തിരുവനന്തപുരം: കോടതി ഉത്തരവിനെത്തുടർന്ന് സർക്കാർ ഏറ്റെടുത്ത തിരുവനന്തപുരം ഗോൾഫ് ക്ലബ്ബ് വീണ്ടും സ്വകാര്യലോബികളുടെ കൈയിലേക്കെന്ന് സൂചന. റിലയൻസ് ഗ്രൂപ്പിന്റെ തീയറ്റർ സമുച്ചയംവരെ വിഴുങ്ങിയ കാർണിവൽ ഗ്രൂപ്പിനാണു നിയമവിരുദ്ധമായി ഗോൾഫ് ക്ലബ്ബിലെ കാന്റീൻ നടത്താൻ അവസരം നൽകിയിരിക്കുന്നത്.

സർക്കാരിന്റേയും മന്ത്രിസഭയുടേയും അനുവാദമില്ലാതെ അവസരം നൽകിയതിനുപിന്നിൽ വൻ സാമ്പത്തിക ഇടപാടുണ്ടെന്നാണ് ആരോപണം. നിയമപരമായ ടെണ്ടർ നടപടികൾപോലും നടത്താതെ ഗോൾഫ് ക്ലബ്ബ് ഗവേണിങ് ബോഡി അംഗങ്ങൾ കാർണിവൽ ഗ്രൂപ്പിനെ ക്ഷണിച്ചത് ചർച്ചയായിട്ടുണ്ട്.

അതുപോലെ ഗോൾഫ് ക്ലബ് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള സായിക്ക് പാട്ടത്തിനു കൈമാറുമെന്ന് 2013 നവംബറിൽ യുഡിഎഫ് മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാൽ ഇന്നുവരെ സായിക്ക് സമ്പൂർണമായി കൈമാറിയിട്ടില്ലെന്നും അതുകൊണ്ട് തങ്ങൾക്ക് കൂടുതൽ കുട്ടികളെ പരിശീലിപ്പിക്കാൻ കഴിയുന്നില്ലെന്നുമാണ് സായി അധികൃതരുടെ പരാതി. സായി മുൻ ചെയർമാനായിരുന്ന സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസന്റെ നേതൃത്വത്തിലുള്ള ഗവേണിങ് ബോഡിയാണ് ഇപ്പോഴും ഗോൾഫ് ക്ലബ്ബ് ഭരിക്കുന്നത്.

കേരളത്തിലെ ഒരു റിയൽ എസ്‌റ്റേറ്റ് ഉടമയാണ് ഗവേണിങ് ബോഡിയുടെ സെക്രട്ടറി. സർക്കാർ ഏറ്റെടുത്ത ഒരു സ്ഥാപനത്തിൽ സ്വകാര്യമുതലാളിമാർ ഭരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ല. സായിയുടെ വിദ്യാർത്ഥികൾക്ക് പരിശീലിക്കാൻ അവസരം നൽകാതെ അഞ്ഞൂറോളം സ്വകാര്യവ്യക്തികളും മുതലാളിമാരുമാണ് ഇപ്പോഴും ഗോൾഫ് ക്ലബ്ബിൽ വിഹരിക്കുന്നത്.

വി എസ്. അച്യുതാനന്ദൻ സർക്കാർ ഏറ്റെടുത്ത 25.5 ഏക്കർ സ്ഥലം 33 വർഷത്തെ പാട്ടത്തിന് സായിക്ക് വിട്ടുനൽകാൻ തീരുമാനിച്ചത് യുഡിഎഫ് സർക്കാരാണ്. പക്ഷേ ക്ലബ്ബിലെ പഴയ അംഗങ്ങളെ ഒഴിപ്പിക്കാതെ അവർക്ക് ഇപ്പോഴും പൂർണ്ണസ്വാതന്ത്ര്യം അനുവദിച്ചിരിക്കുകയാണ് സർക്കാർ. ഇതിൽ ചിലരുടെ താൽപ്പര്യപ്രകാരമാണ് കാർണിവൽ ഗ്രൂപ്പിന് നിയമവിരുദ്ധമായി കാന്റീൻ നടത്തിപ്പിന് അവസരം ലഭിച്ചത്. ഇതിനുപിന്നിൽ ചീഫ്‌സെക്രട്ടറി ജിജി തോംസണ് പ്രത്യേക താൽപ്പര്യമുണ്ടായിരുന്നുവെന്ന് ചില ക്ലബ്ബ് അംഗങ്ങൾ പറയുന്നു.

തങ്ങളുടെ കേരളത്തിലെ ഏക ഗോൾഫ് അക്കാദമിയാക്കി മാറ്റാനായിരുന്നു സായിയുടെ പദ്ധതി. എന്നാൽ 18 കുട്ടികളെ മാത്രമാണ് രണ്ടുവർഷത്തിനിടെ ഇവിടെ പരിശീലിപ്പിക്കാനായതെന്ന് സായ് അധികൃതർ പറയുന്നു. കൈമാറ്റ ഉടമ്പടി പൂർത്തിയാക്കാത്തതിനാൽ ഫണ്ട് നൽകുന്നതിനും കൂടുതൽ കുട്ടികളെ പരിശീലിപ്പിക്കുന്നതിനും തടസമുണ്ടെന്നും സായി അധികൃതർ പറയുന്നു.

സായിക്ക് കൈമാറാത്തതും കാർണിവൽ ഗ്രൂപ്പിന് ഉടമ്പടികളില്ലാതെ കാന്റീൻ നൽകിയതും പുതിയ ചില നീക്കങ്ങളുടെ ഭാഗമാണെന്നാണ് ആക്ഷേപം. കോടതി വിധിയെത്തുടർന്ന് സ്വകാര്യമുതലാളിമാരുടെ കൈയിൽനിന്ന് സർക്കാർ തിരിച്ചെടുത്ത ഗോൾഫ് ക്ലബ്ബ് വീണ്ടും അവരുടെ കൈകളിലേക്ക് എത്തിക്കാനാണ് നീക്കമെന്നാണ് പ്രധാന ആരോപണം.