ബംഗളൂരു: പ്രശസ്ത പത്രപ്രവർത്തക ഗൗരി ലങ്കേഷിനെ വധിച്ചതിന് പിന്നിൽ തീവ്രഹിന്ദു വാദികൾതന്നെയെന്ന് വ്യക്തമാകുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണം അന്തിമ ഘട്ടത്തിലേക്ക് എത്തുമ്പോൾ തീവ്രഹിന്ദു സംഘടനയായ സനാതൻ സൻസ്ഥയാണ് ഗൗരി ലങ്കേഷിനെ വധിച്ചതിന് പിന്നിലെന്ന സൂചനകളാണ് പുറത്തുവരുന്നത്. സനാതൻ സൻസ്ഥ പ്രവർത്തകരായ സാരംഗ് അകോൽകർ എന്ന സാരംഗ് കുൽക്കർണി, ജയ് പ്രകാശ് എന്ന അണ്ണാ, പ്രവീൺ ലിങ്കാർ എന്നിവരെയാണു പൊലീസ് തിരയുന്നത്. ഇവരുടെ വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) എൻഐഎ, സിബിഐ എന്നിവരിൽനിന്നു തേടിയിട്ടുണ്ട്. ധബോൽക്കർ വധക്കേസ് സിബിഐ ആണ് അന്വേഷിക്കുന്നത്.

ദേശീയ അന്വേഷണ ഏജൻസിയും (എൻഐ) ഇന്റർപോളും തിരയുന്ന സനാതൻ സൻസ്ഥയുടെ മൂന്ന് പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നും കൽബുർഗി, ധബോൽക്കർ വധക്കേസുകളിലും ഇവർക്കു പങ്കുണ്ടെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് ഒരുമാസത്തോളമായി കേസിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ലെന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

പൂണെ ശനിവാർപേട്ട് സ്വദേശിയാണു സാരംഗ് അകോൽകർ. മഹാരാഷ്ട്രയിലെ കോലാപുർ ഉച്ച്‌ഗോൺ സ്വദേശിയാണ് ലിങ്കാർ. ജയ് പ്രകാശ് കർണാടകയിലെ പുത്തൂരിൽ നിന്നുള്ളയാളാണ്. 2009ൽ ഗോവ മഡ്ഗാവ് സ്‌ഫോടനത്തിലെ പ്രതികളെന്നു സംശയിക്കുന്ന ഇവർക്കായി ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഇവരെ പിടികിട്ടിയിട്ടില്ല. നക്‌സലുകളാണ് ഗൗരിയുടെ കൊലയ്ക്കുപിന്നിൽ എന്ന രീതിയിൽ തുടക്കത്തിൽ പ്രചരണം നടന്നെങ്കിലും ഹിന്ദുവാദികൾ തന്നെയാണ് അക്രമികളെന്ന വാദമാണ് ഉയർന്നത്.

എം.എം.കൽബുറഗിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്നു സംശയിക്കുന്ന രുദ്ര പാട്ടീൽ, നരേന്ദ്ര ധബോൽക്കറെ കൊലപ്പെടുത്തിയതിനു പിടിയിലായ വീരേന്ദ്ര താവ്ഡെ എന്നിവരുടെ കൂട്ടാളികളാണു മൂവരും. അതിനിടെ, ഗൗരി ലങ്കേഷ് കൊല ചെയ്യപ്പെട്ട സ്ഥലത്തു നിന്നുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങൾ കൂടുതൽ വ്യക്തതയുള്ള പകർപ്പിനായി യുഎസ് ലാബിലേക്ക് അയച്ചിട്ടുണ്ട്. സെപ്റ്റംബർ അഞ്ചിനു രാത്രി എട്ടു മണിയോടെ വീടിനു മുന്നിലാണു ഗൗരിക്കു വെടിയേറ്റത്. വീട്ടിലേക്കു കയറുന്ന വഴിയിലും കാർ പോർച്ചിലുമായി സ്ഥാപിച്ച രണ്ടു സിസിടിവി ക്യാമറകളിൽനിന്ന് ഒട്ടേറെ ചിത്രങ്ങൾ ലഭിച്ചിരുന്നു. ഹെൽമറ്റ് ധരിച്ച കൊലയാളിയുടെ മുന്നിൽ നിന്നുള്ള ചിത്രവും ഇതിലുണ്ട്. ഈ ദൃശ്യങ്ങൾക്കു വ്യക്തത വരുത്തി കൂടുതൽ വലുപ്പമുള്ള ചിത്രങ്ങളാക്കാനാണു യുഎസിലെ ഡിജിറ്റൽ ലാബിലേക്ക് അയച്ചത്.