ലക്‌നൗ: ഗോരഖ്പൂരിലെ ബിആർഡി മെഡിക്കൽ കോളേജിൽ ഇത്രയും കുഞ്ഞുങ്ങൾ കൂട്ടത്തോടെ മരിച്ചതെങ്ങനെ എന്ന് വ്യക്തമാക്കണമെന്ന് അലഹാബാദ് ഹൈക്കോടതി ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു. കുഞ്ഞുങ്ങളുടെ മരണത്തിൽ സംസ്ഥാനസർക്കാർ എ്‌തൊക്കെയോ മറച്ചു വയക്കുന്നു എന്നാരോപിച്ച് സാമൂഹികപ്രവർത്തക നൂതൻ ഠാക്കൂർ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കോടതി വിശദീകരണം തേടിയത്.

മരണകാരണം ഉൾപ്പെടെയുള്ള വിവരങ്ങൾ ചേർത്തു സത്യവാങ്മൂലം നൽകാൻ സംസ്ഥാന സർക്കാരിനോടും സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ജനറലിനോടും കോടതി ആവശ്യപ്പെട്ടത്. സർക്കാർ സാധ്യമായതെല്ലാം ചെയ്തു എന്നും ഹർജി തള്ളണം എന്നും സർക്കാരിനു വേണ്ടി വാദിച്ച അഡ്വക്കറ്റ് ജനറൽ രാഘവേന്ദ്ര പ്രതാപ് സിങ് ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസുമാരായ വിക്രം നാഥും ദയാശങ്കർ തിവാരിയും അടങ്ങിയ ബെഞ്ച് ആവശ്യം തള്ളി.

മസ്തിഷ്‌ക ജ്വരത്തിനു ചികിൽസയിലിരുന്ന നവജാതശിശുക്കളടക്കം 71 കുരുന്നുകളാണു ഗോരഖ്പുരിലെ ബിആർഡി മെഡിക്കൽ കോളജിൽ മരിച്ചത്. ഓക്‌സിജൻ കിട്ടാതെയാണ് ഇവരിൽ പലരും മരിച്ചതെന്ന് ആക്ഷേപമുയർന്നിരുന്നു. എന്നാൽ, ഉത്തർപ്രദേശ് സർക്കാർ ഇക്കാര്യം നിഷേധിക്കുകയാണ്.

ഇന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇന്നു ഗോരഖ്പുർ സന്ദർശിക്കും. ബിആർഡി മെഡിക്കൽ കോളജ് ദുരന്തത്തിൽ മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളെ രാഹുൽ സന്ദർശിക്കും. ആശുപത്രിയും സന്ദർശിച്ചേക്കും.
ഉത്തർപ്രദേശ് സർക്കാരിന്റെ മാലിന്യമുക്ത പ്രചാരണ പരിപാടിയുടെ ഉദ്ഘാടനത്തിനാണു യോഗി ആദിത്യനാഥ് നഗരത്തിലെത്തുന്നത്. നാളെ മുതൽ 25 വരെയാണു സ്വച്ഛ് ഉത്തർപ്രദേശ് പരിപാടി.