കൊച്ചി: പ്രമുഖ സിനിമ നിർമ്മാതാവ് മഹാ സുബൈറിനെതിരെ നഗരത്തിൽ ഗുണ്ടാ ആക്രമണം സ്വാഭാവികമായുണ്ടായതെന്ന നിഗമനത്തിൽ പൊലീസ്. സിനിമാ മേഖലയിലെ പ്രശ്‌നമൊന്നുമല്ല സംഘർഷത്തിന് കാരണം. കഞ്ചാവ് ലഹരിയിലെ ഗുണ്ടാ അക്രമണമാണ് ഇതെന്നാണ് വിലയിരുത്തൽ.

പത്തിനഞ്ചോളം വരുന്ന ഗുണ്ടാ സംഘമാണ് ആക്രമിച്ചതെന്നാണ് സൂചന. ചെവിക്ക് പിറകിൽ പൊട്ടലേറ്റതിനെ തുടർന്ന് മഹാ സുബൈറെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് തമ്മനം സ്വദേശികളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കലൂർ തമ്മനം റോഡിലുള്ള ഇടശേരി മാൻഷൻ ഹോട്ടലിൽ വച്ച് ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണമുണ്ടായത്. തമ്മനത്തെ ഗുണ്ടാ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

സുബൈർ രാത്രി ഹോട്ടലിലേക്കെത്തിയപ്പോൾ ഷൂട്ടിങിനായി കൊണ്ടുവന്ന നോ പാർക്കിങ് ബോർഡ് ഉപയോഗിച്ച് ഗുണ്ടാ സംഘം ആക്രമിക്കുകയായിരുന്നു. സംഘം രാവിലെ മുതൽ ബിയർ പാർലറിൽ ഉണ്ടായിരുന്നതായി സൂചനയുണ്ട്. ഇടയ്ക്ക് പുറത്തിറങ്ങിയപ്പോഴെല്ലാം മുന്നിൽ കണ്ടവരുമായി സംഘർഷത്തിന് ശ്രമിച്ച ഇവർ രാത്രിയാണ് ആക്രമാസക്തരായത്.

ബിയർ പാർലറിൽ നിന്നിറങ്ങി റിസപ്ഷനിലെത്തിയ ഇവരുടെ ശരീരഭാഷ കണ്ട് സുരക്ഷജീവനക്കാരൻ പ്രകാശ് തടഞ്ഞു. പ്രകാശിനെ മാരകമായി മർദ്ദിച്ചസംഘം തടയാനെത്തിയവരെ കല്ലും കമ്പിയും വടിയും ഉപയോഗിച്ച് വിരട്ടിയോടിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രകാശിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ മുതൽ ഇവിടെ ജയറാം നായകനായ ആകാശമിഠായി എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു. സമുദ്രക്കനി സംവിധാനം ചെയ്യുന്ന ചിത്രം മഹാസുബൈറാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പ്രൊഡക്ഷൻ ടീം ഇടശ്ശേരി ഹോട്ടലിലാണ് താമസിക്കുന്നത്.

സംഭവമറിയാതെ പുറത്ത് നിന്ന്, ബഹളം നടക്കുന്ന സ്ഥലത്തേക്ക് ഫോണിൽ സംസാരിച്ചുകൊണ്ട് വന്ന പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയുടെ തലയ്ക്കാണ് ആദ്യം മർദ്ദനമേറ്റത്. ഫോണിൽ പൊലീസിനെ വിളിക്കുകയാണെന്ന് കരുതിയാവണം തന്നെ മർദ്ദിച്ചതെന്ന് ബാദുഷ മറുനാടൻ മലയാളിയോട് പറഞ്ഞു. ഈ സമയത്താണ് നിർമ്മാതാവായ സുബൈർ ഹോട്ടലിൽ എത്തിയത്. കാർ പാർ്ക്ക് ചെയ്ത് ഹോട്ടലിലേക്ക് കയറിയെ മഹാ സബൈറിനെ നോ പാർക്കിംങ് ബോർഡ് ഉപയോഗിച്ചാണ് മർദ്ദിച്ചത്. തലയക്ക് പിന്നിലും ചെവിയിലും അടിയേറ്റ സുബൈർ ബോധരഹിതനായി അപ്പോൾ തന്നെ വീണു.

ഹോട്ടലിന്റെ മുറ്റത്ത് ലാൻഡ് സ്‌കേപ്പിനായി നിരത്തിയ വലിയ കല്ലുകൾ എടുത്ത് തലങ്ങും വിലങ്ങും ഗുണ്ടകൾ എറിഞ്ഞതോടെ ഇവരെ തടയാൻ കഴിയാതായി. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോളേക്കും അക്രമികൾ കടന്നുകളഞ്ഞു. മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ച സുബൈറിന്റെ വലത് ചെവിക്കും പ്രകാശിന്റെ തലയ്ക്ക് പിന്നിലും തുന്നലിട്ടു. ആക്രമികൾ 20 നും 25 നും ഇടയിൽ പ്രായമുള്ളവരാണെന്നും ബിയറിന് പുറമേ മറ്റ് ലഹരി വസ്തുക്കൾ ഇവർ ഉപയോഗിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

അക്രമികാരികളിൽ മൂന്നുപേർ തമ്മനം സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞു. നോർത്ത് എസ്.ഐ വിബിൻദാസിന്റെ നേതൃത്ത്വത്തിലാണ് അന്വേഷണം. സിറ്റി പൊലീസ് കമ്മീഷ്ണർ എംപി ദിനേശ്, സെൻട്രൽ അസി കമ്മീഷ്ണർ കെ ലാൽജി എന്നിവർ ആശുപത്രിയിലെത്തി നേരിട്ട് വിവരങ്ങൾ തിരക്കി. നടന്മാരായ ജയറാം, രണ്ജി പണിക്കർ, നിർമ്മാതാവ് സിയാദ് കോക്കർ എന്നിവരും പരിക്കേറ്റവരെ സന്ദർശിച്ചു.

അതേസമയം, ബിയർ പാർലറുകൾ കേന്ദ്രീകരിച്ച് നഗരത്തിൽ പുതിയ ക്വട്ടേഷൻ സംഘങ്ങൾ രൂപപ്പെടുന്നതായി നിരവധി പരാതിയുണ്ടായിട്ടും പൊലീസ് ഇത് മുഖവിലയ്ക്ക് എടുക്കാത്തതിനെ തുടർന്നാണ് ഇത്തരം സംഭവം ഉണ്ടായതെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. നഗരത്തിലെ ബിയർ പാർലറുകൾ കേന്ദ്രീകരിച്ച് പൊലീസ് പരിശോധനെ നടത്താത്തതാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ ഇടയാകുന്നതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

ഇടശ്ശേരി ഹോട്ടലിൽ ബാർ ഉണ്ടായിരുന്നപ്പോൾ സംഘർഷം നിത്യസംഭവമായിരുന്നെങ്കിലും, ബാർ പൂട്ടിയപ്പോൾ സംഘർഷം ഇല്ലാതായി. പിന്നീട് അടുത്തകാലത്താണ് ചെറുപ്പക്കാരുടെ സംഘങ്ങൾ കഞ്ചാവ് അടിച്ച് വെറുതെ സംഘർഷമുണ്ടാക്കുന്നത് ആരംഭിച്ചതെന്ന് ഹോട്ടലിലെ മറ്റൊരു സുരക്ഷ ജീവനക്കാരൻ മറുനാടൻ മലയാളിയോട് പറഞ്ഞു.