവളിക സ്വദേശിയായ ഗുജ്്്‌റി ഹമീദ് കർണ്ണാടക വിട്‌ലയിലെ കോളേജ് പരിസരത്ത് കാറിൽ തന്നെയാണ് അന്തിയുറങ്ങുക. കാർ തട്ടിയെടുത്തതാണോ സ്വന്തമാണോ എന്നതിനെക്കുറിച്ചും സംശയമുണ്ട്. സ്റ്റാർ ഹോട്ടൽ പോലെ ആഡംബരമൊരുക്കിയ സ്റ്റാർ കാറിനെക്കുറിച്ച് പൊലീസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന ഹമീദ് എൺപതു കിലോഗ്രാം കഞ്ചാവ് കടത്തവേയാണ്് പിടിയിലായത്.

കഴിഞ്ഞ ജനുവരി 12 ന് രാത്രി ഏഴുമണിക്കാണ് കാസർഗോഡ് കെ.എസ്.ആർ.ടി.സിക്ക് സമീപം വച്ച് സ്വർണാഭരണ വിതരണക്കാരനായ തൃശൂർ ചെമ്പുക്കാവ് സ്വദേശിയായ ടോണിയെ അടിച്ചുവീഴ്‌ത്തിയത്. 1.318 കിലോഗ്രാം സ്വർണാഭരണവും 4,36,350 രൂപയുമാണ് ടോണിയിൽ നിന്നും കവർച്ച ചെയ്തത്. കർണാടകത്തിലെ സുള്ള്യക്കടുത്ത വിട്‌ലയിലെ സ്വർണക്കടയിൽ സ്വർണം നൽകി പണവുമായി തിരിച്ച് തൃശൂരിലേക്ക് പോകവേയാണ് അക്രമമുണ്ടായത്.

ടോണിയുടെ മടക്കയാത്ര സസൂക്ഷ്മം പഠിച്ച ഒരാളുടെ തലയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്ന് അന്നേ സംശയമുണ്ടായിരുന്നു. വിട്‌ലയിലെ ജൂവലറി ഉടമയെയായിരുന്നു ആദ്യം സംശയിച്ചത്. ജൂവലറി ഉടമ മറ്റു രണ്ടു വിതരണക്കാരെ പണം നൽകാതെ പറഞ്ഞു വിടുകയും ടോണിയെ കടയിലിരുത്തി അവർ പോയശേഷം പണം നൽകുകയും ചെയ്തതാണ് സംശയത്തിനിടയാക്കിയത്. എന്നാൽ കടയുടമക്ക് ഇതിൽ പങ്കില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. കവർച്ചക്ക് അതേ കടയിലെ മൻസൂർ എന്നയാളാണ് എല്ലാ ഒത്താശകളും ചെയ്തത്. ഗുജ്‌റി ഹമീദിന്റെ കൂട്ടാളിയായ റാസിക്കിന് മൻസൂർ ഫോൺ ചെയ്യുന്നതും ടോണിയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതും കടയിലെ സി.സി. ടിവി.യിൽ പതിഞ്ഞിട്ടുണ്ട്.

ടോണിയെ അടിച്ചു വീഴ്‌ത്തി സ്വർണ്ണവും പണവും തട്ടിയെടുക്കാൻ റാസിക്ക് നിയോഗിച്ചത് ഗുജ്‌റി ഹമീദിനേയും കൂട്ടാളി നൗഷാദിനേയുമാണ്. കഞ്ചാവ് കടത്തുമായാണ് ഇവർ ബന്ധപ്പെട്ടിരുന്നത്. ജൂവലറിയിൽ നിന്ന് പണവുമായും സ്വർണ്ണമടങ്ങിയ ബാഗുമായും ഇറങ്ങിയ ടോണിയെ വിട്‌ല ബസ്സ് സ്റ്റാൻഡിൽ വച്ച് അക്രമിച്ച് കവർച്ച നടത്താനാണ് മൻസൂർ നിർദേശിച്ചത്. എന്നാൽ കടയിൽ നിന്നും ഇറങ്ങിയ ഉടൻ കാസർഗോഡേക്ക് പോവുകയായിരുന്ന ബസ്സ് നിർത്തി ടോണി അതിൽ കയറുകയായിരുന്നു. അതോടെ കവർച്ചാ സംഘത്തിന്റെ ആദ്യ ഉദ്യമം പാളി. തുടർന്ന് ഏതു വിധേനയും പണവും സ്വർണ്ണവും തട്ടിയെടുക്കാൻ ഹമീദും നൗഷാദും കാറിനെ പിൻതുടർന്നു. കേരള -കർണ്ണാടക അതിർത്തിയിൽ സ്ഥാപിച്ച സി.സി. ടി.വി. ക്യാമറയിൽ കാറിന്റെ ദൃശ്യം വ്യക്തമായിട്ടുണ്ട്.

കാസർഗോഡ് കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ബസ്സ് ഇറങ്ങിയ ടോണി കോഴിക്കോട്ടേക്കുള്ള ബസ്സിന്റെ സമയം ചോദിച്ച് അടുത്ത ഹോട്ടലിലേക്ക് പോയി. ഹോട്ടൽ വരെ കവർച്ചാ സംഘം പിൻതുടർന്നെങ്കിലും കവർച്ച നടത്താനുള്ള രണ്ടാമൂഴവും അലസുകയായിരുന്നു. ഹോട്ടലിൽ നിന്നും തിരിച്ച് ക്രോസ് റോഡിലൂടെ വേഗത്തിൽ നടന്നു പോവുകയായിരുന്ന ടോണി തിരക്കു കുറഞ്ഞ സ്ഥലത്തെത്തിയപ്പോൾ ആ അവസരം ഉപയോഗപ്പെടുത്തി ടോണിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. കവർച്ച നടന്ന ഉടൻ അതേ കാറിൽ തന്നെ മോഷ്ടാക്കൾ വിട്‌ലയിലേക്ക് തിരിച്ചു. പൊലീസ് അന്വേഷണം മുറുകിയപ്പോൾ മൻസൂറും നൗഷാദും മുങ്ങിയിരിക്കയാണ്. 80 കിലോഗ്രാം കഞ്ചാവുമായി കഴിഞ്ഞ ദിവസം ഗുജ്ഖറി ഹമീദിനെ പിടികൂടിയതോടെയാണ് കവർച്ചയുടെ പിന്നാമ്പുറങ്ങൾ വെളിവായത്. കഞ്ചാവ് മാഫിയ സാമ്രാജ്യം വികസിപ്പിക്കാനാണ് ഈ കവർച്ച നടത്തിയതെന്ന് പൊലീസിന് അറിവായിട്ടുണ്ട്. എന്നാൽ കളവു മതൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.